കേരളത്തിൽ 26 ശതമാനമുള‌ള മുസ്ളീങ്ങൾ മുഴുവനും സംവരണാനുകൂല്യമുള‌ള പിന്നോക്കക്കാർ, ക്രൈസ്‌തവരിൽ ഇത് 20 ശതമാനം മാത്രം, സംവരണ വിവാദങ്ങളിൽ പ്രതികരിച്ച് കെ ടി ജലീൽ

Thursday 27 May 2021 1:56 PM IST

മലപ്പുറം: സംസ്ഥാനത്ത് മദ്രസാദ്ധ്യാപക‌ർക്ക് സർക്കാർ ശമ്പളം നൽകുന്നുവെന്നും ആദ്യ പിണറായി സർക്കാർ നടപ്പാക്കിയ ന്യൂനപക്ഷ ക്ഷേമ പ്രവർത്തനങ്ങൾ എന്തെല്ലാം തുടങ്ങിയ ആക്ഷേപങ്ങളുന്നയിച്ചവർക്ക് മറുപടിയായി ആദ്യ പിണറായി മന്ത്രിസഭയിൽ ന്യൂനപക്ഷ മന്ത്രിയായിരുന്ന കെ.ടി ജലീൽ.

സച്ചാർ കമ്മി‌റ്റി റിപ്പോർട്ടിനെയും അതിന്റെ അടിസ്ഥാനത്തിലുള‌ള പാലോളി കമ്മിറ്റി റിപ്പോർട്ടിലെയും ശുപാർശകൾ ഘട്ടംഘട്ടമായേ ഏതൊരു സർക്കാരിനും നടപ്പാക്കാനാകൂവെന്ന് ജലീൽ ചൂണ്ടിക്കാട്ടുന്നു. ശുപാർശകളിൽ പ്രസക്‌തമെന്ന് തോന്നുന്ന കാര്യങ്ങൾ വി.എസ് സ‌ർക്കാരിന്റെ കാലത്തും തുടർന്ന് വന്ന യുഡിഎഫിന്റെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും അതിന് ശേഷം വന്ന ആദ്യ പിണറായി സർക്കാരിന്റെ കാലത്തും നടപ്പാക്കിയിരുന്നെന്ന് കെ.ടി ജലീൽ പറഞ്ഞു.

മദ്രസാ മാനേജ്‌മെന്റുകളിൽ നിന്ന് സ്വരൂപിക്കുന്ന വിഹിതം ഉപയോഗിച്ചാണ് മദ്രസാദ്ധ്യാപകർക്ക് ആനുകൂല്യങ്ങൾ നൽകുന്നത്.ഏകദേശം 25 കോടിയോളം രൂപ സർക്കാർ ട്രഷറിയിൽ നക്ഷേപിച്ചതിന് പലിശക്ക് പകരമായി ഗവൺമെന്റ് നൽകുന്ന ഇൻസെന്റീവല്ലാത്ത ഒരു ചില്ലിപ്പൈസ പോലും പൊതു ഖജനാവിൽ നിന്ന് മദ്രസ്സാദ്ധ്യാപകർക്ക് ആനുകൂല്യമായി നൽകുന്നില്ലെന്ന് ജലീൽ പറയുന്നു.

കേരളജനസംഖ്യയിൽ 26% വരുന്ന മുസ്ളീങ്ങൾ മുഴുവനും സംവരണാനുകൂല്യമുള‌ള പിന്നോക്കക്കാരാണെങ്കിൽ ക്രൈസ്‌തവരിൽ 20 ശതമാനം മാത്രമാണ് സംവരണത്തിന് അർഹരായ പിന്നോക്ക വിഭാഗക്കാർ. തന്റെ കാലത്ത് നടപ്പാക്കിയ ന്യൂനപക്ഷ പദ്ധതികളെ കുറിച്ചും ഫേസ്‌ബുക്കിൽ കുറിച്ച പോസ്‌റ്റിൽ കെ.ടി ജലീൽ വിശദമായി പറയുന്നുണ്ട്.