അനാർക്കലി ചിത്രത്തിന്റെ ഷൂട്ടിംഗ് പ്രാദേശിക ഇമാമുമാർ അനിസ്ലാമികമാണെന്ന് പറഞ്ഞ് പരാതി നൽകിയിരുന്നു, ലക്ഷദ്വീപിന്റെ പേരിൽ നടത്തുന്നത് ടൂൾകിറ്റ് പ്രചരണമാണെന്ന് കെ സുരേന്ദ്രൻ
കൊച്ചി: ലക്ഷദ്വീപിന്റെ പേരിൽ ചിലർ നടത്തുന്നത് ടൂൾകിറ്റ് പ്രചരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുസ്ളിം ഭൂരിപക്ഷ പ്രദേശമായതുകൊണ്ട് മോദി ദ്വീപിനെ ഇല്ലാതാക്കുന്നുവെന്നത് അടിസ്ഥാനമില്ലാത്ത ആരോപണമാണ്.ലക്ഷദ്വീപും ബേപ്പൂരുമായുളള ബന്ധം തകർത്ത് മംഗലാപുരത്തെ ബേപ്പൂരിന് പകരമാക്കുകയാണെന്ന ആരോപണം അവിടുത്തെ എം.പി തന്നെ നിഷേധിച്ചുവെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ഉമ്മൻചാണ്ടി സർക്കാരിനോടും പിണറായി വിജയൻ സർക്കാരിനോടും ബേപ്പൂർ തുറമുഖത്ത് അടിസ്ഥാന സൗകര്യവികസനം നടത്തണമെന്നും പണം മുടക്കാൻ തയ്യാറാണെന്നും ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷൻ പറഞ്ഞിട്ടും കേരള സർക്കാർ നടപടിയെടുത്തില്ല.
80,000 പേരുളള ലക്ഷദ്വീപിൽ നിലവിലെ ഡയറിഫാമിൽ നിന്നും ദിവസേന ലഭിക്കുന്നത് പരമാവധി 100 ലിറ്റർ പാലാണ്. അത് ലഭിക്കുന്നത് ചിലർക്ക് മാത്രവും. ഒരു ലിറ്റർ പാലിനായി സർക്കാറിന് ചെലവ് വരുന്നത് 800 രൂപയിലധികമാണ്. ഈ പാഴ്‌ചെലവും ദൗർലഭ്യവും അവസാനിപ്പിക്കാനാണ് അമുൽ കമ്പനി കവർ പാൽ കപ്പൽമാർഗം കൊണ്ടുവരാൻ അഡ്മിനിസ്‌ട്രേറ്റർ നിർദ്ദേശം വച്ചതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ലോകോത്തര നിലവാരമുളള അമുൽ നരേന്ദ്രമോദിയുടെ കമ്പനിയല്ലെന്നും വിമർശകർ മനസിലാക്കണമെന്ന് ബിജെപി അദ്ധ്യക്ഷൻ അഭിപ്രായപ്പെട്ടു.
മിനിക്കോയ് വഴി പോകുകയായിരുന്ന രവിഹാൻസി എന്ന ബോട്ടിൽ നിന്ന് 3000 കോടി രൂപ വിലമതിക്കുന്ന 300 കിലോ ഹെറോയിനും അഞ്ച് എകെ 47 തോക്കും തിരകളും തീരസംരക്ഷണ സേന പിടിച്ചെടുത്തിരുന്നു. ഇത് മലയാള മാദ്ധ്യമങ്ങളിലടക്കം വാർത്തയായിരുന്നു. ചില വിദേശ കപ്പലുകൾ ദുരൂഹസാഹചര്യത്തിൽ നിരവധി തവണ ദ്വീപിലേക്ക് വരുന്നതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മാദ്ധ്യമങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്‌ത ഈ സുരക്ഷാ പ്രശ്‌നങ്ങളുടെ പേരിലാണ് ലക്ഷദ്വീപ് ഭരണകൂടം സുരക്ഷാ നടപടികളെടുത്തത്.
അനാർക്കലി ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷനും അവിടുത്തെ പ്രാദേശിക ഇമാമും സിനിമ അനിസ്ലാമികമാണെന്ന് പറഞ്ഞ് പരാതി നൽകിയിരുന്നെന്ന് സുരേന്ദ്രൻ പറഞ്ഞു. ദ്വീപിൽ കൊവിഡ് പടരാൻ കാരണം അഡ്മിനിസ്‌ട്രേറ്ററുടെ നയമാണെന്നാണ് പ്രചാരണം. എന്നാൽ ഇതല്ലെന്ന് കളക്ടർ തന്നെ പറഞ്ഞത്. ജനസഞ്ചാരം കൂടിയതിനാലാണ് കാരണം. ആരോഗ്യപ്രവർത്തകരുടെ അഭിപ്രായം കണക്കിലെടുത്താണ് ദ്വീപിൽ ഉച്ചഭക്ഷണത്തിന് ബീഫ് നിരോധിച്ചതെന്നും രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഉച്ചഭക്ഷണത്തിൽ മാംസം വിളമ്പുന്നില്ലെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.