കൃഷിയിടങ്ങളിൽ കർഷക വിലാപം

Saturday 22 May 2021 1:22 AM IST

കോവളം: കൊവിഡിന്റെ രണ്ടാം തരംഗവും ലോക്ക് ഡൗണും തീർത്ത ആഘാതത്തിൽ പച്ചക്കറികൾക്ക് വിപണി കണ്ടെത്താനാകാതെ കർഷകർ ദുരിതത്തിൽ. ലോക്ക് ഡൗണിന് പുറമേ പല പ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോണുകളായതിനാൽ പച്ചക്കറികൾ കൊണ്ടുപോയി വിൽക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിൽ കൃഷിയിടങ്ങളിൽ വെള്ളം നിറഞ്ഞതും കർഷകർക്ക് തിരിച്ചടിയായി. ജില്ലയിലെ പ്രധാന കാർഷിക ഗ്രാമങ്ങളായ വെങ്ങാനൂർ, മുട്ടയ്ക്കാട്, കല്ലിയൂർ, ബാലരാമപുരം തലയൽ, കോട്ടുകാൽകോണം, അന്തിയൂർ, പള്ളിച്ചൽ, നേമം, എന്നിവിടങ്ങളിലും ഏറെ കൃഷിനാശമുണ്ടായി.

കല്ലിയൂർ മേഖലയിൽ പാവൽ, പടവലം,വാഴ, പയർ, ചീര എന്നിവയാണ് വ്യാപകമായി കൃഷി ചെയ്‌തിരുന്നത്. കഴിഞ്ഞ വർഷത്തെക്കാൾ മെച്ചപ്പെട്ട വിളവ് ഇക്കുറി ഉണ്ടായിരുന്നു. എന്നാൽ വിപണിയിലെത്തിക്കാൻ മാർഗമില്ലാതെ കർഷകർ പ്രതിസന്ധിയിലായി. ഹോർട്ടി കോർപ്പും കൃഷിഭവനുകളും തദ്ദേശ സ്ഥാപനങ്ങളും അടിയന്തര നടപടിയെടുക്കണമെന്നാണ് കർഷകരുടെ ആവശ്യം. കൃഷിഭവനുകളുടെ സഹകരണത്തോടെ വിവിധ ധനകാര്യസ്ഥാപനങ്ങളിൽ നിന്നും ലോണെടുത്താണ് ഏക്കർ കണക്കിന് സ്ഥലത്ത് വിവിധയിനം പച്ചക്കറികൾ കൃഷിചെയ്‌തിരുന്നത്. വിളവെടുത്ത പച്ചക്കറികൾ കർഷകർ വീട്ടുമുറ്റത്ത് കൂട്ടിയിരിക്കുകയാണ്.

പ്രതിസന്ധിക്ക് കാരണം

-------------------------------------------------

 ലോക്ക് ഡൗൺ നിയന്ത്റണം

 ശക്തമായ കാറ്റും മഴയും

 കണ്ടെയ്ൻമെന്റ് സോണുകൾ

 പച്ചക്കറിക്കടകൾ തുറക്കുന്നില്ല

 ഗതാഗത സൗകര്യമില്ല

 രണ്ടുകോടിയിലധികം രൂപയുടെ കൃഷിനാശം

 മുട്ടയ്ക്കാട് / പനങ്ങോട് മേഖലയിൽ 1200 വാഴകൾ നശിച്ചു

കൃഷി ചെയ്യുന്ന

പച്ചക്കറികളുടെ വില

------------------------------

തക്കാളി - 40

പച്ചമുളക് - 60

വെണ്ട - 65

വെള്ളരി - 65

പടവലം - 65

മത്തങ്ങ -35

ചേന - 40

പ്രതികരണം

------------------------------

വിളവെടുപ്പ് കഴിഞ്ഞാൽ കൃഷിയിടങ്ങളിൽ നിന്നുതന്നെ നല്ല വില്പന നടക്കാറുണ്ടായിരുന്നു. എന്നാൽ കൊവിഡ് ഭീതിമൂലം ആളുകൾ പുറത്തിറങ്ങാത്തതിനാൽ പച്ചക്കറികൾ വിറ്റഴിക്കാൻ കഴിയാത്ത സ്ഥിതിയാണ്.

ദാമോദരൻ കോളിയൂർ - ജൈവ കർഷകൻ

( റിട്ട. കെ.എസ്.ബി ഉദ്യോഗസ്ഥൻ )

Advertisement
Advertisement