കൊവിഡൊക്കെ ഭൂമിയിലല്ലേ; മാനത്തെ കല്യാണം പൊടിപൂരം

Monday 24 May 2021 11:38 PM IST

ചെന്നൈ: കൊവിഡ് വ്യാപനത്തെ തുടർന്ന് തമിഴ്നാട്ടിൽ ഏർപ്പെടുത്തിയ ലോക്ക്‌ഡൗണിനെ മറികടക്കാൻ ആകാശത്ത് വിവാഹം നടത്തി മധുര സ്വദേശികൾ. സർവാഭരണ വിഭൂഷിതയായി അണിഞ്ഞൊരുങ്ങിയ വധു ദീക്ഷണയെ വരൻ രാകേഷ് സ്പൈസ് ജെറ്റിന്റെ ബോയിംഗ് 737 വിമാനത്തിൽ വച്ചാണ് താലികെട്ടിയത്. മേയ് 23ന് രാവിലെ ഏഴിന് വിവാഹ ഫ്ലൈറ്റ് മധുര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ 130 പേർ വിമാനത്തിലുണ്ടായിരുന്നു. മധുരൈ മീനാക്ഷി അമ്മൻ ക്ഷേത്രത്തിനു മുകളിലെത്തിയപ്പോൾ താലികെട്ട്. ഇരുവരും ഹാരം അണിയച്ചതോടെ വിമാനത്തിനുള്ളിൽ കുരവ ഉയർന്നു.രണ്ടു മണിക്കൂറോളം ആകാശത്ത് പറന്നശേഷം വിമാനം ബംഗളൂരുവിൽ ഇറങ്ങി. അതിനുശേഷം തിരികെ മധുരയിലേക്ക്. ആകാശത്തെ വിവാഹ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ചടങ്ങിൽ പങ്കെടുത്ത 130 പേരും അടുത്ത ബന്ധുക്കൾ ആണെന്നും എല്ലാവരും ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയിരുന്നെന്നും ദമ്പതികൾ പറയുന്നു.എന്നാൽ വിമാനയാത്ര നടത്തുമ്പോൾ പാലിക്കേണ്ട കൊവിഡ് മാനദണ്ഡങ്ങൾ ചടങ്ങിൽ പങ്കെടുത്തവരാരും പാലിച്ചില്ലെന്ന് അധികൃതർ പറയുന്നു.

പി.പി.ഇ കിറ്റ്, മാസ്ക്, ഫേസ് മാസ്‌ക് എന്നിവ ധരിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ വീഡിയോ ദൃശ്യങ്ങളിൽ ഇതൊന്നും പാലിച്ചിട്ടില്ല.

അന്വേഷണം പ്രഖ്യാപിച്ചു

സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) വിമാനക്കമ്പനിയോട് റിപ്പോർട്ട് തേടി. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചവർക്കെതിരെ കേസെടുക്കുമെന്നും ഡി.ജി.സി.എ അറിയിച്ചു. മധുരയിലുള്ള ട്രാവൽ ഏജന്റാണ് ചാർട്ടേഡ് വിമാനം ബുക്ക് ചെയ്തതെന്നും അവരോട് കൊവിഡ് മാനദണ്ഡങ്ങളെക്കുറിച്ച് വ്യക്തമാക്കിയിരുന്നെന്നും സ്പൈസ് ജെറ്റ് അറിയിച്ചു. ഒരു ആഘോഷത്തിനും അനുമതി നൽകിയിരുന്നില്ലെന്ന് കമ്പനി വ്യക്തമാക്കി.

Advertisement
Advertisement