കടലിൽപോക്ക് വല്ലപ്പോഴും, കരയിൽ പക്ഷേ, സുലഭം!

Monday 24 May 2021 1:21 AM IST

ആലപ്പുഴ: കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് കടലിൽ പോയുള്ള മത്സ്യബന്ധനത്തിന് നിയന്ത്രണം വന്നിട്ടും വിപണിയിൽ മത്സ്യലഭ്യതയ്ക്ക് വലിയ പഞ്ഞമില്ല. റോ‌ഡ് സൈഡിലെ തട്ടുകളിലും, ഓൺലൈൻ വഴിയും മുടക്കമില്ലാതെ മീൻവില്പന നടക്കുന്നുണ്ട്. ഇവയിൽ ഭൂരിഭാഗവും ഉടവുതട്ടിയ മത്സ്യങ്ങളാണെന്ന് ഉപഭോക്താക്കൾ ആരോപിക്കുന്നു. മീൻകറിയില്ലാതെ 'മുന്നോട്ടു'നീങ്ങാൻ കഴിയാത്തവർ മിക്ക ദിവസവും ഇത്തരം കെണികളിൽ കുടുങ്ങുകയാണ്.

രണ്ടാഴ്ചയായി മീൻപിടിത്തം നിലച്ചിട്ടും മൊത്തവിതരണക്കാരുടെ പക്കൽ ആവശ്യത്തിന് സ്റ്റോക്കുണ്ട്. പ്രതികൂല കാലാവസ്ഥയും കൊവിഡ് വ്യാപനവും മുന്നിൽക്കണ്ട് കൂടുതൽ മത്സ്യം കേടുകൂടാതെ സൂക്ഷിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരുന്നുവെന്നാണ് മത്സ്യവ്യാപാരികൾ പറയുന്നത്. സാധാരണ, ട്രോളിംഗ് നിരോധന കാലത്താണ് ഇത്തരത്തിൽ വലിയ തോതിൽ മത്സ്യം സൂക്ഷിക്കാറുള്ളത്. ഗോവ അടക്കം ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യവും വലിയ തോതിൽ ജില്ലയിലെത്തുന്നുണ്ട്. ചൂര, കേര, വറ്റ, ചെമ്മീൻ, കിളിമീൻ, മത്തി, നെയ്മീൻ തുടങ്ങിയവയാണ് ധാരാളമായി ഇപ്പോഴും വിപണിയിലുള്ളത്.

വീടുകളിലെ കുളങ്ങളും മറ്റ് ശുദ്ധജലസ്രോതസുകളും കേന്ദ്രീകരിച്ച് മീൻവളർത്തൽ നടത്തുന്നവരുടെ മത്സ്യങ്ങളും വിപണിയിൽ ലഭ്യമാണ്. സിലോപ്പിയ ആണ് വളർത്തുമത്സ്യങ്ങളുടെ ഗണത്തിൽ കൂടുതൽ വിറ്റഴിക്കപ്പെടുന്നത്. വല വീശി പിടിക്കുന്നവർ കൂരി, വരാൽ, കാരി, പള്ളത്തി തുടങ്ങിയവയും വിപണിയിലെത്തിക്കുന്നുണ്ട്.

..........................

 പരിശോധനകൾ പേരിന്

കഴിഞ്ഞ ആഴ്ച ആലപ്പുഴ നഗരത്തിൽ നടത്തിയ പരിശോധനയിൽ നൂറു കിലോയോളം പഴകിയ മത്സ്യമാണ് ആരോഗ്യ വിഭാഗം കണ്ടെത്തി നശിപ്പിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ പരിശോധനകളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. മായം കലർന്ന മത്സ്യം വിപണിലെത്തിച്ചാൽ അഞ്ചുലക്ഷം രൂപ വരെ പിഴയീടാക്കാവുന്ന കുറ്റമാണ്.

....................

ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ കൂടി സഹകരണത്തോടെ മാത്രമേ പഴകിയ മത്സ്യങ്ങൾ പൂർണമായും കണ്ടെത്താൻ സാധിക്കൂ. അവരുടെ പക്കലാണ് മത്സ്യത്തിന്റെ പഴക്കവും അമോണിയയുടെ സാന്നിദ്ധ്യവും തിരിച്ചറിയാനുള്ള ഉപകരണങ്ങളുള്ളത്. കൊവിഡ് വ്യാപനം മൂലമാണ് എല്ലാ ദിവസവും പരിശോധന നടക്കാത്തത്. എന്നിരുന്നാലും സാദ്ധ്യമാകുന്ന ദിവസങ്ങളിലെല്ലാം പരിശോധന നടത്തുന്നുണ്ട്

ആരോഗ്യ വിഭാഗം, ആലപ്പുഴ നഗരസഭ

Advertisement
Advertisement