കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന

Saturday 22 May 2021 1:20 AM IST

തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന. ദിവസങ്ങൾക്ക് ശേഷം ഇന്നലെ രോഗികളുടെ എണ്ണം നാലായിരം കടന്നു. 4,​151 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്നലെ ഏറ്റവുമധികം രോഗം റിപ്പോർട്ട് ചെയ്തതും ജില്ലയിലാണ്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിൽ താഴെയായി തുടരുന്നത് ആശ്വാസം തരുന്നുണ്ട്. 23.1 ശതമാനമാണ് ഇന്നലെ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. എങ്കിലും സംസ്ഥാന ശരാശരിയേക്കാൾ ഉയർന്ന ടി.പി.ആറാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. 22.22 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്ര് പോസിറ്രിവിറ്രി നിരക്ക്. ടെസ്റ്ര് പോസിറ്റിവിറ്റി നിരക്കിൽ കുറവ് വന്നിട്ടുള്ളതിനാൽ ഇന്ന് രാവിലെ മുതൽ ജില്ലയിലെ ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരും. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 3,836 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ 10 പേർ ആരോഗ്യ പ്രവർത്തകരാണ്. 4,584 പേർ രോഗമുക്തി നേടി. 21,963 പേരാണ് രോഗം സ്ഥിരീകരിച്ച് നിലവിൽ ചികിത്സയിൽ കഴിയുന്നത്. പുതുതായി 5,715 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 91,404 ആയി. 6,737 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.

 കൊവിഡ് ഇന്നലെ

രോഗികൾ - 4,151

സമ്പർക്ക രോഗികൾ - 3,836

രോഗമുക്തി - 4,584

ആകെ രോഗികൾ - 21,963
നിരീക്ഷണത്തിലുള്ളവർ - 91,404

Advertisement
Advertisement