ദ്വീപിലെ ശാന്തത തകർക്കരുത്

Wednesday 26 May 2021 1:26 AM IST

നയമോ തന്ത്രമോ അറിയാത്ത ഉദ്യോഗസ്ഥ മേധാവി ഭരണത്തലവനായി വരുമ്പോഴുള്ള പൊല്ലാപ്പുകളാണ് ലക്ഷദ്വീപ് ഇന്ന് അഭിമുഖീകരിക്കുന്നത്. ആറുമാസം മുൻപ് അവിടെ അഡ്‌മിനിസ്ട്രേറ്ററായി ചുമതലയേറ്റ പ്രഫുൽ കെ. പട്ടേൽ ഈയിടെ കൈക്കൊണ്ട ചില ഭരണ നടപടികൾ ദ്വീപ് നിവാസികൾക്കിടയിൽ കടുത്ത പ്രതിഷേധം സൃഷ്ടിച്ചിരിക്കുകയാണ്. രാജ്യത്തെ അതീവ തന്ത്രപ്രാധാന്യമുള്ള ദ്വീപിൽ ജനതയെ ഒന്നടങ്കം ഇളക്കിവിടാൻ കാരണമായ വിവാദ നടപടികൾ കൈക്കൊള്ളും മുൻപ് പലവട്ടം ആലോചിക്കേണ്ടതായിരുന്നു. പരിഷ്കാര നടപടികൾ ദ്വീപ് നിവാസികളെ പൂർണ വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയമായി നടപ്പാക്കാനൊരുങ്ങിയാൽ വിചാരിക്കാത്ത മാനങ്ങൾക്ക് വഴിമാറും. അതു മനസിലാക്കാനുള്ള വിവേകം അഡ്മിനിസ്ട്രേറ്റർക്കില്ലാതെ പോയതാണ് ജനരോഷത്തിനു കാരണം.

അപാര ടൂറിസം സാദ്ധ്യത നിറഞ്ഞ ദ്വീപ് സമൂഹമാണ് ലക്ഷദ്വീപ്. എന്നാൽ ഏഴു പതിറ്റാണ്ടായിട്ടും അതിന്റെ സാദ്ധ്യതകൾ വേണ്ടപോലെ പ്രയോജനപ്പെടുത്താനായിട്ടില്ല. ദ്വീപിന്റെ തനതു സംസ്കാരവും പാരമ്പര്യവുമെല്ലാം നിലനിറുത്തിക്കൊണ്ടുതന്നെ ടൂറിസം മേഖല വലിയ തോതിൽ വികസിപ്പിക്കാനാകും. അതിനിണങ്ങിയ ഭാവനാപൂർണമായ പദ്ധതികൾ ആവിഷ്കരിച്ചാൽ മതി. അതിനു മുന്നോടിയായി ദ്വീപ് വാസികളുടെ സഹകരണവും വിശ്വാസവും നേടിയെടുക്കേണ്ടതുണ്ട്. ഒരു പ്രഭാതത്തിൽ ദ്വീപുവാസികളുടെ നിത്യജീവിതത്തെ അലോസരപ്പെടുത്തുന്ന ഉത്തരവുകളിറക്കി അവരെ ഒന്നടങ്കം ശത്രുപക്ഷത്താക്കുകയല്ല വേണ്ടത്. രാഷ്ട്രീയക്കാരനായ ഇപ്പോഴത്തെ അഡ്‌മിനിസ്ട്രേറ്ററുടെ ചുവടുകൾ വല്ലാതെ പിഴച്ചുപോയെന്ന് പ്രത്യേകം പറയേണ്ടതില്ല. ഇക്കാര്യം ഡൽഹിയിലുള്ളവർ മനസിലാക്കണം. അസ്വസ്ഥമായ അന്തരീക്ഷം മുതലെടുത്ത് ദ്വീപിൽ അശാന്തിയുടെ വിത്തുകൾ പാകാൻ നിക്ഷിപ്ത താത്‌പര്യമുള്ള ശക്തികൾ മുന്നോട്ടു വന്നുകൂടെന്നില്ല. സ്‌കൂൾ കുട്ടികളുടെ ഭക്ഷണ മെനുവിൽ നിന്ന് മാംസം ഒഴിവാക്കാനും ഡെയറി ഫാമുകൾ അടച്ചുപൂട്ടാനും അദ്ധ്യാപകരടക്കം കരാർ ജീവനക്കാരെ മുഴുവൻ പിരിച്ചുവിടാനും മറ്റുമുള്ള ഉത്തരവുകൾ വലിയ പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. ചരക്കു കടത്തിന് കോഴിക്കോട്ടെ ബേപ്പൂർ തുറമുഖത്തിനു പകരം മംഗലാപുരം തുറമുഖം മതിയെന്ന തീരുമാനത്തിലും ദുരൂഹത കാണാം. ദ്വീപിലാകെ കൊവിഡ് പടരുന്നതിലും ജനങ്ങൾ ആശങ്കയിലാണ്. ചികിത്സാ സൗകര്യങ്ങളുടെ കുറവ് പ്രശ്നമായിട്ടുണ്ട്. ഇതൊക്കെ നേരിടാൻ നടപടിയെടുക്കാതെ വിവാദ കാര്യങ്ങളിലാണ് അഡ്മിനിസ്ട്രേറ്റർ വ്യാപരിക്കുന്നതെന്ന ആക്ഷേപം പരക്കെ ഉയർന്നിട്ടുണ്ട്. ലക്ഷദ്വീപിൽ ഇതുവരെ ഉണ്ടായിരുന്ന ഭരണാധികാരികളെല്ലാം ദ്വീപ് വാസികളുമായി ഏറെ സ്നേഹത്തിലും സൗഹൃദത്തിലുമായിരുന്നു. അഡ്മിനിസ്ട്രേറ്റർ അവർക്ക് കുടുംബാംഗം പോലെയുമായിരുന്നു. ഊഷ്മളമായ ബന്ധം നിലനിന്നതിനാൽ ദ്വീപുകളിൽ സദാ ശാന്തിയും സമാധാനവും കളിയാടിയിരുന്നു.

ലക്ഷദ്വീപ് സമൂഹങ്ങളെ മികച്ച ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് വിമാനത്താവള വികസനത്തിനായി ചില ഒഴിപ്പിക്കലുകളെന്നാണു വിശദീകരണം. ഇതും ഇപ്പോഴത്തെ കലുഷിതാന്തരീക്ഷത്തിന് കാരണമായിട്ടുണ്ട്. ടൂറിസം വികസനം ലോകരാജ്യങ്ങളുടെയെല്ലാം വളർച്ചയിൽ പ്രധാന ഇനമാണ്. അനായാസം വികസിപ്പിച്ചെടുക്കാവുന്ന അനേകം വിനോദസഞ്ചാര കേന്ദ്രങ്ങൾ രാജ്യത്തുണ്ട്. ഭാവനാപൂർണമായി വികസിപ്പിച്ചെടുത്താൽ ലക്ഷദ്വീപ് സമൂഹങ്ങൾ അളവറ്റ സമ്പത്ത് നേടിത്തരും. ദ്വീപുവാസികളുടെ ജീവിതത്തിനും പാരമ്പര്യത്തിനും ഒരു തരത്തിലും കോട്ടം തട്ടാത്ത വിധത്തിലായിരിക്കണം വികസന പദ്ധതികൾ എന്നുറപ്പാക്കിയാൽ മതി. ഇതുകൊണ്ടുണ്ടാകുന്ന അപാര നേട്ടങ്ങൾ അവരെ ബോദ്ധ്യപ്പെടുത്തുകയും വേണം. അഡ്മിനിസ്ട്രേറ്ററുടെ വിവേകശൂന്യമായ നടപടികളെത്തുടർന്നുണ്ടായ പ്രതിഷേധം ശമിപ്പിക്കാൻ ഉചിതമായ നടപടികളുണ്ടായേ മതിയാവൂ. രാഷ്ട്രീയ തലത്തിലും പൗരസമൂഹത്തിലും നിന്ന് അതിനു പര്യാപ്തമായ ഇടപെടലുകൾ വൈകിക്കരുത്.

Advertisement
Advertisement