മെഹുൽ ചോക്സിയെ കാണാനില്ല,​ ക്യൂബയിലേക്ക് കടന്നെന്ന് സൂചന

Thursday 27 May 2021 12:00 AM IST

ആന്റിഗ്വ: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 14,000 കോടി രൂപ വായ്പാതട്ടിപ്പ് നടത്തിയ കേസിൽ പ്രതിയായിരിക്കെ, ഇന്ത്യയിൽ നിന്ന് മുങ്ങിയ വിവാദ വജ്രവ്യാപാരി മെഹുൽ ചോക്സിയെ കാണാനില്ലെന്ന് റിപ്പോർട്ട്. കരീബിയൻ ദ്വീപ് രാജ്യമായ ആന്റിഗ്വ ആൻഡ് ബാർബുഡയിൽ താമസമാക്കിയ ചോക്സിയെ കഴിഞ്ഞദിവസം മുതൽ കാണാനില്ലെന്ന് ആന്റിഗ്വ പൊലീസ് സ്ഥിരീകരിച്ചു.

2017ലാണ് വായ്പാതട്ടിപ്പ് കേസിൽ അറസ്റ്റ് ഭയന്ന് ആന്റിഗ്വയിലേക്ക് ചോക്സി ഒളിച്ചുകടന്നത്. പിന്നീട് അവിടത്തെ പൗരത്വം സ്വീകരിച്ചു. ദ്വീപിലെ പ്രമുഖ റസ്റ്റോറന്റിൽ രാത്രിഭക്ഷണം കഴിക്കാൻ പോയ ചോക്സി പിന്നീട് തിരികെ എത്തിയില്ല. ജോളി തുറമുഖത്തു നിന്ന് അദ്ദേഹത്തിന്റെ വാഹനം പിന്നീട് കണ്ടെത്തിയിരുന്നു. എന്നാൽ അദ്ദേഹത്തെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെന്നാണ് സൂചന.

ചോക്സിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ അധികൃതർ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ പറഞ്ഞു. ചോക്സിയുടെ പൗരത്വം റദ്ദാക്കണമെന്നും ഇന്ത്യയ്ക്ക് കൈമാറണമെന്നും ആന്റിഗ്വയ്ക്ക് മേൽ ഇന്ത്യ സമ്മർദ്ദം ചെലുത്തിയിരുന്നു. പൗരത്വം റദ്ദാക്കി തന്നെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ഭയന്ന് ചോക്സി ക്യൂബയിലേക്ക് കടന്നെന്നാണ് വിവരം.

Advertisement
Advertisement