കൊവിഡിന് മുൻപ് വുഹാൻ ലാബിലെ ഗവേഷകർ ചികിത്സ തേടിയെന്ന് റിപ്പോർട്ട്

Tuesday 25 May 2021 12:00 AM IST

വാഷിംഗ്ടൺ: ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിലെ മൂന്ന് ഗവേഷകർ 2019 നവംബറിൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായി റിപ്പോർട്ട്. ഇതുവരെ പുറത്തുവരാത്ത യു.എസ് അന്വേഷണ റിപ്പോർട്ടിനെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് വ്യാപനത്തെക്കുറിച്ച് ചൈന ലോകത്തിന് മുന്നറിയിപ്പ് നൽകുന്നതിന് ഏതാനും മാസങ്ങൾക്ക് മുൻപാണ് ഗവേഷകർ ചികിത്സ തേടിയത്.

കൊറോണ വൈറസ് പുറത്തുചാടിയത് വുഹാൻ ലാബിൽ നിന്നാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
ഗവേഷകർ അസുഖബാധിതരായ സമയം, ഇവരുടെ ആശുപത്രി സന്ദർശനം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ഈ റിപ്പോർട്ടിലുണ്ട്.

കൊവിഡിന്റെ ഉത്ഭവം സംബന്ധിച്ചുളള അന്വേഷണത്തിന്റെ അടുത്ത ഘട്ടം ചർച്ച ചെയ്യുന്നതിനായി ലോകാരോഗ്യസംഘടനയുടെ അടുത്ത യോഗം നടക്കാനിരിക്കുന്നതിനിടയിലാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. റിപ്പോർട്ട് സംബന്ധിച്ച് യു.എസിലെ ദേശീയ സുരക്ഷാകൗൺസില്‍ വക്താവ്‌ പരാമർശമൊന്നും നടത്തിയില്ല. എന്നാൽ, കൊവിഡിന്റെ ആദ്യഘട്ടം സംബന്ധിച്ചും വൈറസിന്റെ ഉത്ഭവത്തെ കുറിച്ചും ബൈഡൻ ഭരണകൂടത്തിന് നിരവധി ചോദ്യങ്ങളുണ്ടെന്ന് വക്താവ് പറഞ്ഞു. മഹാമാരിയുടെ ഉത്ഭവത്തെ കുറിച്ചുളള വിദഗദ്ധരുടെ ഗവേഷണങ്ങളെ ലോകാരോഗ്യസംഘടനയ്ക്കും മറ്റ് അംഗരാജ്യങ്ങൾക്കൊപ്പവും നിന്നുകൊണ്ട് അമേരിക്കൻ സർക്കാർ പിന്തുണയ്ക്കുന്നു. കൊവിഡിന്റെ ഉത്ഭവത്തെ കുറിച്ച് ലോകാരോഗ്യസംഘടന നടത്തുന്ന പഠനങ്ങളെ മുന്‍വിധിയോടെ സമീപിക്കുന്ന പ്രഖ്യാപനങ്ങളൊന്നും നടത്താൻ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. എന്നാൽ അന്താരാഷ്ട്ര വിദഗ്ദ്ധർ വിശ്വനീയമായ സിദ്ധാന്തങ്ങളെ വിശദമായി വിലയിരുത്തണമെന്ന കാര്യത്തിൽ ഞങ്ങൾക്ക് വ്യക്തതയുണ്ട് - വക്താവ് പറഞ്ഞു.

വൈറസിന്റെ ഉത്ഭവം വുഹാനിൻ ലാബിൽ നിന്നാണെന്നുളള അഭ്യൂഹങ്ങൾക്ക് ശക്തിപകരുന്നതാണ് റിപ്പോർട്ടിലെ തെളിവുകളെന്നും അതിനാൽകൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും പേരുവെളിപ്പെടുത്താത്ത ഒരു ഇന്റലിജൻസ് ഉദ്യോഗസ്ഥൻ പറഞ്ഞതായും ജേണൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

@ പ്രതികരിച്ച് ചൈന

അതേസമയം,കൊവിഡ് വുഹാൻ ലാബിൽ നിന്ന് ഉത്ഭവിച്ചതല്ലെന്ന് ഫെബ്രുവരിയിൽ നടത്തിയ സന്ദർശനത്തിന് ശേഷം ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിലുളള സംഘം സ്ഥിരീകരിച്ചതാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അഭിപ്രായപ്പെട്ടു. അമേരിക്ക ലാബ് ചോര്‍ച്ച സിദ്ധാന്തത്തെ പ്രചരിപ്പിക്കുകയാണെന്നും മന്ത്രാലയം കുറ്റപ്പെടുത്തി.

.

Advertisement
Advertisement