എളുപ്പമല്ല കപ്പ സംഭരണം!

Wednesday 26 May 2021 12:00 AM IST

കോട്ടയം: ഹോർട്ടികോർപ്പ് വഴി കപ്പ സംഭരിക്കുമെന്ന കൃഷി മന്ത്രിയുടെ പ്രഖ്യാപനത്തിൽ സന്തോഷിക്കാൻ വരട്ടെ. പറയുംപോലെ എളുപ്പമല്ല കാര്യങ്ങൾ. സംഭരണ ശേഷിയേക്കാൾ കൂടുതൽ ഉത്പ്പന്നമെത്തിയതോടെ വലഞ്ഞിരിക്കുകയാണ് ഹോർട്ടികോർപ്പ്. വിളിക്കുന്ന കർഷകർക്ക് മുന്നിൽ കൈ മലർത്താനേ ഉദ്യോഗസ്ഥർക്കാകുന്നുള്ളൂ.

മുൻപ് ഹോർട്ടികോർപ്പ് സംഭരിക്കുന്ന കാർഷികോത്പ്പന്നങ്ങൾ പൊതുവിപണിയിൽ വിൽക്കുകയായിരുന്നു പതിവ്. ലോക്ക് ഡൗൺ മൂലം കടകളില്ല. കഴിഞ്ഞ ലോക്ക് ഡൗണിന് ശേഷം ജില്ലയിൽ കപ്പകൃഷി വ്യാപകമായതോടെ ഡിമാൻഡും കുറഞ്ഞു. എല്ലാ വീടുകളിലും ഒരു മൂട് കപ്പയെങ്കിലും കൃഷി ചെയ്യാത്തവരില്ല. ഈ സാഹചര്യത്തിൽ വ്യാവസായികാടിസ്ഥാനത്തിൽ കപ്പ കൃഷി ചെയ്തവരെല്ലാം പെട്ടിരിക്കുകയാണ്. മന്ത്രിയുടെ പ്രഖ്യാപനത്തെ തുടർന്ന് ഹോർട്ടി കോർപ്പ് ഉദ്യോഗസ്ഥർക്ക് ദിനംപ്രതി നൂറുകണക്കിന് കോളാണ് വരുന്നത്. പക്ഷേ,​ സംഭരണത്തിന് സാഹചര്യമില്ലെന്നാണ് മറുപടി.

 500 ടൺവരെ

അഞ്ഞൂറ് ടൺ കപ്പയെന്നതാണ് ഹോർട്ടികോർപ്പിന്റെ പരമാവധി സംഭരണ ശേഷി. കർഷകർ വിളിക്കുന്നത് അനുസരിച്ച് പ്രതിദിനം രണ്ടായിരം ടൺവരെ വിൽക്കാറുണ്ട്. സംഭരിച്ചതിൽ നിന്ന് വിറ്റുപോകുന്നതിന് അനുസരിച്ച് വേണം കർഷകരിൽ നിന്ന് അടുത്തഘട്ടം വാങ്ങാൻ. ഷാപ്പും ഹോട്ടലുകളും ഹോസ്റ്റലുകളും ചന്തകളും മറ്റും അടഞ്ഞതു മൂലം കപ്പ കച്ചവടം നടക്കുന്നില്ല. ചിപ്സ്, കാലിത്തീറ്റ കമ്പനികളിൽ കപ്പ കെട്ടിക്കിടന്ന് നശിക്കുകയാണ്. ഇനി സ്ഥലം കണ്ടെത്തി സംഭരിക്കാമെന്ന് കരുതിയാലും ദിവസങ്ങൾക്കുള്ളിൽ നശിക്കുമെന്നതിനാൽ പ്രായോഗികമല്ല.

വില 7 രൂപ

12 രൂപ തറവില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കിലോയ്ക്ക് ഏഴ് രൂപയ്ക്കാണ് ഹോർട്ടി കോർപ്പ് കർഷകരിൽ നിന്ന് കപ്പ വാങ്ങുന്നത്. സുഭിക്ഷ കേരളം പദ്ധതിയുടെ പോർട്ടലിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് മാത്രമേ പന്ത്രണ്ട് രൂപ തികച്ച് കിട്ടൂ. ഹോർട്ടി കോർപ്പ് ഏഴും സർക്കാർ അഞ്ചും രൂപയാണ് നൽകുക. ഭൂരിഭാഗം കർഷകരും രജിസ്റ്റർ ചെയ്യാത്തതിനാൽ ഏഴ് രൂപയേ ലഭിക്കൂ.

പ്രതിസന്ധി

 ജില്ലയിൽ കപ്പ ഉത്പ്പാദനം ഇരട്ടിയിലേറെയായി

 ഹോർട്ടികോർപ്പിന് അതിനുതക്ക സംഭരണ ശേഷിയില്ല

 കപ്പയ്ക്ക് പൊതുവിപണിയിൽ ഡിമാൻഡ് കുറഞ്ഞു

'' പലരും സ്ഥലം പാട്ടത്തിനെടുത്ത് വ്യാപകമായി കൃഷി ചെയ്തവരാണ്. ഇത്രയും കപ്പ സംഭരിക്കാൻ ഹോർട്ടികോർപ്പിന് നിലവിലെ സാഹചര്യത്തിലാവില്ല. ഉണക്കു കപ്പയാക്കുന്നതും ചെലവായതിനാൽ കർഷകർക്ക് നഷ്ടമാണ്''

- ഹോർട്ടി കോർപ്പ് അധികൃതർ

ഹെൽപ്പ് ഡെസ്ക് കോട്ടയം: 9447 583081

Advertisement
Advertisement