ആറ്രിങ്ങൽ ബിവറേജ് ഗോഡ‌ൗണിൽ നിന്ന് 1300 ലിറ്റർ മദ്യം കവർന്നു

Monday 24 May 2021 4:09 AM IST

ആറ്റിങ്ങൽ: ആറ്റിങ്ങൽ ബിവറേജ് ഗോഡൗണിൽ വൻ കവർച്ച. 130 കെയ്സ് മദ്യം കവർന്നു. 1300 ലിറ്റർ മദ്യമാണ് ഇവിടെ നിന്ന് നഷ്ടമായതെന്നാണ് കണക്ക്.

കഴിഞ്ഞ ദിവസം വർക്കല റേഞ്ച് എക്സൈസ് നടത്തിയ പരിശോധനയിൽ അംബാസഡർ കാറിൽ കടത്താൻ ശ്രമിച്ച 54 ലിറ്റർ വിദേശമദ്യം പിടികൂടിയിരുന്നു. പ്രതി ഓടി രക്ഷപ്പെട്ടു. പിടികൂടിയ മദ്യത്തിൽ ഹോളോഗ്രാം ഇല്ലാതിരുന്നതിനാൽ വില്പന ശാലയിൽ നിന്നുള്ളതല്ലെന്ന് എക്സൈസ് മനസിലാക്കി. കുപ്പികളിലെ ബാച്ച് നമ്പർ പരിശോധിച്ചപ്പോഴാണ് ആറ്റിങ്ങൽ ഐ.ടി.ഐക്ക് സമീപത്തെ ബിവറേജ് ഗോഡൗണിൽ നിന്നുള്ളതാണെന്ന് കണ്ടെത്തിയത്.

ഗോഡൗണിൽ ഇറക്കാനായി മദ്യം നിറച്ച ലോറികൾ ഇതിന് സമീപമാണ് പാർക്ക് ചെയ്യുന്നത്. ഇവയിൽ നിന്നും മദ്യം നഷ്ടപ്പെട്ടിരുന്നോ എന്നായിരുന്നു ആദ്യ പരിശോധന. എന്നാൽ ലോറിയിൽ നിന്നും മദ്യം നഷ്ടപ്പെട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് ആറ്റിങ്ങൽ എക്സൈസ് സി.ഐ അജിദാസിന്റെ നേതൃത്വത്തിൽ ഗോഡൗൺ പരിശോധിച്ചത്.

ഗോഡൗണിന്റെ പിറകുവശത്തെ ഹാൻവീവ് സൊസൈറ്റിയുടെ കാടുപിടിച്ച സ്ഥലത്തുകൂടി കെട്ടിടത്തിന് മുകളിൽ കയറിയ സംഘം ആസ്ബസ്റ്റോസ് ഷീറ്റിന്റെ ആണിയിളക്കി അകത്തു കടന്ന് കെയ്സ് കണക്കിന് മദ്യം കടത്തുകയായിരുന്നു എന്ന് കണ്ടെത്തി. തുടർന്ന് ആറ്റിങ്ങൽ ഡി.​വൈ.എസ്.പി ഹരിയും സംഘവുമെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

24 മണിക്കൂറും രണ്ട് സെക്യൂരിറ്റി നിരീക്ഷണത്തിലുള്ള സ്ഥലത്തുനിന്നാണ് മദ്യം കവർന്നിരിക്കുന്നത്. മദ്യം നഷ്ടപ്പെട്ട വിവരം സെക്യൂരിറ്റിക്കാർ അറിയുന്നതുതന്നെ എക്സൈസ് സംഘമെത്തി അന്വേഷണം നടത്തുമ്പോഴാണ്.

ഗോഡൗണിലുള്ളിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ രണ്ടു യുവാക്കൾ മദ്യം കവരുന്നതിന്റെ ദൃശ്യമുണ്ട്. വിവിധ ദിവസങ്ങളിലായാണ് ഇവർ മദ്യം കടത്തിയതെന്നാണ് സി.സി.ടി.വി ദൃശ്യം തെളിവു നൽകുന്നത്.

ക്യാപ്ഷൻ: ആറ്റിങ്ങൽ ബിവറേജ് ഗോഡൗണിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു

2. ഗോഡൗണിൽ നിന്നും മദ്യം കവരുന്ന യുവാവിന്റെ സി.സി.ടി.വി ദൃശ്യം

Advertisement
Advertisement