വീണ്ടും ഓൺലൈൻ ക്ളാസ്

Saturday 22 May 2021 12:00 AM IST

കോട്ടയം: വീണ്ടും ഓൺലൈൻ ക്ളാസിന് തുടക്കമാകുന്നു. കഴിഞ്ഞ വർഷം ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികൾ അദ്ധ്യാപകരെയോ കൂട്ടുകാരെയോ നേരിട്ട് കാണാതെയും ക്ലാസ് മുറിയിൽ ഒന്നിച്ചിരിക്കാതെയാണ് ഇക്കുറി രണ്ടാം ക്ലാസിലേക്ക് കടക്കുന്നത്.

വിക്ടേഴ്‌സ് ചാനലിൽ കണ്ടുകൊണ്ടിരുന്നവരാണ് പല കുട്ടിമനസുകളിലും പതിഞ്ഞിരിക്കുന്ന അദ്ധ്യാപകർ. പ്രവേശനോത്സവമോ ആഘോഷങ്ങളോ ഇല്ലാതെ രണ്ടാം വർഷത്തിലേയ്ക്ക് കടക്കുന്ന കുട്ടികളെ ഇനിയും കാണാനാവാത്ത വിഷമം അദ്ധ്യാപകർക്കുമുണ്ട്. പലരുടെയും പഠന നിലവാരം പലതായിരിക്കുമെന്നതിനാൽ ചെറിയ ക്ലാസുകളിൽ തന്നെ ശ്രദ്ധ വേണ്ടവരെ കണ്ടെത്താൻ കഴിയാതെ പോകുന്നത് പ്രശ്‌നമാണെന്ന് അദ്ധ്യാപകർ പറയുന്നു. ക്ലാസിൽ ഒന്നിച്ചിരിക്കാത്തതിനാൽ കുട്ടികൾ എത്രത്തോളം പഠിച്ചുവെന്നത് മനസിലാക്കാനും വയ്യ.

പുതിയ ക്ലാസുകളിലേയ്ക്ക് മാറുന്ന കുട്ടികളെ അതതു ക്ലാസ് ടീച്ചർമാർ അടുത്ത ആഴ്ച മുതൽ ഫോണിലൂടെ ബന്ധപ്പെട്ട് ഇതുവരെയുള്ള ഓൺലൈൻ പഠനത്തെക്കുറിച്ച് അവലോകനം നടത്തും. ഓൺലൈൻ ക്ലാസിലെ വീഴ്ചകൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ കുട്ടികളെ ബോദ്ധ്യപ്പെടുത്തും.

 പ്രവേശനം തുടങ്ങി

ലോക്ക്ഡൗൺ സാഹചര്യത്തിൽ ഓൺലൈനായി ആപേക്ഷ നൽകി പുതിയ അദ്ധ്യയന വർഷത്തിലേക്ക് പ്രവേശിക്കാം. ഓൺലൈൻ സൗകര്യമില്ലാത്തവർക്ക് സ്‌കൂളുകളുമായി ഫോണിൽ ബന്ധപ്പെട്ടും പ്രവേശനം തേടാം. ലോക്ക്ഡൗൺ പിൻവലിച്ച ശേഷം രക്ഷിതാക്കൾക്ക് സ്‌കൂളുകളിൽ നേരിട്ട് പ്രവേശന അപേക്ഷ നൽകുകയും ചെയ്യാം. ട്രാൻസ്ഫർ സർടിഫിക്കറ്റിനുള്ള അപേക്ഷയും ഓൺലൈൻ ആയി നൽകാം. അഡ്മിഷൻ സമയത്ത് ഏതെങ്കിലും രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിലും താൽക്കാലിക പ്രവേശനം അനുവദിക്കും.

 അപേക്ഷ നൽകാൻ 'സമ്പൂർണ' പോർട്ടൽ

സമ്പൂർണ പോർട്ടലിലൂടെയാണ് ഓൺലൈൻ അപേക്ഷ നൽകേണ്ടത്. sampoorna.kite.kerala.gov.in എന്ന സൈറ്റിൽ വിവരങ്ങൾ രേഖപ്പെടുത്തമ്പോൾ ആധാർ നമ്പർ ഉള്ളവർക്ക് അത് രേഖപ്പെടുത്താം.

'' അഡ്മിഷൻ പുരോഗമിക്കുകയാണ്. പുസ്തക വിതരണം ജൂൺ പതിനഞ്ചിനുള്ളിൽ പൂർത്തിയാകും. പൊതുവിദ്യാലയങ്ങൾ ഹൈടെക് ആയതിനാൽ കൂടുതൽ കുട്ടികളെത്തുമെന്നാണ് പ്രതീക്ഷ''

-കെ.ജെ.പ്രസാദ്,​ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

Advertisement
Advertisement