'പിണറായി വിജയൻ CM calling...'; മോഹൻലാൽ പറഞ്ഞത് ശരിതന്നെ, മുഖ്യമന്ത്രിയുടെ സിനിമാനടനായ ആ പ്രിയസുഹൃത്ത് ഇതാണ്
മുഖ്യമന്ത്രി പിണറായി വിജയന്റെ ആരും പ്രതീക്ഷിക്കാത്ത തരത്തിലുള്ള സൗഹൃദങ്ങളെ കുറിച്ച് പറഞ്ഞത് മലയാളത്തിന്റെ സൂപ്പർതാരമായ നടൻ മോഹൻലാലാണ്. 'വിജയനാ, എന്തൊക്കെയുണ്ടടോ...'- എന്നുള്ള അടുപ്പം കാണിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഈ സൗഹൃദങ്ങൾ നിലനിർത്തുന്നതെന്നും ഒരു മലയാള വാർത്താ മാദ്ധ്യമത്തിൽ എഴുതിയ കുറിപ്പിലൂടെ മോഹൻലാൽ പറഞ്ഞിരുന്നു.
രാഷ്ട്രീയമോ വലിയ സ്വാധീനമോ ഇല്ലാത്ത ഇവരുമായി എങ്ങനെയാണ് സൗഹൃദങ്ങൾ ഉണ്ടായി വന്നതെന്നും അവയെല്ലാം എങ്ങനെ അദ്ദേഹം ഇത്രയും നാൾ നിലനിലർത്തുന്നു എന്നും നടൻ അത്ഭുതം കൊള്ളുന്നുമുണ്ട്.
ഇതേക്കുറിച്ച് മുഖ്യമന്ത്രിയോട് ചോദിക്കണമെന്ന് താൻ ചിന്തിച്ചിട്ടുള്ള കാര്യവും മോഹൻലാൽ പറഞ്ഞു. കേരളത്തിന് അകത്തുംപുറത്തുമായുള്ള ഇത്തരം സൗഹൃദങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന് പോസിറ്റീവ് ഫീൽ നൽകുന്നുണ്ടാകാമെന്നും സൗഹൃദങ്ങളുടെ കാര്യത്തിൽ ഇത്രത്തോളം സൂക്ഷ്മത പുലർത്തുന്ന ഒരാളെ താൻ വേറെ കണ്ടിട്ടില്ലെന്നും നടൻ പറയുന്നു.
എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സൗഹൃദങ്ങളെ കുറിച്ച് മോഹൻലാൽ പറഞ്ഞ കാര്യങ്ങൾ ശരിവച്ചുകൊണ്ട് 'ഒരു താത്വിക അവലോകനം' എന്ന ചിത്രത്തിന്റെ സംവിധായകനായ അഖിൽ മാരാർ ഇപ്പോൾ രംഗത്തുവന്നിരിക്കുകയാണ്.
ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന, സിനിമാ-സീരിയൽ നടനായ ജയകൃഷ്ണനാണ് മുഖ്യമന്ത്രിയുടെ ഇത്തരത്തിലുള്ള സുഹൃത്തുക്കളിൽ ഒരാൾ എന്നാണ് സംവിധായകൻ തന്റെ സോഷ്യൽ മീഡിയാ പോസ്റ്റിലൂടെ വെളിപ്പെടുത്തുന്നത്.
ഈ സുഹൃത്ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോൾ താൻ ഞെട്ടിയെന്നും ആ സൗഹൃദത്തിന്റെ ആഴം താൻ മനസിലാക്കിയെന്നും സംവിധായകൻ പറയുന്നു. 'ഒരു താത്വിക അവലോകന'ത്തിന്റെ സെറ്റിലായിരുന്നപ്പോൾ മുഖ്യമന്ത്രി ജയകൃഷ്ണന്റെ മൊബൈലിലേക്ക് തുടർച്ചയായി വിളിച്ച കാര്യവും ഇരുവരും എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയസാദ്ധ്യതകളെകുറിച്ച് സംസാരിച്ച കാര്യവും അഖിൽ മാരാർ തന്റെ കുറിപ്പിലൂടെ പറയുന്നുണ്ട്.
സംവിധായകന്റെ കുറിപ്പ് ചുവടെ:
'ലാലേട്ടൻ ഈ പറഞ്ഞ പിണറായി സഖാവിന്റെ അടുത്ത ഒരു സുഹൃത്തു എനിക്ക് ജേഷ്ഠനാണ്...മറ്റാരുമല്ല ഞങ്ങളുടെ ജയേട്ടൻ നിങ്ങളുടെ നടൻ ജയകൃഷ്ണൻ ഷൂട്ട് സമയം ജയേട്ടന്റെ ഫോണ് എന്റെ കൈയിലാണ്..അതിൽ ഒരു കാൾ വരുന്നു..ആദ്യം ബെൽ അടിച്ചു നിന്നപ്പോൾ ഞാൻ ശ്രദ്ധിച്ചില്ല..രണ്ടാമതും ബെല്ലടിച്ചപ്പോൾ അത്യാവശ്യം ഉള്ള ആരെങ്കിലും ആയിരിക്കും എന്ന് കരുതി ഞാൻ ഫോണിൽ പേര് നോക്കി.. പേര് വായിച്ചു ഞാൻ ഞെട്ടി.. പിണറായി വിജയൻ CM calling..
തുടർച്ചയായി 2 തവണ പിണറായി വിജയനെ പോലൊരു മനുഷ്യൻ വിളിക്കുന്നോ...ഞാനിത് സെറ്റിൽ മറ്റൊരു നടനോട് പറഞ്ഞപ്പോൾ അദ്ദേഹം തമാശ ആയി അതിപ്പോ ആരുടെ നമ്പർ വേണമെങ്കിലും അങ്ങനെ സേവ് ചെയ്യാമല്ലോ എന്ന് പറഞ്ഞു.. എന്നാൽ പിന്നീടാണ് ഞാൻ ഇവരുടെ സൗഹൃദത്തിന്റെ ആഴം കൂടുതൽ അറിയുന്നത്..ഈ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഞാൻ ജയേട്ടന്റെ വീട്ടിൽ ആണ്.. ഏതാണ്ട് 11 മണി ആയപ്പോൾ ജയേട്ടൻ സഖാവിനെ വിളിച്ചു.. അദ്ദേഹം എടുത്തില്ല.. 5 മിനിറ്റിനുള്ളിൽ തിരികെ വിളി വന്നു.. ജയാ...ചെയ്തു തന്ന സഹായങ്ങൾക്ക് ഒരായിരം നന്ദി...
പിണറായി സഖാവിന്റെ ശബ്ദം ഫോണിൽ മുഴങ്ങുമ്പോൾ എനിക്കത് വെക്തമായി കേൾക്കാം... ജയേട്ടൻ കളി കൂട്ടുകാരോട് എന്ന പോലെ വിജയേട്ടാ നമ്മൾ 100 അടിക്കും... ആ സമയം 90 സീറ്റിൽ ആണ് LDF മുന്നേറ്റം..
എന്തായാലും ഇവർക്കിടയിൽ ഉള്ള ബന്ധം എന്നെ അത്ഭുതപെടുത്തുന്നതാണ്.. ഇന്ന് സത്യ പ്രതിജ്ഞയ്ക്ക് മുൻ നിരയിൽ ജയേട്ടനും പിണറായി യുടെ ഏറ്റവും വേണ്ടപ്പെട്ടവരിൽ ഒരാളായി ഉണ്ടായിരുന്നു.. മകളുടെ കല്യാണത്തിന് ജയേട്ടൻ പങ്കെടുത്തില്ല എങ്കിലും ക്ഷണിക്കപ്പെട്ട ചുരുക്കം ചിലരിൽ ജയേട്ടനും ഉണ്ടായിരുന്നു.. ലാലേട്ടന്റെ ഈ എഴുത്തു കണ്ടപ്പോൾ എനിക്ക് ഓർമ വന്നതും സഖാവിന്റെയും ജയേട്ടന്റെയും ആത്മ സൗഹൃദമാണ്...'
content details: director akhil marar about cm pinarayi vijayans friendship with actor jayakrishnan says mohanlals words were true.