കൊവിഡ് വ്യാപനം... ആശങ്കയുടെ ശരാശരി താഴാതെ ജില്ല

Tuesday 25 May 2021 12:06 AM IST

ആലപ്പുഴ: ആശ്വസിക്കാൻ വഴിയൊരുക്കാതെ ജില്ലയിലെ കൊവിഡ് കണക്കുകൾ നിശ്ചിത ശരാശരിയിൽ തുടരുമ്പോൾ ആശങ്കയിലാണ് ജനം.

ഔദ്യോഗിക കണക്കനുസരിച്ച് 2020 ജനുവരി 28 മുതൽ ഇന്നലെ വരെ ജില്ലയിൽ കൊവിഡ് മരണം 508 ആണ്. അനൗദ്യോഗിക മരണസംഖ്യ ഇരട്ടിയോളം വരുമെന്നാണ് വിവരം.

ഈ കാലയളവിൽ രോഗബാധിതരുടെ ആകെ എണ്ണം 1,58,626 ആണ്. ഓരോ ദിവസത്തെയും സമ്പർക്ക രോഗബാധിതർ 90 മുതൽ 97 ശതമാനം വരെയുണ്ട്. സ്വാഭാവിക മരണത്തിന് ശേഷം നടത്തുന്ന പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുന്നവരും ഏറെയാണ്. കഴിഞ്ഞ നവംബർ മുതലാണ് രോഗബാധിതരുടെ എണ്ണം കൂടിയത്.

ജനുവരി മുതൽ ഒക്ടോബർ വരെ രോഗം സ്ഥിരീകരിച്ചത് 32,810 പേർക്കാണ്. എന്നാൽ നവംബർ, ഡിസംബർ മാസങ്ങളിൽ 57,356 പേർക്ക് രോഗം സ്ഥിരീകരിച്ചു. രണ്ടുമാസംകൊണ്ട് 24,546 പേരുടെ വർദ്ധന. 2021 ജനുവരി മുതൽ മേയ് 23വരെയുള്ള കണക്കനുസരിച്ച് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,58,626 ആണ്. ഇതോടൊപ്പം ഈമാസങ്ങളിലെ മരണനിരക്കും കൂടുതലാണ്. ഒക്ടോബർ വരെ ഒന്നാം ഘട്ടത്തിൽ രോഗം പൂർണ്ണമായും നിയന്ത്രണ വിധേയമായിരുന്നു. ഓണം, ക്രിസ്മസ്, ബക്രീദ് തുടങ്ങിയ ആഘോഷങ്ങൾ എത്തിയതോടെ ഒരു നിയന്ത്രണവും ഇല്ലാതെ ജനം തെരുവിലേക്കിറങ്ങിയതും പരിശോധന ഇല്ലാതാകുകയും ചെയ്തതോടെ തുടർന്നുള്ള മാസങ്ങളിൽ രോഗം വ്യാപിക്കുകയായിരുന്നു.

ജനം നിരത്തിൽ

രണ്ടാം ലോക്ക്ഡൗൺ 17 ദിവസം പിന്നിട്ടതോടെ ആദ്യ നാളുകളിലെ കാർക്കശ്യം പൊലീസ് കൈവിട്ട മട്ടാണ്. ബാരിക്കേഡ് ഉപയോഗിച്ച് വാഹനങ്ങൾ തടഞ്ഞുനിറുത്തി വിവരങ്ങൾ ആരായുകയും യാത്രാപാസുള്ളവരെ മാത്രം തുടരാൻ അനുവദിക്കുകയും ചെയ്യുന്നതായിരുന്നു ആദ്യഘട്ടത്തിലെ രീതി. എന്നാലിപ്പോൾ വാഹനങ്ങൾ തടഞ്ഞുള്ള പരിശോധനയ്ക്ക് പൊലീസ് ഇളവു നൽകിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളും യഥേഷ്ടം നിരത്തിലുണ്ട്.

..............................................

 ആകെ മരണം: 508

(2020 ജനുവരി മുതൽ 2021 മേയ് 23 വരെ)
 രോഗബാധിതർ: 1,58,626

 ചികിത്സയിലുള്ളവർ- 22,139

(2020 ജനുവരി മുതൽ 2021 ഒക്ടോബർ 23വരെ)

 രോഗമുക്തർ: 1,36,487

 വാക്സിൻ എടുത്തവരുടെ ആകെ എണ്ണം: 5,96,134

Advertisement
Advertisement