വാക്സിനുമെടുക്കാം റഷ്യയും കാണാം: ടൂർ പാക്കേജുമായി ട്രാവൽ കമ്പനികൾ

Saturday 22 May 2021 12:09 AM IST

ന്യൂഡൽഹി: ഇന്ത്യയിൽ വാക്സിൻ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ രണ്ട് ഡോസ് സ്‌പുട്നിക് വി വാക്സിനുമെടുത്ത് റഷ്യയിൽ കറങ്ങി മടങ്ങാനുള്ള ടൂർ പാക്കേജുമായി വിവിധ ടൂറിസം കമ്പനികൾ രംഗത്ത്. ഡൽഹി-മോസ്കോ-ഡൽഹി വിമാന ടിക്കറ്റ്, 3 സ്റ്റാർ ഹോട്ടലിലെ താമസം, ഭക്ഷണ ചെലവുകൾ സഹിതമാണ് പാക്കേജുകൾ.

രണ്ട് വാക്സിൻ ഇടവേളകളിൽ 25 ദിവസം മോസ്കോയിലും സെന്റ്പീറ്റേഴ്സ് ബർഗിലും തങ്ങി കറങ്ങാനുള്ള 1.29ലക്ഷം രൂപയുടെ പാക്കേജുമായി ദുബായ് ആസ്ഥാനമായുള്ള കമ്പനി രംഗത്തുണ്ട്. പാക്കേജിൽ യാത്രാ, ഭക്ഷണ, വാക്സിൻ ഡോസ് ചെലവുകളും മോസ്കോയിലും സെന്റ്പീറ്റേഴ്സ് ബർഗിലും കാഴ്ചകൾ കാണാനുള്ള ടിക്കറ്റുകളും ഉൾപ്പെടും. വിസാ ചെലവിനുള്ള 10,000 രൂപ ഇതിന് പുറമെ നൽകണം. 28 പേരുമായി മേയ് 29ന് ആദ്യ ബാച്ച് യാത്ര തിരിക്കും. ജൂൺ7, 15 തിയതികളിലാണ് ഇനിയുള്ള ട്രിപ്പ്. ഒരു ട്രിപ്പിൽ 30 യാത്രക്കാരെയാണ് കൊണ്ടുപോകുകയെന്നും ട്രാവൽ കമ്പനി പറയുന്നു.

ഒരു ഡോസ് എടുത്ത ശേഷം ഇന്ത്യയിലേക്ക് മടങ്ങി പിന്നീട് രണ്ടാം ഡോസിന് വേണ്ടി പോകാനും, ഒരു ഡോസ് മാത്രം എടുത്ത് രണ്ടോ മൂന്നു ദിവസം കൊണ്ട് റഷ്യ കണ്ട് മടങ്ങുന്ന പാക്കേജും വിവിധ കമ്പനികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. പരമാവധി ഒന്നര ലക്ഷം രൂപവരെ ചെലവാകുന്ന പാക്കേജുകളാണിവ.

നിലവിൽ പല രാജ്യങ്ങളിലും ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് വിലക്കുണ്ടെങ്കിലും റഷ്യയിലേക്ക് യാത്ര ചെയ്യാമെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രാവൽ ഏജൻസികൾ പാക്കേജ് ആവിഷ്കരിക്കുന്നത്. എന്നാൽ പാക്കേജുകൾക്ക് പണം നൽകുന്നതിന് മുമ്പ് വിസാ നിയന്ത്രണങ്ങൾ, വിമാനങ്ങളുടെ ലഭ്യത തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കണമെന്ന് മേഖലയിലെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

യൂറോപ്പിലെ സാൻ മറീനോ റിപ്പബ്ളിക്കാണ് കൊവിഡ് മൂലം തകർന്ന ടൂറിസം വ്യവസായത്തെ പ്രോത്സാഹിപ്പിക്കാൻ വാക്സിൻ പാക്കേജ് ആദ്യം പ്രഖ്യാപിച്ചത്. റഷ്യയ്ക്ക് പുറമെ യു.എസിലെ ചില സംസ്ഥാനങ്ങളും മാലി ദ്വീപും സമാനമായ പാക്കേജുകളുമായി രംഗത്തുണ്ട്.

Advertisement
Advertisement