പാർലമെന്റിലെ അനുഭവസമ്പത്ത് സഹായകമാകട്ടെ

Wednesday 26 May 2021 12:53 AM IST

തിരുവനന്തപുരം: പത്ത് വർഷക്കാലത്തെ ഇന്ത്യൻ പാർലമെന്റിലുള്ള പരിചയവും അനുഭവസമ്പത്തും സഭ നിയന്ത്രിക്കാൻ എം.ബി. രാജേഷിന് സഹായകമാകുമെന്ന് വിശ്വസിക്കുന്നതായി നിയമസഭയിൽ പുതിയ സ്പീക്കർക്ക് അനുമോദനമർപ്പിച്ച്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. പ്രതിപക്ഷത്തിന്റെ പൂർണ്ണ സഹകരണം അദ്ദേഹം വാഗ്ദാനം ചെയ്തു.

സഭയുടെ നീതിപൂർവമായ പ്രവർത്തനത്തിന് രാജേഷിന്റെ നേതൃത്വം കൂടുതൽ ഊന്നൽ കൊടുക്കുമെന്ന് പ്രത്യാശിക്കുന്നു. ജനാധിപത്യത്തെ കൂടുതൽ മനോഹരമാക്കാൻ അതിന് ചാരുത നൽകുന്ന ഒന്നാണ് പ്രതിപക്ഷ പ്രവർത്തനം. ആ പ്രവർത്തനങ്ങൾക്ക് പൂർണമായ സംരംക്ഷണം സഭാനാഥനായ രാജേഷിൽ നിന്നുണ്ടാകുമെന്ന് പൂർണ്ണ വിശ്വാസമുണ്ടെന്നും സതീശൻ പറഞ്ഞു.

 കെ. രാധാകൃഷ്ണനെ പുകഴ്ത്തി നേതാക്കൾ

പന്ത്രണ്ടാം കേരള നിയമസഭയിൽ നാഥനായിരുന്ന ഇപ്പോഴത്തെ മന്ത്രി കെ. രാധാകൃഷ്ണനെ പുകഴ്ത്തി പ്രതിപക്ഷത്തെയടക്കം നേതാക്കൾ. കേരള കോൺഗ്രസ്-ബി നേതാവ് ഗണേശ് കുമാർ കഴിഞ്ഞ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെയും എടുത്തുപറഞ്ഞു.

പന്ത്രണ്ടാം കേരള നിയമസഭ തന്റെ പാർലമെന്ററി ജീവിതത്തിന്റെ യുദ്ധപർവ്വമെന്ന് വിശേഷിപ്പിക്കാവുന്ന സഭയായിരുന്നുവെന്നും അന്ന് ഈ സഭയുടെ നാഥനായിരുന്ന കെ. രാധാകൃഷ്ണൻ നല്ലൊരു മാതൃകയാണെന്നും സതീശൻ പറഞ്ഞു.കക്ഷിനേതാക്കളായ ഇ. ചന്ദ്രശേഖരൻ, റോഷി അഗസ്റ്റിൻ, പി.കെ. കുഞ്ഞാലിക്കുട്ടി, മാത്യു.ടി.തോമസ്, പി.ജെ. ജോസഫ്, തോമസ് കെ.തോമസ്, അനൂപ് ജേക്കബ്, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, കടന്നപ്പള്ളി രാമചന്ദ്രൻ, കോവൂർ കുഞ്ഞുമോൻ, സ്പീക്കർ സ്ഥാനാർത്ഥിയായിരുന്ന പി.സി. വിഷ്ണുനാഥ് എന്നിവരും അനുമോദനമർപ്പിച്ച് സംസാരിച്ചു.

Advertisement
Advertisement