വെറുമൊരു ആംബുലൻസല്ല കതിരൂരിന്റെ 'കൈത്താങ്ങ് '

Thursday 27 May 2021 12:13 AM IST
ആംബുലൻസ് വക ലഭിച്ച തുക കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനുള്ള സംഭാവനയായി കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.സനിലിന് കെ.പി. സജിത്ത് കൈമാറുന്നു.

കതിരൂർ: ഉക്കാസ്‌മെട്ടയിലെ പി. കൃഷ്ണപ്പിള്ള സാംസ്കാരികകേന്ദ്രം മുൻകൈയെടുത്ത് പ്രദേശത്തുള്ളവരുടെ ആവശ്യം മുൻനിർത്തി 2018ൽവാങ്ങിയ ആംബുലൻസിനിട്ട കൈത്താങ്ങെന്ന പേര് അന്വർത്ഥമാക്കുകയാണ് അതിലെ ഡ്രൈവർമാർ. മുപ്പത് ഡ്രൈവർമാർ ഊഴമിട്ട് സേവനം ചെയ്ത് തീർത്തപ്പോൾ അത് കൂട്ടായ്മയുടെ മഹത്തായ മാതൃകയാകുകയായിരുന്നു. കൊവിഡ് മഹാമാരി നാടിനെ കീഴടക്കിയ ദുരിതകാലത്ത് രോഗികളെ കൊണ്ടുപോകുന്നതിനു മാത്രമല്ല, എന്തിനുമേതിനും അക്ഷരാർത്ഥത്തിൽ കൈത്താങ്ങാകുകയാണ് ഈ സന്നദ്ധപ്രവർത്തകർ.

ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിലാണ് അവരെല്ലാം. ഒരു നിമിഷത്തിന്റെ പിഴവിൽ ഒരൊറ്റ ജീവനും നഷ്ടപ്പെടാൻ പാടില്ലെന്ന നിർബന്ധബുദ്ധിയിൽ പുനർജ്ജനി ലഭിച്ചവർ നിരവധി. കൈത്താങ്ങ് എന്ന ഇവരുടെ ആംബുലൻസ് സർവീസിന് വാടകയും കുറവാണ്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സേവനം സൗജന്യം. കൈത്താങ്ങ് ആംബുലൻസ് ആരംഭിച്ചതു മുതൽ 30 ഡ്രൈവർമാർ സേവനസന്നദ്ധരായി രംഗത്തുണ്ട്. കഴിഞ്ഞവർഷം മുതൽ കൊവിഡ് രോഗികളെ കൊണ്ടു പോയാൽ ക്വാറന്റയിനിൽ നിൽക്കേണ്ടി വരുന്നതിനാൽ ദിവിൻ ആണ് ആംബുലൻസ് കൈകാര്യം ചെയ്യുന്നത്.

കൊവിഡ് തരംഗത്തിന്റെ രണ്ടാംഘട്ടത്തിൽ ആംബുലൻസിന്റെയും ഡ്രൈവർമാരുടെയും ആവശ്യം കൂടിയതോടെ മുൻകാലത്ത് കൈത്താങ്ങിൽ സേവനമനുഷ്ഠിച്ച ഡ്രൈവർമാർ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്കായി സന്നദ്ധരായെത്തി. വാക്‌സിനേഷൻ പ്രവർത്തനങ്ങളിൽ കതിരൂർ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആവശ്യപ്രകാരം തിരക്ക് നിയന്ത്രിക്കാനും ആവശ്യമായ ക്രമീകരണങ്ങളും മറ്റു സഹായങ്ങളും ചെയ്യുന്നതിനും ഇവർ വളണ്ടിയർമാരായി വാക്‌സിനേഷനുള്ള ദിവസങ്ങളിൽ ചുമതലയേൽക്കുന്നു. വാക്‌സിൻ എടുക്കാൻ എത്തുന്നവർക്ക് കുടിവെള്ളം, കാപ്പി, ഇരിക്കാനുള്ള സൗകര്യം എന്നിവ ഒരുക്കിയതും കൈത്താങ്ങാണ്. അതുകൊണ്ടുതന്നെ വാക്‌സിൻ എടുക്കാനെത്തുന്നവർക്ക് അധികസമയം കാത്തുനില്ക്കാതെ മടങ്ങാനും സാധിക്കുന്നു.

വീടുകളിൽ മരുന്ന് എത്തിക്കുന്നതിനും കൈത്താങ്ങ് ഒപ്പമുണ്ട്. ലോക്ക്ഡൗൺ കാലയളവിൽ ഉക്കാസ് മെട്ട, കതിരൂർ പ്രദേശങ്ങളിലെ വീടുകളിൽ പലവ്യഞ്ജനങ്ങൾ എത്തിച്ചു നല്കുന്നതും ഇവരാണ്. പെൻഷൻ മസ്റ്ററിംഗ്, വാക്‌സിൻ രജിസ്‌ട്രേഷൻ തുടങ്ങി നിരവധിയായ പ്രവർത്തനങ്ങളിൽ സഹായിക്കാൻ ആവശ്യമായ ഹെൽപ്പ് ഡെസ്‌ക് സംവിധാനവും കൃഷ്ണപ്പിള്ള കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. കൊവിഡ് രോഗികൾക്ക് ആവശ്യമായ സഹായങ്ങൾക്കും കൊവിഡ് ബാധിച്ചു മരിച്ചവരുടെ സംസ്കാരപ്രവൃത്തികളിലും കൈത്താങ്ങ് പ്രവർത്തകർ സജീവമാണ്.

ആംബുലൻസ് വക ലഭിച്ച തുക കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനുള്ള സംഭാവനയായി കഴിഞ്ഞ ദിവസം കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. സനിലിന് കൈമാറിയിട്ടുമുണ്ട് സംഘാടകർ.

Advertisement
Advertisement