ഹരിതഭംഗിയിൽ തിളങ്ങി തലശ്ശേരി റെയിൽവെ സ്റ്റേഷൻ

Thursday 27 May 2021 12:02 AM IST
തലശ്ശേരി റെയിൽവെ സ്റ്റേഷൻ പ്ളാറ്റ് ഫോമിൽ കൊവിഡ് കാലത്ത് ഒരുക്കിയ ഉദ്യാനം

തലശ്ശേരി: ഉത്തര കേരളത്തിലെ പ്രമുഖ റെയിൽവെ സ്റ്റേഷനായ തലശ്ശേരിയിൽ ഇനി യാത്രക്കാർക്ക് കാത്തിരിപ്പ് വിരസമാകില്ല. പച്ചപുതച്ച തലശ്ശേരി റെയിൽവെ സ്റ്റേഷൻ, വിവിധ വർണ്ണങ്ങളിലുള്ള പൂക്കളും കണ്ണിന് കുളിരേകും വർണ്ണച്ചെടികളും നിറഞ്ഞ് യാത്രക്കാരെ മാടി വിളിക്കുകയാണ്. കൊവിഡ് കാലത്തെ വിരസത അകറ്റാൻ റെയിൽവെ ജീവനക്കാരുടെ മനസിൽ തോന്നിയ ആശയമാണ് പ്ലാറ്റ് ഫോമിൽ ചെടികൾ നട്ടുപിടിപ്പിക്കുന്നതിലെത്തിച്ചത്.
ലോക്ക്ഡൗൺ കാലത്ത് ട്രെയിനുകൾ കുറഞ്ഞതോടെ വിരസനിമിഷങ്ങളെ എങ്ങിനെ ക്രിയാത്മകമാക്കാമെന്ന് ആലോചിച്ചപ്പോൾ, സ്റ്റേഷൻ സൂപ്രണ്ട് പി.സി. ദിനേശ് കുമാറിന്റെ മനസിൽ മൊട്ടിട്ട ആശയമായിരുന്നു ചെടികൾ നട്ടുപിടിപ്പിക്കുക എന്നത്. അതിനെ ജീവനക്കാരും ആർ.പി.എഫ് ഉദ്യോഗസ്ഥരും പിന്തുണച്ചതോടെ, റെയിൽവെ പ്ലാറ്റ് ഫോം ഒരു മലർവാടിയായി മാറുകയായിരുന്നു.

സൂപ്രണ്ട് ദിനേശ് കുമാർ വീട്ടിൽ നിന്ന് കൊണ്ടുവന്ന ചെടികളാണ് ആദ്യം നട്ടുപിടിപ്പിച്ചത്. ജീവനക്കാരും ആർ.പി.എഫ് ഉദ്യോഗസ്ഥരും കൈകോർത്തതോടെ ഇത് തികച്ചും ഒരു ഉദ്യാനമായി മാറുകയായിരുന്നു. സ്റ്റേഷൻ മാനേജർ വി.വി. രമേശ് ബാബു, സ്റ്റേഷൻ മാസ്റ്റർമാരായ മിഥുൻ, രജീഷ് എന്നിവരുടെ നേതൃത്വത്തിൽ പത്തോളം പേർ രണ്ടുനേരവും വെള്ളമൊഴിച്ച് ചെടികൾ സംരക്ഷിക്കാനുണ്ട്. രണ്ടാം പ്ലാറ്റ്‌ഫോമിൽ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് മുതൽ പ്രവേശന കവാടം വരെയാണ് ചെടികൾ നട്ടുപിടിപ്പിച്ചിരിക്കുന്നത്.

Advertisement
Advertisement