നിലയ്ക്കാത്ത മഴ,​ ജലനിരപ്പ് ഉയർന്ന് ആറുകൾ, നാട് പ്രളയഭീതിയിൽ

Thursday 27 May 2021 12:00 AM IST

കോട്ടയം: കനത്ത മഴയിൽ മീനച്ചിലാർ,​ മണിമലയാർ,​ മൂവാറ്റുപുഴയാർ എന്നിവിടങ്ങളിലെ ജലനിരപ്പ് ഉയർന്നു, നാട് പ്രളയഭീതിയിലായി. മഴ നിലയ്ക്കാതെ പെയ്യുന്നത് മലയോര മേഖലയിൽ ഉരുൾപൊട്ടലിനിടയാക്കുമെന്നും ആശങ്കയുണ്ട്. നദികളിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലായ പ്രദേശങ്ങളിൽ ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകി. മലയോരമേഖലയിൽ കഴിഞ്ഞ രാത്രി മുതൽ മഴ നിറുത്താതെ പെയ്യുകയാണ്. മണിലയിലെ കൊച്ചുപാലം മുങ്ങി. മുണ്ടക്കയം ഭാഗങ്ങളിലും മണിമലയാറിലെ ജലനിരപ്പ് ഉയർന്നു. മീനച്ചിലാറിലെ ജലനിരപ്പ് ഉയരുന്നത് പടിഞ്ഞാറൻ മേഖലയെ ആശങ്കയിലാഴ്ത്തുന്നു. മഴ തുടർന്നാൽ ഇനിയുള്ള ദിവസങ്ങളിൽ കുമരകം തിരുവാർപ്പ്, വെച്ചൂർ മേഖലകളിൽ വെള്ളംകയറും.

 ഒഴിയാതെ ഉരുൾപൊട്ടൽ ഭീതി

പതിവായി ഉരുൾപൊട്ടുന്ന തീക്കോയി, കൂട്ടിക്കൽ അടക്കമുള്ള പഞ്ചായത്തുകളിൽ ആശങ്കയും ഇരട്ടിയായി. കഴിഞ്ഞയാഴ്ചയു ഇക്കുറിയും മഴ കനത്തതാണ് ആശങ്കയ്ക്ക് കാരണം. കാലവർഷത്തിൽ എല്ലാത്തവണയും ഈ ഭാഗങ്ങളിൽ ഉരുൾ പൊട്ടാറുണ്ട്. ജീവനും വീടും കൃഷിയിടവും നശിക്കുന്നതും പതിവാണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ക്യാമ്പുകളിലേയ്ക്ക് മാറുന്നതും പ്രശ്നമാണ്.

Advertisement
Advertisement