ബോളിവുഡ് സംഗീത സംവിധായകൻ രാംലക്ഷ്മൺ അന്തരിച്ചു

Sunday 23 May 2021 12:02 AM IST

മുംബയ്: വിഖ്യാത ബോളിവുഡ് സംഗീത സംവിധായകൻ രാം ലക്ഷ്മൺ അന്തരിച്ചു. വിജയ് പാട്ടീൽ എന്നായിരുന്നു യഥാർത്ഥ പേര്. 78 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് നാഗ്പൂരിലെ വീട്ടിൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. സൂപ്പർഹിറ്റ് ചിത്രങ്ങളായ മേം നെ പ്യാർ കിയാ, ഹം ആപ്‌കെ ഹേ കോൻ, ഹം സാത് സാത് ഹേ തുടങ്ങിയ ചിത്രങ്ങളിലെ സൂപ്പർഹിറ്റ് ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിട്ടുണ്ട്.

കൊവിഡ് വാക്സിൻ സ്വീകരിച്ചതിന് പിന്നാലെയുണ്ടായ പ്രശ്നങ്ങളെ തുടർന്നാണ് മരണമെന്ന് അദ്ദേഹത്തിന്റെ മകൻ അമർ പാട്ടീൽ വാർത്താ ഏജൻസിയോട് പറഞ്ഞു. ആറ് ദിവസം മുമ്പ് അദ്ദേഹം കൊവിഷീൽഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് എടുത്തിരുന്നു.

അപ്പോൾ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും വീട്ടിൽ എത്തിയപ്പോൾ മുതൽ ആരോഗ്യസംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടുതുടങ്ങിയെന്ന് മകൻ അമർ പറഞ്ഞു.

ഡോക്ടർ വീട്ടിൽ എത്തി പരിശോധിച്ചെങ്കിലും ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

വിജയ് പാട്ടീൽ എന്ന് യഥാർത്ഥപേരുള്ള അദ്ദേഹം രാം ലക്ഷ്മൺ എന്ന പേരിൽ അറിയപ്പെട്ട ഇരട്ട സംഗീതസംവിധായകരിലെ ലക്ഷ്മണനാണ്. സുരേന്ദ്ര എന്ന സംഗീത സംവിധായകനായിരുന്നു രാം എന്നറിയപ്പെട്ടത്. 1975ൽ പാണ്ഡു ഹവിൽദർ എന്ന ചിത്രത്തിലൂടെയാണ് ഇവർ അരങ്ങേറ്റം കുറിച്ചത്. 1976 ൽ സുരേന്ദ്ര അന്തരിച്ചെങ്കിലും ലക്ഷ്മൺ അതേ പേരിൽ തുടരുകയായിരുന്നു. നാല് പതിറ്റാണ്ട് നീണ്ടു നിൽക്കുന്ന സംഗീത ജീവിതത്തിൽ ഹിന്ദി, മറാത്തി, ബോജ്പുരി ഭാഷകളിലായി 150ൽ അധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Advertisement
Advertisement