അവരുടെ മാലാഖ, നമുക്കാര്...

Friday 21 May 2021 1:16 AM IST

'ഇസ്രയേൽ ജനതയ്ക്ക് അവളൊരു മാലാഖയായിരുന്നു. നിങ്ങൾക്ക് ഈ നഷ്ടം അവിശ്വസനീയമാണെന്നറിയാം. അവൾ തീവ്രവാദ ആക്രമണത്തിന്റെ ഇരയാണ്. ഈ കുടുംബത്തിനൊപ്പം ഞങ്ങളുണ്ടാകും.' ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യയുടെ വീട്ടിലെത്തി മൃതദേഹത്തിൽ അന്തിമോപചാരമർപ്പിച്ച ശേഷം ഇസ്രയേൽ കോൺസൽ ജനറൽ ജൊനാദൻ സഡ്ക കുടുംബത്തോടായി പറഞ്ഞ വാക്കുകളാണിത്. സൗമ്യയുടെ ഏക മകൻ അഡോണിന് ഇന്ത്യയുടെയും ഇസ്രയേലിന്റെയും പതാകയടങ്ങിയ ബാഡ്ജും അദ്ദേഹം കൈമാറി. അവിടെയും തീർന്നില്ല,​ ചൊവ്വാഴ്ച ഇസ്രയേൽ പ്രസിഡന്റ് റുവെൻ റിവ്‌ലിൻ നേരിട്ട് ഫോണിൽ വിളിച്ച് സൗമ്യയുടെ കുടുംബത്തോട് അനുശോചനം അറിയിച്ചു. സൗമ്യയുടെ ഭർത്താവ് സന്തോഷിനോടാണ് ടെലിഫോണിൽ വിളിച്ച് പ്രസിഡന്റ് സംസാരിച്ചത്. സന്തോഷിനോടും മകൻ അഡോണിനോടും മറ്റ് കുടുംബാംഗങ്ങളോടും ഇസ്രയേലിലെ മുഴുവൻ ജനങ്ങളുടെയും അനുശോചനം അറിയിച്ച പ്രസിഡന്റ് കുടുംബത്തെ സംരക്ഷിക്കുമെന്ന് ഉറപ്പും നൽകി. സൗമ്യ മരിച്ച സ്ഥലം കാണണമെന്ന ആഗ്രഹം സന്തോഷ് പ്രകടിപ്പിച്ചപ്പോൾ എപ്പോൾ വേണമെങ്കിലും അതിനുള്ള സൗകര്യം ഒരുക്കാമെന്നും പ്രസിഡന്റ് അറിയിച്ചതായി കുടുംബാംഗങ്ങൾ പറഞ്ഞു. അവിടെ എത്തുമ്പോൾ നേരിൽ കാണാമെന്ന ഉറപ്പും അദ്ദേഹം നൽകി. 15 മിനിറ്റ് നീണ്ടുനിന്ന സംഭാഷണത്തിൽ ഇസ്രയേൽ കോൺസുലേറ്റ് ജനറൽ ജൊനാദൻ സഡ്കയും പങ്കാളിയായി. നയതന്ത്ര കാര്യാലയത്തിലെ മലയാളി ഉദ്യോഗസ്ഥനാണ് ഇരുവരുടെയും സംഭാഷണം തർജമ ചെയ്തതത്. സൗമ്യയുടെ മരണത്തിൽ ദുഃഖം പ്രകടിപ്പിക്കാൻ ഇസ്രയേൽ അംബാസഡർ ഡോ. റോൺ മാൽക്കയും കഴിഞ്ഞ ആഴ്ച കുടുംബവുമായി സംസാരിച്ചിരുന്നു. 'ഹമാസ് ഭീകരാക്രമണത്തിന് ഇരയായ സൗമ്യ സന്തോഷിന്റെ കുടുംബത്തോട് ഞാൻ സംസാരിച്ചു. അവരുടെ നിർഭാഗ്യകരമായ നഷ്ടത്തിൽ ഞാൻ ദുഃഖം പ്രകടിപ്പിക്കുകയും ഇസ്രയേൽ രാജ്യത്തിന് വേണ്ടി അനുശോചനം അറിയിക്കുകയും ചെയ്തു. രാജ്യം മുഴുവൻ അവളുടെ നഷ്ടത്തിൽ ദുഃഖിക്കുന്നു'- അദ്ദേഹം ട്വീറ്റ് ചെയ്തു. ഇതെല്ലാം തങ്ങളുടെ നാട്ടിൽ കൊല്ലപ്പെട്ട ഒരു യുവതിയുടെ കുടുംബത്തോട് ഇസ്രയേലെന്ന രാജ്യം കാണിക്കുന്ന കരുതലിനുള്ള ഉദാഹരണങ്ങളാണ്. ഇതെല്ലാം പറയുമ്പോൾ നമ്മുടെ സർക്കാർ സൗമ്യയോടും അവരുടെ കുടുംബത്തോടും ചെയ്തതെന്താണ്. ഇസ്രയേലിന്റെ മാലാഖ നമുക്കാരായിരുന്നു?
ഈ മാസം 11നാണ് ഭർത്താവ് സന്തോഷുമായി ഫോണിൽ സംസാരിക്കവെ ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം വീട്ടിൽ സൗമ്യ (32) റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. സൗമ്യ കെയർടേക്കറായി ജോലി ചെയ്യുന്ന ഇസ്രയേലിലെ അഷ്‌കെലോൺ നഗരത്തിലെ വീടിനു മുകളിൽ റോക്കറ്റ് പതിക്കുകയായിരുന്നു. സൗമ്യ കഴിഞ്ഞ ഏഴു വർഷമായി ഇസ്രയേലിൽ ജോലി ചെയ്തു വരികയായിരുന്നു. റോക്കറ്റ് ഷെൽട്ടർ ഉണ്ടായിരുന്നെങ്കിലും വീട്ടിൽ നിന്ന് പെട്ടെന്ന് ഓടി കൃത്യസമയത്ത് എത്തിച്ചേരാനായില്ല. അന്ന് വൈകിട്ടോടെ തന്നെ സൗമ്യ മരിച്ചതായി ബന്ധുക്കൾക്ക് അറിയിപ്പ് കിട്ടി. കേന്ദ്രമന്ത്രി വി. മുരളീധരന്റെയും ഡീൻ കുര്യാക്കോസ് എം.പിയുടെയും ഇടപെടലിന്റെ ഭാഗമായി സൗമ്യയുടെ മൃതദേഹം 14ന് പ്രത്യേകം ക്രമീകരിച്ച വിമാനത്തിൽ ഇന്ത്യയിലേക്ക് അയച്ച് അടുത്ത ദിവസം നാട്ടിലെത്തിയിരുന്നു. ഡൽഹിയിൽ എത്തിച്ച മൃതദേഹം കേന്ദ്രമന്ത്രി വി. മുരളീധരനായിരുന്നു ഏറ്റുവാങ്ങിയത്. എന്നാൽ നെടുമ്പാശേരിയിലെത്തിയ സൗമ്യയുടെ മൃതശരീരം ഏറ്റുവാങ്ങാൻ സംസ്ഥാന സർക്കാർ പ്രതിനിധികളാരും തന്നെ എത്തിയിരുന്നില്ല. അതു മാത്രമല്ല ഞായറാഴ്ച ഇടുക്കി കീരിത്തോട്ടിലെ വീട്ടിൽ നടന്ന സംസ്കാര ചടങ്ങിൽ പോലും മന്ത്രിമാരോ എം.എൽ.എമാരോ പങ്കെടുത്തില്ല. ജില്ലാ കളക്ടർ എച്ച്. ദിനേശൻ മാത്രമാണ് ഗവർണറെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുത്തത്. ഇസ്രായേൽ കോൺസുൽ ജനറൽ ജൊനാദൻ സെഡ്ക നേരിട്ടെത്തിയപ്പോഴാണിത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് ആരുമെത്താതെന്താണെന്ന് സൗമ്യയുടെ ബന്ധുക്കളോട് ഇസ്രയേൽ പ്രതിനിധികൾ ചോദിച്ചതായാണ് വിവരം. സൗമ്യയുടെ നിർധന കുടുംബത്തിന് സംസ്ഥാന- കേന്ദ്ര സർക്കാരുകളുടെ ഭാഗത്ത് നിന്ന് ധനസഹായമൊന്നും ഇതുവരെ പ്രഖ്യാപിച്ചില്ലെന്നതും ഓർക്കണം. സൗമ്യയുടെ കുടുംബത്തോട് കാണിച്ച അവഗണനയിൽ ബി.ജെ.പിയും മുൻ എം.എൽ.എ പി.സി. ജോർജും പ്രതിഷേധിച്ചിരുന്നു. ഇസ്രയേൽ കാണിച്ച സ്‌നേഹം പോലും കേരള സർക്കാർ കാണിച്ചില്ലെന്ന് സൗമ്യയുടെ കുടുംബത്തിന് പരാതിയുണ്ട്. മതിയായ പരിഗണന ഇനിയെങ്കിലും തങ്ങൾക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അവർ പറയുന്നു. മരണവിവരം അറിഞ്ഞ് എം.എം. മണിയും മന്ത്രി റോഷി അഗസ്റ്റിനും സൗമ്യയുടെ വീട് സന്ദർശിച്ച് കുടുംബത്തെ അനുശോചനമറിയിച്ചിരുന്നു. എങ്കിലും ഒരു അന്യരാജ്യം നമ്മുടെ ഒരു പൗരന്റെ മൃതദേഹത്തോടും കുടുംബത്തോടും കാണിക്കുന്ന ആദരവിന്റെയും ബഹുമാനത്തിന്റെയും നാലിലൊന്ന് പോലും നമ്മുടെ സർക്കാരുകൾക്ക് പ്രകടിപ്പിക്കാൻ കഴിയാതെ പോകുന്നത് എന്തുകൊണ്ടാകുമെന്ന് ചിന്തിക്കേണ്ടതാണ്.

Advertisement
Advertisement