വാക്സിൻ ചലഞ്ച്: മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിമാസം 10,000 രൂപ വീതം നൽകും

Thursday 27 May 2021 12:00 AM IST

തിരുവനന്തപുരം: കൊവി‌ഡ് വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിമാസം 10,000 രൂപ വീതം ജൂൺ മുതൽ ഒരു വർഷത്തേക്ക് നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുന്നതിന്‌ സംസ്ഥാനങ്ങൾ പണം കൊടുത്ത് വാക്സിൻ ലഭ്യമാക്കേണ്ട സ്ഥിതി സംജാതമായ സാഹചര്യത്തിലാണ് വാക്സിൻ ചലഞ്ചിനായി ധനസഹായം സ്വീകരിച്ചുതുടങ്ങിയത്. സ്ഥാനമൊഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളെല്ലാം ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു.

കൊവിഡ് വ്യാപനം പ്രതീക്ഷിച്ചത്ര കുറയാത്തസാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഈ മാസം 30നു ശേഷവും തുടരാനാണ് സാദ്ധ്യത. നിയന്ത്രണം തുടരേണ്ടതുണ്ടെന്ന് മന്ത്രിമാർ യോഗത്തിൽ അഭിപ്രായപ്പെട്ടു.

ജില്ലകളുടെ ചുമതല

മന്ത്രി അഹമ്മദ് ദേവർകോവിലിന് കാസർകോട് ജില്ലയുടെയും മന്ത്രി പി.എ. മുഹമ്മദ് റിയാസിന് വയനാട് ജില്ലയുടെയും ചുമതല നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഇരുവരും കോഴിക്കോട് ജില്ലയുടെ പ്രതിനിധികളായതിനാൽ ആ ജില്ലയുടെ ചുമതലയുമുണ്ടാകും. മറ്റ് ജില്ലകളുടെ ചുമതല അതത് ജില്ലയിൽ നിന്നുള്ള മന്ത്രിമാർക്കാണ്. ഒന്നിലേറെ മന്ത്രിമാരുള്ള ജില്ലകളിൽ ആ മന്ത്രിമാർക്കെല്ലാം ചുമതലയുണ്ടാവും. കാസർകോട്, വയനാട് ജില്ലകളിൽ നിന്നു മാത്രമാണ് ഇപ്പോഴത്തെ മന്ത്രിസഭയിൽ മന്ത്രിമാരില്ലാത്തത്.

Advertisement
Advertisement