രാജ്യത്ത് പ്രതിദിനം ഒരു കോടി വാക്സിനുകൾ ലഭ്യമാക്കും, വാക്സിൻ ക്ഷാമം പരിഹരിക്കാൻ നടപടിയുമായി കേന്ദ്രസർക്കാർ

Thursday 27 May 2021 6:27 PM IST

ന്യൂഡല്‍ഹി: രാജ്യത്തെ വാക്സിൻ ഉത്പാദനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ അവസാനഘട്ടത്തിലെന്ന് നീതി ആയോഗം അംഗം ഡോ.വി.കെ.പോൾ വ്യക്തമാക്കി. പ്രതിദിനം ഒരുകോടി വാക്‌സിനുകള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. നാല് കൊവിഡ് വാക്‌സിനുകള്‍കൂടി ഇന്ത്യയില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു..

രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്‌സിനുകളുടെ 50 ശതമാനവും കേന്ദ്ര സര്‍ക്കാരാണ് സംഭരിക്കുന്നത്. 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുവേണ്ടി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കാനാണിത്. അവശേഷിക്കുന്ന 50 ശതമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ മേഖലയ്ക്കും വാങ്ങാം. സംസ്ഥാനം പണം കൊടുത്ത് വാങ്ങുന്ന വാക്‌സിനുകള്‍ ഏത് വിഭാഗത്തിന് നല്‍കണം എന്നകാര്യം സംസ്ഥാനങ്ങള്‍ക്കുതന്നെ തീരുമാനിക്കാമെന്നും വി.കെ.പോൾ വ്യക്തമാക്കി

വാക്‌സിന്‍ വിതരണം നിര്‍ത്തിവച്ചുവെന്ന പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിദിനം ഒരു കോടി ഡോസ് വാക്‌സിനുകള്‍ ലഭ്യമാക്കാനുള്ള ഒരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. ശരിയായ മുന്നൊരുക്കങ്ങള്‍ നടത്തിയാല്‍ ഏതാനും ആഴ്ചകള്‍കൊണ്ട് അത് സാദ്ധ്യമായേക്കും. 43 ലക്ഷം ഡോസുകള്‍ ഒരു ദിവസം ലഭ്യമാക്കുകയെന്ന ലക്ഷ്യം വിജയിച്ചു. വരുന്ന മൂന്ന് ആഴ്ചകള്‍ക്കകം 73 ലക്ഷം ഡോസുകള്‍ പ്രതിദിനം ലഭ്യമാക്കാന്‍ കഴിയും.

കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന വിഷയത്തില്‍ ഫൈസറുമായി ബന്ധപ്പെട്ടു വരികയാണ്. തീരുമാനം ഉടന്‍ ഉണ്ടാവും . കുട്ടികളിലുള്ള പരീക്ഷണത്തിന് കൊവാക്‌സിനും അനുമതി ലഭിച്ചിട്ടുണ്ട്. നോവാവാക്‌സ് കുട്ടികളില്‍ പരീക്ഷണം നടത്തുന്നസിന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് പദ്ധതിയുണ്ടെന്നും ഡോ. വി.കെ പോള്‍ പറഞ്ഞു.

Advertisement
Advertisement