യാസ് ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു; ഒഡീഷ, ബം​ഗാൾ തീരങ്ങൾ ​ജാ​ഗ്രതയിൽ, കേരളത്തിലും മഴ മുന്നറിയിപ്പ്

Tuesday 25 May 2021 9:51 AM IST

​​​​​ഭുവനേശ്വർ: ബം​ഗാൾ ഉൾക്കടലിൽ യാസ് ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു. ഇതോടെ ഒഡീഷ-പശ്ചിമ ബം​ഗാൾ തീരങ്ങളിൽ കനത്ത ജാ​​ഗ്രതാ മുന്നറിയിപ്പ് നിർദേശമാണ് നൽകിയിരിക്കുന്നത്. ബുധനാഴ്‌ച വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് കരതൊടുമെന്നാണ് കണക്കാക്കുന്നത്.

ഒഡീഷയിലെ ബാലസോറിന് സമീപം അതിതീവ്ര ചുഴലിക്കാറ്റായി യാസ് തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. യാസ് ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ ഒഡീഷ, പശ്ചിമ ബം​ഗാൾ, ആന്ധ്ര സംസ്ഥാനങ്ങൾ സുരക്ഷ മുന്നൊരുക്കങ്ങൾ കടുപ്പിച്ചു. യാ‌സ് ചുഴലിക്കാറ്റിന്‍റെ ഫലമായി കേരളത്തിലും പരക്കെ മഴ ലഭിച്ചേക്കും. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം.

യാസ് ചുഴലിക്കാറ്റിന് മണിക്കൂറില്‍ 170 കിലോമീറ്റര്‍ വേഗതയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. കരയിൽ കയറിയതിനുശേഷം ബിഹാറും കടന്നു റാഞ്ചി ലക്ഷ്യമാക്കി നീങ്ങി പുതുക്കെ ശക്തി കുറയും. ഒഡീഷയോട് അതീവ ജാഗ്രത പുലര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒഡീഷ, ബംഗാള്‍ , ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിമാരുമായും ആന്‍ഡമാന്‍ നിക്കോബാര്‍ ലഫ്റ്റനന്‍റ് ഗവര്‍ണറുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. പൂരി, ജഗല്‍സിംഗപുര്‍ കട്ടക്, ബാലസോര്‍ തുടങ്ങിയ ജില്ലകളില്‍ കനത്ത നാശനഷ്‌ടങ്ങളുണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്.

Advertisement
Advertisement