ഷട്ടറുകൾ തുറന്നെങ്കിലും നീരൊഴുക്കിന് തടസം

Saturday 22 May 2021 12:00 AM IST

കുമരകം: കിഴക്കൻ വെള്ളത്തിന്റെ വരവും മഴയും കുറഞ്ഞെങ്കിലും, തണ്ണീർമുക്കം ബണ്ടിൽ തടഞ്ഞ് കിടക്കുന്ന പുൽകൂട്ടങ്ങൾ കാരണം ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങാൻ വൈകുന്നു. വേമ്പനാട്ട് കായലിലും അനുബന്ധ തോടുകളിലും വളർന്ന് കിടന്നിരുന്ന പുല്ലിൻ കൂട്ടങ്ങളും ജർമ്മൻ പോളയും ബണ്ടിന്റെ ഷട്ടറുകൾ തുറന്നതോടെ കൂട്ടത്തോടെ ഒഴുകിയെത്തുകയായിരുന്നു. ബണ്ടിന്റെ ഒന്നാം ഘട്ടമായ തണ്ണീർമുക്കം ഭാഗത്തുള്ള 31 ഷട്ടറുകളുടെ അടിയിൽ കൂടിയുള്ള ജലപ്രവാഹം ഇത് മൂലം തടസ്സപ്പെട്ടു. ഇതൊടൊപ്പം ബണ്ടിന്റെ മദ്ധ്യഭാഗത്തുള്ള പുതിയ 28 ഷട്ടറുകൾ ഉൾപ്പെടുന്ന മൂന്നാം ഘട്ടത്തിലൂടെയും ഉള്ള ഒഴുക്കും മന്ദഗതിയിലാണ്. നിർമ്മാണം പൂത്തിയായിട്ട് മൂന്ന് വർഷം പിന്നിട്ടെങ്കിലും മുൻപ് ഗതാഗതത്തിന് ഉപയോഗിച്ചിരുന്ന മുട്ട് പൂർണ്ണമായും നീക്കം ചെയ്യാത്തതാണ് ഇതിന് കാരണം. നാല് മീറ്റർ ഉയരമുള്ള മൺചിറയുടെ പകുതിപോലും ഇതുവരെ നീക്കം ചെയ്തിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിച്ചു. മൂന്ന് വർഷം മുൻപ് ആലപ്പുഴ കലക്ട്രേറ്റിൽ കൂടിയ ദുരിത നിവാരണ സമിതിയുടെ യോഗത്തിൽ മൺചിറ പൊളിച്ച് മാറ്റാൻ തീരുമാനമെടുത്തിരുന്നെങ്കിലും മണ്ണിന്റെ അവകാശ തർക്കത്തെ തുടർന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു.

'അടിഞ്ഞുകൂടിയ പുൽക്കെട്ടും മദ്ധ്യഭാഗത്തെ മൺച്ചിറയും പൂർണ്ണമായും നീക്കം ചെയ്തില്ലെങ്കിൽ കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും ജനങ്ങൾക്ക് വെള്ളപ്പൊക്കത്തിന്റെ ദുരിതം ഒഴിയാബാധയായി നിലനിൽക്കും.

- നാണുക്കുട്ടൻ, കുമരകം

Advertisement
Advertisement