കാലവർഷ ദുരന്തനിവാരണം : ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രി

Monday 24 May 2021 12:04 AM IST

കോട്ടയം : കാലവർഷ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ജില്ലയിൽ ശേഷിക്കുന്ന തയ്യാറെടുപ്പുകൾ അടിയന്തരമായി പൂർത്തീകരിക്കണമെന്ന് മന്ത്രി വി.എൻ.വാസവൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ദുരന്ത നിവാരണ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന ജില്ലയിലെ ജനപ്രതിനിധികളുടെ ഓൺലൈൻ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. തെക്കുപടിഞ്ഞാറൻ കാലവർഷം ഈ മാസം 31ന് കേരളത്തിൽ എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. കൊവിഡ് പ്രതിരോധ മുൻകരുതലുകൾ ഉറപ്പാക്കിയുള്ള ദുരിതാശ്വാസ ക്യാമ്പുകൾ, അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കുള്ള സംവിധാനങ്ങൾ, 24 മണിക്കൂർ കൺട്രോൾ റൂം തുടങ്ങി 2020 ലെ ഓറഞ്ച് ബുക്ക് അടിസ്ഥാനമാക്കിയുള്ള ക്രമീകരണങ്ങൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പൂർത്തീകരിച്ചിട്ടുണ്ട്. നിലവിൽ കൊവിഡ് പരിചരണ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ, വെള്ളക്കെട്ട് ഉണ്ടാകാൻ ഇടയുള്ള പ്രദേശങ്ങളിലെ ക്യാമ്പുകൾ എന്നിവയ്ക്ക് പകരം ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിന് പുതിയ സൗകര്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ക്യാമ്പുകളിൽ കൊവിഡ് പ്രതിരോധം ഉറപ്പാക്കണം. കൊവിഡ് രോഗികളെയും ക്വാറന്റൈനിലുള്ളവരെയും ക്യാമ്പുകളിലേക്ക് മാറ്റേണ്ട സാഹചര്യത്തിൽ പ്രത്യേക ജാഗ്രത പുലർത്തണം. നിയുക്ത എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മാണി സി. കാപ്പൻ, മോൻസ് ജോസഫ്, സി.കെ.ആശ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, ജില്ലാ കളക്ടർ എം. അഞ്ജന, എ.ഡി.എം ആശ സി ഏബ്രഹാം, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

നെല്ല് സംഭരണം വേഗത്തിലാക്കണം

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ പാഡി ഓഫീസർക്ക് മന്ത്രി നിർദേശം നൽകി. വൈക്കം കെ.വി. കനാലിന്റെ അരികിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കുന്നതിന് പൊതുമരാമത്ത് റോഡ് വിഭാഗം, ജലസേചന വകുപ്പ്, തഹസിൽദാർ, താലൂക്ക് സർവേയർ എന്നിവർ ഇന്ന് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകണമെന്ന് യോഗം നിർദേശിച്ചു. വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും കൈവശമുള്ള ഭൂമിയിൽ മരങ്ങളും മരച്ചില്ലകളും അപകടകരമായി നിൽക്കുന്നുണ്ടെങ്കിൽ മുറിച്ചു മാറ്റണം. തടയണകൾ വെള്ളപ്പൊക്കത്തിന് കാരണമാകുന്നുണ്ടെങ്കിൽ കൃഷി, ജലസേചന വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും സംയുക്ത പരിശോധന നടത്തി തുടർനടപടികൾ സ്വീകരിക്കണം.

ജലമൊഴുക്ക് സുഗമമാക്കണം

മലയോര മേഖലകളിലെ ചാലുകളിൽ ജലമൊഴുക്ക് സുഗമമാണെന്ന് ഉറപ്പാക്കുന്നതിനും തടസങ്ങൾ ഉണ്ടെങ്കിൽ നീക്കുന്നതിനും മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന് നിർദ്ദേശം നൽകി. കൊവിഡ് ആശുപത്രികളിലും പരിചരണ കേന്ദ്രങ്ങളിലും വൈദ്യുതി വിതരണം തടസപ്പെടാതിരിക്കാൻ ശ്രദ്ധിക്കാൻ വൈദ്യുതി ബോർഡിന് നിർദ്ദേശം നൽകി. അടിയന്തര സാഹചര്യത്തിൽ ഈ കേന്ദ്രങ്ങളിൽ ജനറേറ്ററുകൾ ഏർപ്പെടുത്തുന്ന ചുമതല ഇൻസിഡന്റ് കമാൻഡർമാർക്കാണ്. ആളുകളെ മാറ്റി പാർപ്പിക്കുമ്പോൾ വീടുകളിലെ കന്നുകാലികളുടെയും മറ്റു വളർത്തു മൃഗങ്ങളുടെയും സംരക്ഷണം ഉറപ്പാക്കാൻ മൃഗസംരക്ഷണ വകുപ്പും ക്ഷീര വികസന വകുപ്പും ശ്രദ്ധിക്കണമെന്നും യോഗം നിർദേശിച്ചു.

Advertisement
Advertisement