'ഫോക്കസ്' തെറ്റി ഫോട്ടോഗ്രാഫർമാർ

Friday 28 May 2021 12:20 AM IST

ഫോട്ടോ, വീഡിയോ മേഖല അനിശ്ചിതത്വത്തിൽ

ആലപ്പുഴ: പൊതു, സ്വകാര്യ ചടങ്ങുകൾ വീണ്ടും പേരിലൊതുങ്ങിയതോടെ ഫോട്ടോ, വീഡിയോ മേഖലയിൽ ഉപജീവനം തേടിയിരുന്നവർ പ്രതിസന്ധിയിൽ.

ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷനിൽ അംഗത്വമുള്ള 1200 സ്റ്റുഡിയോകളാണ് ജില്ലയിലുള്ളത്. അംഗത്വം ഇല്ലാത്തവരുടെ എണ്ണം കണക്കാക്കിയിട്ടില്ല.

മേഖലയിൽ തൊഴിലെടുക്കുന്നവരുടെ എണ്ണം 18,000ത്തോളം വരും. മാർച്ച് മുതൽ മേയ് വരെയുള്ള കല്യാണ സീസൺ കഴിഞ്ഞ വർഷവും നഷ്ടപ്പെട്ടിരുന്നു. ആഗസ്റ്റ്, സെപ്തംബർ മാസങ്ങളും പ്രതീക്ഷയുടേതായിരുന്നു. സ്‌കൂളുകൾ തുറക്കാത്തതിനാൽ പാസ്‌പോർട്ട് സൈസ് ഫോട്ടോയെടുപ്പും മുടങ്ങി. ബാങ്കുകളിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും ലക്ഷങ്ങൾ വായ്പയെടുത്ത് വാങ്ങിയ കാമറകളുടെ തിരിച്ചടവും മുടങ്ങി. ഫോട്ടോ, വീഡിയോ ഗ്രാഫർമാർ വീട്ടിലിരിക്കാൻ തുടങ്ങിയതോടെ ഫിനിഷിംഗ് ലാബുകളുടെ പ്രവർത്തനവും അനിശ്ചിതത്വത്തിലായി. ഒരു വിവാഹ ചടങ്ങ് കഴിയുമ്പോൾ 30,000 മുതൽ ഒരുലക്ഷം രൂപ വരെ ഛായാഗ്രഹണത്തിന് ലഭിക്കുമായിരുന്നു. ആഡംബര വിവാഹങ്ങൾക്ക് തുക ഇതിലും കൂടും. അഞ്ചു വിവാഹ ബുക്കിംഗുകൾ വരെ ഈ മാസം റദ്ദാക്കപ്പെട്ടവരുണ്ട്.

കൊവിഡിന്റെ ആദ്യഘട്ടത്തിലും പ്രളയങ്ങളിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സഹായം നൽകിയിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ പൊലീസ് സേനയ്ക്ക് നിരീക്ഷണം നടത്താനായി സംഘടന സൗജന്യമായി ഡ്രോൺ കാമറയും ഓപ്പറേറ്റർമാരുടെ സേവനവും നൽകിയിരുന്നു.

മുറിവാടകയും കാമറയുടെ വായ്പ തിരിച്ചടവും നൽകാൻ കഴിയാതെ സാമ്പത്തിക പ്രതിസന്ധിയിലാണ് ഫോട്ടോഗ്രാഫർമാരും വീഡിയോഗ്രാഫർമാരും. നിലവിലെ പ്രതിസന്ധി മറികടക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം

മനോജ്, സ്റ്റുഡിയോ ഉടമ

Advertisement
Advertisement