കാഴ്ചയുടെ കൗതുക ലോകവുമായി സന്തോഷ് മാസ്റ്റർ @ 80

Sunday 23 May 2021 10:39 PM IST

മാള: കൊവിഡ് കാലത്ത് വെറുതെ വീട്ടിലിരിക്കാൻ ഒരുക്കമല്ല സന്തോഷ് മാസ്റ്റർ. അതിനാൽ ക്രിയാത്മകമായി സമയം ചെലവഴിച്ച് 80ാം വയസിലും കാഴ്ചയുടെ കൗതുക ലോകമാണ് അദ്ദേഹം സൃഷ്ടിക്കുന്നത്. ചിത്രകലാ അദ്ധ്യാപകനായി വിരമിച്ച മാള പാലിശേരി സ്വദേശി ചക്കനാശേരി സന്തോഷ് മാസ്റ്ററുടെ വീടിന്റെ പടി കടന്നെത്തിയാൽ കാണാം ആ ശിൽപ്പ ചാതുര്യം നിറഞ്ഞ വേറിട്ട കാഴ്ച്ചകൾ.

അദ്ധ്യാപക ജോലിയിൽ നിന്ന് വിരമിച്ച ഇദ്ദേഹം വീടൊരു ശാസ്ത്ര സങ്കേതമാക്കി മാറ്റി. താജ്മഹൽ, മിനാറുകൾ, കൂടിനകത്തെ പക്ഷികൾ, മത്സ്യങ്ങൾ, അക്വേറിയം, വഞ്ചികൾ, വാഹനങ്ങൾ, വളർത്തുമൃഗങ്ങൾ തുടങ്ങിയ ഒട്ടേറെ ഇനങ്ങളാണ് വീടിന് ചുറ്റും ഒരുക്കിയിട്ടുള്ളത്. പ്രകൃതി സൗഹൃദ അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ചാണ് പലതും നിർമ്മിച്ചിട്ടുള്ളത്.

സന്തോഷ് മാസ്റ്റർ സ്വന്തമായി വികസിപ്പിച്ചെടുത്ത ചെലവ് കുറഞ്ഞ ജല ശുദ്ധീകരണ സംവിധാനം ഏറെ സ്വീകാര്യത നേടിയിരുന്നു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ വ്യായാമത്തിനായി സന്തോഷ് മാസ്റ്റർ സ്വന്തമായി നിർമ്മിച്ചെടുത്ത ട്രെഡ്മിൽ ഏറെ കൗതുകം നിറഞ്ഞതായിരുന്നു. ഗ്യാസിന് വില കൂടിയപ്പോൾ സ്വന്തമായി ബയോഗ്യാസ് സംവിധാനവും കറന്റ് ബില്ല് കൂടിയപ്പോൾ വീട്ടിൽ സോളാർ സംവിധാനവും നിർമ്മിച്ചു. പഴയ വാഷിംഗ് മെഷീന്റെ മോട്ടോർ, ജീപ്പിന്റെ ടാർപോളിൻ, പ്ലൈവുഡ്, ടൈമർ എന്നിവ ഉപയോഗിച്ചാണ് ട്രെഡ് മിൽ നിർമ്മിച്ചത്. കൊത്തുപണി, ഫാബ്രിക്കേഷൻ, റബ്ബർ സീൽ നിർമ്മാണം, ബ്രെസ് എച്ചിംഗ്, ഫോട്ടോഗ്രാഫി, സ്‌ക്രീൻ പ്രിന്റിംഗ്, ഇലക്ട്രിക്കൽ, ഓയിൽ പെയിന്റിംഗ്, ശിൽപ്പ നിർമ്മാണം തുടങ്ങിയ ഇരുപതിലേറെ മേഖലകളിലെ വൈദഗ്ദ്ധ്യമാണ് സന്തോഷിന് ഇതിനെല്ലാം തുണയാകുന്നത്. ശ്രീനാരായണ ജീവചരിത്ര കാവ്യം ഉൾപ്പെടെ മൂന്ന് പുസ്തകങ്ങളുടെ രചയിതാവാണ് സന്തോഷ് മാസ്റ്ററുടെ അച്ഛൻ സി.വി നാരായണൻ. മുൻ അദ്ധ്യാപിക സതിയാണ് ഭാര്യ. സജിത്ത്, സനിത്ത് എന്നിവർ മക്കളാണ്

കൊവിഡ് കാലഘട്ടത്തിൽ വെറുതെ വീട്ടിലിരുന്ന് സമയം കളയാതെ ക്രിയാത്മക പരീക്ഷണങ്ങളിൽ ഏർപ്പെട്ടപ്പോൾ ഇന്ന് വീട് കൗതുക ലോകമായി മാറി. കലാപരമായ കാഴ്ചപ്പാടും കരവിരുതും ഒപ്പം യുക്തിയും നിരീക്ഷണവും സംയോജിപ്പിച്ചപ്പോഴാണ് പരീക്ഷണങ്ങൾ വിജയം കണ്ടത്.

സന്തോഷ് മാസ്റ്റർ

നിർമ്മിച്ച മറ്റ് ഉപകരണങ്ങൾ ഇവ

എഫ്.എം ട്രാൻസിസ്റ്റർ

തീ കൊണ്ട് പ്രകാശിക്കുന്ന ബൾബ്

വിവിധ തരം കാമറകൾ

ടെലസ്‌കോപ്

Advertisement
Advertisement