മഴയൊന്ന് നനയാൻ കൊതിച്ച് കുടവിപണി

Saturday 22 May 2021 2:25 AM IST

 കുടവിപണിയെ കുഴപ്പത്തിലാക്കി ലോക്ക്ഡൗൺ

ആലപ്പുഴ: ലോക്ക് ഡൗൺ ഇളവുകൾ ലഭിച്ചിട്ടില്ലാത്തതിനാൽ മഴ കനത്തിട്ടും നിവരാനാവാത്ത അവസ്ഥയിലാണ് സംസ്ഥാനത്തെ കുട വ്യവസായം. പ്രധാന കുട നിർമ്മാതാക്കൾ മാത്രമല്ല, കുടിൽ വ്യവസായമായി ഈ മേഖലയിൽ ഉപജീവനം കണ്ടെത്തുന്ന നൂറുകണക്കിന് ആളുകളുടെ ജീവിതവും ഇതോടെ പ്രതിസന്ധിയിലായി.

കുട വ്യവസായത്തിന്റെ ഈറ്റില്ലമായ ആലപ്പുഴ നഗരത്തിൽ തന്നെയാണ് നിരവധി കുടുംബങ്ങൾ കുടിൽ വ്യവസായം കണക്കെ നിർമ്മാണത്തിൽ പങ്കാളികളാകുന്നത്. കമ്പിയിൽ തുണി തുന്നിച്ചേർക്കുക, പിടി ഘടിപ്പിക്കുക, മുകളിൽ ക്യാപ്പിടുക തുടങ്ങി മെഷീൻ ആവശ്യമില്ലാത്ത ജോലികളാണ് ഇത്തരത്തിൽ ചെയ്യുന്നത്. ആഴ്ചയിൽ വേതനം ലഭിക്കുന്ന ജോലി വർഷങ്ങളായി തുടരുന്ന സ്ത്രീകളുണ്ട് ആലപ്പുഴ നഗരത്തിൽ. കഴിഞ്ഞ ലോക്ക് ഡൗൺ കാലം മുതൽ കുട വിപണിയിൽ അസംസ്കൃക വസ്തുക്കളുടെ ക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. തുണി ഉൾപ്പെടെയുള്ള പ്രധാന സാധനങ്ങളെല്ലാം തായ് വാനിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. സീസൺ മുൻകൂട്ടി കണ്ട് ഫാക്ടറികളെല്ലാം ഇറക്കുമതി സാധനങ്ങൾ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഓരോ വർഷവും കുടകളിൽ പുത്തൻ ആശയങ്ങൾ അവതരിപ്പിച്ചാണ് കമ്പനികൾ വിപണി കീഴടക്കുന്നത്. കൊവിഡ് വരവറിയിച്ച കഴിഞ്ഞ വർഷം കുടകളിൽ പുത്തൻ ആശയങ്ങളൊന്നും കമ്പനികൾ കൊണ്ടുവന്നിരുന്നില്ല. അദ്ധ്യയന വർഷാരംഭം നീളുന്നത് കുട വിപണിക്ക് ഗുണകരമല്ല. എന്നിരുന്നാലും ജൂൺ, ജൂലായ് മാസങ്ങളിൽ നഷ്ടപ്പെടുന്ന കച്ചവടം ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലെ മഴയിൽ തിരിച്ചുപിടിക്കാൻ സാധിക്കുമെന്നാണ് മേഖലയിലുള്ളവരുടെ പ്രതീക്ഷ.

 ഉത്പാദനം കുറച്ചു

കുട നിർമ്മാണം ആലപ്പുഴ നഗരത്തിലെ പ്രധാന കുടിൽവ്യവസായമാണ്. കമ്പിയിൽ തുണി തുന്നിചേർക്കുന്നതും, പിടി ഉറപ്പിക്കുന്നതുമെല്ലാം കുടിൽ വ്യവസായത്തിന്റെ ഭാഗമായി പൂർത്തിയാകും. ഇവയുടെ സൂക്ഷ്മ പരിശോധനകളും പുത്തൻ ആശയങ്ങളുടെ ആവിഷ്കരണവുമാണ് ഫാക്ടറിയിൽ നടക്കുന്നത്. മഴക്കാലം മാത്രം ലക്ഷ്യമിട്ട് 18 ലക്ഷം കുടകളാണ് ജിന്നയിലെ പ്രമുഖ കുടനിർമ്മാണ കമ്പനി എല്ലാ വർഷവും ഉത്പാദിപ്പിക്കുന്നത്. എന്നാൽ ഇത്തവണ അത് 10 ലക്ഷം പോലുമെത്തില്ലെന്ന് നിർമ്മാതാക്കൾ പറയുന്നു. ഫെബ്രുവരി മുതൽ മേയ് വരെയാണ് ഏറ്റവും കൂടുതൽ ഉത്പാദനം നടക്കാറുള്ളത്.

 കുട'മാറ്റം'

ആലപ്പുഴയുടെ കനാലോരങ്ങളിലാണ് കുട കമ്പനികൾ തഴച്ചു വളർന്നത്. തയ്യിൽ എബ്രഹാം വർഗീസ് എന്ന കുട വാവച്ചൻ സെന്റ് ജോർജ് എന്നപേരിൽ കറുപ്പുതുണിയിൽ ആരംഭിച്ച വ്യവസായം. സൂര്യമാർക്കും സെന്റ് ജോർജും കൊളംബോയുമൊക്കെയായിരുന്നു ആദ്യകാലത്തെ താരങ്ങൾ. ഇന്ന് പോപ്പിയും ജോൺസുമാണ് അരങ്ങുവാഴുന്ന പിൻമുറക്കാർ. കറുപ്പിൽ നിന്ന് കളറിലേക്കും ത്രി ഡിയിലേക്കും, നീളൻ കുടയിൽ നിന്ന് ഇത്തിരിക്കുഞ്ഞൻ കാർബൻ ലൈറ്റ് കുടയിലേക്കും മാറ്റമെത്തി നിൽക്കുന്നു.

........................................

കഴിഞ്ഞ 30 വ‌ർഷത്തിലധികമായി കുടിൽവ്യവസായമെന്ന നിലയ്ക്ക് കുട നിർ‌മ്മാണത്തിൽ പങ്കാളിയാണ്. ആദ്യമായി ലോക്ക്ഡൗൺ നാളുകളിലാണ് ഇത്രയും വർഷത്തിനിടെ പണിയില്ലാതിരിക്കുന്നത്. ആഴ്ച തോറും ലഭിച്ചിരുന്ന വരുമാനമാണ് നിലച്ചത്

കല, ആലപ്പുഴ

Advertisement
Advertisement