നായ്ക്കൂട്ടം കാത്തിരിക്കും, കൈയിൽ പൊതികളുമായി നദീരയെത്താൻ

Saturday 22 May 2021 2:25 AM IST

ചേർത്തല കെ.എസ്.ആർ.ടി. സി ബസ് സ്റ്റാൻഡിൽ തെരുവ് നായകൾക്ക് നദീരയും ആദിത്യയും ചേർന്ന് ഭക്ഷണം നൽകുന്നു

ചേർത്തല: കയ്യിൽ പൊതികളുമായി നദീര അടുത്തേക്കു വരുമ്പോൾ, കല്ലെന്നു തെറ്റിദ്ധരിച്ച് ചേർത്തല നഗരത്തിലെ തെരുവുനായ്ക്കൾ കുരയ്ക്കാറില്ല. വാലാട്ടി സ്നേഹം പ്രകടിപ്പിച്ച് കൊതിയോടെ നോക്കും ആ പൊതികളിലേക്ക്. നദീരയെ ഒരു ദിവസം കണ്ടില്ലെങ്കിൽ പട്ടിണിയിലാവും ഈ നായ്ക്കൂട്ടം.

ചേർത്തലയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയാണ്, ചേർത്തല മുനിസിപ്പൽ 10-ാം വാർഡ് മറ്റത്തിൽ മോഹനന്റെയും സുകുമാരിയുടെയും മകളും ബിരുദ ധാരിയുമായ നദീര [42]. ചേർത്തല നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള തെരുവ് നായ്ക്കൾക്കും പൂച്ചകൾക്കും വിശപ്പടക്കാൻ ഭക്ഷണമെത്തിക്കുന്ന മിണ്ടാപ്രാണി സ്നേഹമാണ് നദീരയെ നഗരത്തിന് സുപരിചിതയാക്കിയത്. ജോലിക്ക് പോയി മടങ്ങുമ്പോൾ ബിസ്ക്കറ്റ് ഉൾപ്പെടെ വാങ്ങി നായ്ക്കൾക്കു നൽകും. ബിടെക് ബിരുദധാരിയായ ചേർത്തല കാളികുളം ശിവകൃപയിൽ ആദിത്യയും ഇതു കണ്ട് ഒപ്പം കൂടി കഴിഞ്ഞ 5 വർഷത്തിലധികമായി എല്ലാ ദിവസവും വൈകിട്ട് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നായകൾക്ക് ഇവർ ചോറും മീൻ കറിയും നൽകുന്നുണ്ട്. കഴിഞ്ഞ ലോക്ക്ഡൗണിൽ വിശന്നുവലഞ്ഞ നായകൾക്ക് തുണയായത് ഇവരായിരുന്നു. ഈ ലോക്ക്ഡൗണിലും ഇരുവരെയും ആശ്രയിച്ചാണ് ചേർത്തലയിലെ തെരുവുനായ്ക്കൾ വിശപ്പകറ്റുന്നത്.

ഹോട്ടലുകളൊന്നും സജീവമല്ലാത്തതിനാൽ സാധാരണ ദിവസങ്ങളേക്കാൾ കൂടുതൽ ഭക്ഷണം നൽകേണ്ട അവസ്ഥയാണ് ഇപ്പോഴെന്ന് നദീര പറയുന്നു. ദിവസേന നൂറോളം നായകൾക്കായി അഞ്ചു കിലോ അരിയുടെ ചോറും മീൻ കറിയുമാണ് തയ്യാറാക്കുന്നത്. ചേർത്തല കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സ്റ്റാൻഡുകൾ, ബോയ്സ് ഹൈസ്കൂൾ, സെന്റ് മേരീസ് പാലം, വടക്കേ അങ്ങാടി കവല, കോടതി കവല എന്നിവിടങ്ങളിൽ ഇവർ എത്തുന്നതു പ്രതീക്ഷിച്ച് നായകൾ കാത്തുനിൽക്കുന്നത് നിത്യ കാഴ്ചയാണ്. കാഴ്ചയാണ്. ബിരുദ വിദ്യാർത്ഥിനിയായ മകൾ നിഖിതയും ഇടയ്ക്ക് നദീരയ്ക്കൊപ്പം കൂടാറുണ്ട്.

Advertisement
Advertisement