നേപ്പാളിൽ വീണ്ടും പാർലമെന്റ് പിരിച്ചുവിട്ടു, തിരഞ്ഞെടുപ്പ് നവംബറിൽ

Sunday 23 May 2021 12:00 AM IST

കാഠ്മണ്ഡു:നേപ്പാൾ പാർലമെന്റ് പിരിച്ചു വിട്ട് പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരി. നവംബറിൽ അടുത്ത തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രസിഡന്റ് അറിയിച്ചു. നവംബർ 12 മുതൽ 18 വരെയുള്ള തീയതികളിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുകയെന്നാണ് വിവരം.

ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടർന്ന് 2020 ഡിസംബറിൽ കെ.പി ശർമ ഒലി സര്‍ക്കാരിന് അധികാരം നഷ്ടമായിരുന്നു. പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാത്തത് മൂലം ഒലിയെ താത്ക്കാലിക പ്രധാനമന്ത്രിയായി നിയമിച്ചിരുന്നു. എന്നാൽ, അനുവദിച്ച സമയത്തിനുള്ളില്‍ ഒലിക്ക് ഭൂരിപക്ഷം തെളിയിക്കാൻ സാധിച്ചില്ല. ഇതിനെ തുടർന്നാണ് പാർലമെന്റ് പിരിച്ചുവിട്ടത്.

തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ പ്രതിപക്ഷ നേതാവായ നേപ്പാളി കോൺഗ്രസിലെ ഷേർ ബഹദൂർ ദ്യേജ കൂട്ടുകക്ഷി സർക്കാർ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല. തുടർണ്, ഒലിയെ താത്ക്കാലിക പ്രധാനമന്ത്രിയായി നിയമിച്ചത്.

പ്രതിപക്ഷത്തുനിന്നുള്ളവരടക്കം 153 പേരുടെ പിന്തുണയുണ്ടെന്നായിരുന്നു ഒലി അറിയിച്ചിരുന്നത്. 149 പേരുടെ പിന്തുണയുണ്ടെന്ന് ദ്യേജയും വ്യക്തമാക്കിയിരുന്നു.

അതേസമയം, ഭരണഘടന ലംഘിച്ചുകൊണ്ട് ഒലിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിലനിറുത്തിയാൽ രാജ്യവ്യാപകമായ പ്രതിഷേധമുണ്ടാകുമെന്ന് പ്രതിപക്ഷ പാർട്ടികള്‍ അറിയിച്ചിരുന്നു. നേപ്പാളി കോൺഗ്രസ്, മാവോയിസ്റ്റ് പാർട്ടി, സമജ്ബാദി ജനത പാർട്ടിയിലെ ഒരു വിഭാഗം, ഒലിയുടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് നേപ്പാളിൽ നിന്ന് വിഘടിച്ച യൂണിഫൈഡ് മാർക്‌സിസ്റ്റ്/ലെനിനിസ്റ്റ് എന്നിവരായിരുന്നു പ്രതിഷേധിക്കുമെന്ന് അറിയിച്ചിരുന്നത്.

@നേപ്പാളി കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ ഒലിയും മുന്‍ പ്രധാനമന്ത്രി പ്രജണ്ടയും (പുഷ്പ കമൽ ധാൽ) തമ്മിൽ നടക്കുന്ന തർക്കവും വിഭാഗീയതകളുമാണ് രാജ്യത്ത് രാഷ്ട്രീയ അട്ടിമറികളും അസ്ഥിരതയും നിത്യ സംഭവമാകാൻ കാരണമായത്.

Advertisement
Advertisement