ലാബ് ടെക്നീഷ്യന്മാർക്ക് ഇരട്ടി ജോലി

Saturday 22 May 2021 12:13 AM IST

ഒരു ലാബ് ടെക്നീഷന് 30 ടെസ്റ്റുകൾ വരെ നടത്തേണ്ടിവരുന്നു

ചില ലാബുകൾ താത്ക്കാലികമായി അടച്ചിടേണ്ടിവരുന്നു

വിലയേറിയ മെഷീനുകൾ പ്രവർത്തിപ്പിക്കാനാകുന്നില്ല

കണ്ണൂർ: ജീവനക്കാരുടെ കുറവും പുതിയ തസ്തികയില്ലാത്തതും ലാബ് ടെക്നീഷ്യന്മാരുടെ ജോലി ഭാരം ഇരട്ടിയാക്കുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിൽ പി.എസ്.സി ലിസ്റ്റിൽ ഇടം നേടി കാത്തിരിക്കുന്ന നിരവധി ഉദ്യോഗാർത്ഥികളുണ്ട്. എന്നാൽ ഇവരെ നിയമിക്കാൻ മതിയായ തസ്തികകൾ ഇല്ല. നിലവിൽ താൽക്കാലിക ജീവനക്കാരെ കുറഞ്ഞ ശമ്പളത്തിന് നിയമിച്ചാണ് പല സർക്കാർ ആശുപത്രികളിലെയും ലാബ് പ്രവർത്തനം മുന്നോട്ടുപോകുന്നത്.

സർക്കാർ ലാബുകളിൽ വലിയ മെഷീനറികൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളുമുണ്ട്. ചിലവേറിയ ടെസ്റ്റുകൾ വരെ പാവപ്പെട്ട രോഗികൾക്ക് കുറഞ്ഞ ചെലവിൽ ഇവിടെ നിന്നും ചെയ്യാനുള്ള അവസരമുണ്ട്. എന്നാൽ ഇത്തരം സർക്കാർ ലാബുകളിൽ മതിയായ ജീവനക്കാരില്ലെന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നേരത്തെ നിയമനം ലഭിച്ചവർ വിദേശത്തും മറ്റും നല്ല ജോലി ലഭിക്കുമ്പോൾ രാജിവെച്ച് പോകുകയാണ്. അതോടെ ലാബിന്റെ പ്രവർത്തനവും താളം തെറ്റുന്നു. ലാബ് ടെക്നീഷ്യന്മാരുടെ എണ്ണക്കുറവ് മൂലം ചില ലാബുകൾ താത്ക്കാലികമായി അടച്ചിടേണ്ട സാഹചര്യവുമുണ്ട്. വലിയ വിലയുള്ള മെഷീനുകൾ പ്രവർത്തനരഹിതമാകുന്ന സ്ഥിതിയും ഇതുമൂലമുണ്ട്.

ജീവനകാരുടെ എണ്ണക്കുറവ് മൂലം നിലവിൽ ടെക്നീഷ്യൻമാർ കൈകാര്യം ചെയ്യുന്നത് ഇരട്ടിയിലധികമാണ്. അതീവ ശ്രദ്ധയോടെ ചെയ്യേണ്ട പല ടെസ്റ്റുകൾ പോലും വേഗത്തിൽ നടത്തേണ്ടിവരുന്നത് നിലവാരം ഇല്ലാതാക്കുന്നു

കാസർകോട്ട് നിയമനം കാത്ത് 30 പേർ

കാസർകോട് ജില്ലയിൽ 30 ഓളം പേർ പി.എസ്.സി ലിസ്റ്റിൽ ഇടം നേടി നിയമനത്തിന് കാത്തിരിക്കുന്നു. കണ്ണൂരും സമാനമാണ് അവസ്ഥ. ആർദ്രം പദ്ധതിയുടെ ഭാഗമായി സി.എച്ച്.സികളാക്കിയ പാണത്തൂർ, നർക്കിലക്കാട്, ചിറ്റാരിക്കാൽ തുടങ്ങിയ ആശുപത്രികളിൽ ലാബ് ടെക്നീഷൻ തസ്തിക സൃഷ്ടിച്ചിട്ടില്ല. തലശ്ശേരി ജനറൽ ആശുപത്രിയിൽ 12 ഓളം ലാബ് ടെക്നീഷൻ തസ്തികകളുള്ളപ്പോൾ കാസർകോട്ട് വെറും നാലെണ്ണം മാത്രമാണുളള്ളത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ജനറൽ ആശുപ ത്രിയിൽ 18 മുതൽ 20 ഓളം പേർ ആവശ്യമുണ്ട്. നാല് ജീവനക്കാർക്ക് പുറമെ ബാക്കിയുള്ളവർ താത്കാലിക ജീവനക്കാരാണ്. ആശുപത്രി എച്ച്.എം.സി വഴി അഞ്ചു പേർ, എൻ.എച്ച്.എം വഴി നാലു പേർ എന്നിങ്ങനെയാണ് നിയമനം. കൂടുതൽ കേസുകൾ വരുന്ന സാഹചര്യത്തിൽ ഇവരുടെ ജോലി ഭാരം ഇരട്ടിയാകും. കണ്ണൂർ ജില്ലാ ആശുപത്രിയിലും താത്കാലിക ജീവനക്കാരാണ് കൂടുതൽ.

Advertisement
Advertisement