യാസ് ചുഴലിക്കാറ്റ്: രക്ഷാപ്രവർത്തനം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി

Monday 24 May 2021 12:00 AM IST

ന്യൂഡൽഹി: യാസ് ചുഴലിക്കാറ്റ് വീശാനിടയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ മുൻകൂട്ടി ഒഴിപ്പിച്ചെന്ന് ഉറപ്പുവരുത്തണമെന്ന് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന ഉന്നതതലയോഗത്തിൽ നിർദ്ദേശിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി.

രക്ഷാപ്രവർത്തക സേനകൾ സംസ്ഥാന സർക്കാരുകളുമായി ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കണം. വൈദ്യുതിയും ടെലഫോൺ സംവിധാനവും തകരാറിലായാൽ കാലതാമസം കൂടാതെ പുനഃസ്ഥാപിക്കണം. രക്ഷാ പ്രവർത്തനങ്ങൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസമാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് മന്ത്രിമാർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, ദേശീയ ദുരന്തനിവാരണ അതോറിറ്റി, ടെലികോം, വൈദ്യുതി, സിവിൽ ഏവിയേഷൻ, ഭൗമശാസ്ത്രം എന്നീ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

യാസ് ഇന്ന്ചു ഴലിക്കാറ്റാകും ​
മദ്ധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റിന് ഇടയാക്കുന്ന ന്യൂനമർദ്ദം തീവ്രന്യൂന മർദ്ദമായി മാറി വടക്ക്‌, വടക്ക് - പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുകയാണെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇന്ന് ശക്തി പ്രാപിച്ച് ചുഴലിക്കാറ്റാകുമെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

അടുത്ത 24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായി മാറും. വടക്ക്‌ ,​ വടക്ക് - പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് 26 ന് രാവിലെ പശ്ചിമ ബംഗാളിനും വടക്കൻ ഒഡിഷ തീരത്തിനുമിടയിൽ എത്തിച്ചേർന്ന് 26 ന് വൈകിട്ടോടെ പശ്ചിമ ബംഗാളിനും ഒഡിഷയുടെ വടക്കൻ തീരത്തിനുമിടയിൽ കരയിൽ പ്രവേശിക്കാൻ സാദ്ധ്യതയുണ്ട്.

മണിക്കൂറിൽ 155 - 185 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാം. ഒഡിഷയിലും ബംഗാളിലും ചുഴലിക്കാറ്റിന്റെ ആഘാതമുണ്ടാകാം. ഏത് പ്രതികൂല സാഹചര്യവും നേരിടാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ പശ്ചിമ ബംഗാളിനോടും ഒഡിഷയോടും ദേശീയ ദുരന്ത നിവാരണ അതോറിട്ടി ചീഫ് എസ്.എൻ. പ്രധാൻ നിർദേശം നൽകി.

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും കിഴക്കൻ തീരത്തെ ജില്ലകളിലും വ്യാപകമായ മഴയുണ്ടാകാം. ദേശീയ ദുരന്ത നിവാരണ സേന ബന്ധപ്പെട്ട സംസ്ഥാനങ്ങളിലേക്ക് വേണ്ട മുന്നൊരുക്കങ്ങൾ നടത്തി വരികയാണ്. ഒഡിഷ, ബംഗാൾ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലൂടെ അടുത്ത ആഴ്ചയിൽ കടന്നുപോകുന്ന 22 ട്രെയിനുകൾ റെയിൽവേ റദ്ദാക്കി.

Advertisement
Advertisement