സാവകാശം വേണം,​ പൊലീസ് നടപടിയിൽ ആശങ്ക: ട്വിറ്റർ

Thursday 27 May 2021 11:41 PM IST

ന്യൂഡൽഹി: ഐ.ടി മന്ത്രാലയത്തിന്റെ ചട്ടങ്ങൾ നടപ്പാക്കാൻ മൂന്നുമാസം അനുവദിക്കണമെന്നും അതിനുള്ളിൽ ജനങ്ങൾക്ക് ചർച്ച ചെയ്യാൻ അവസരം നൽകണമെന്നും ട്വിറ്റർ ആവശ്യപ്പെട്ടു. ഇന്ത്യയിലെ ജനങ്ങളോട് പ്രതിബദ്ധതയുണ്ട്. മാറ്റങ്ങൾക്ക് തയ്യാറാണ്. ഇന്ത്യൻ സർക്കാരുമായി ചർച്ച തുടരുമെന്നും ട്വിറ്റർ വക്താവ് പറഞ്ഞു.

അതേസമയം ടൂൾ കിറ്റ് കേസിൽ ഡൽഹി പൊലീസ് ഗുഡ്‌ഗാവ് ഓഫീസിൽ വന്നതിനെ ട്വിറ്റർ അപലപിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിന് അവസരം നൽകുമ്പോഴും ഇന്ത്യയിലെ തങ്ങളുടെ ജീവനക്കാർക്ക് ഭീഷണിയാകുന്ന സംഭവങ്ങൾ ഉണ്ടായെന്ന് വക്താവ് ചൂണ്ടിക്കാട്ടി. ആഗോള സേവന നിബന്ധനകൾ നടപ്പാക്കുന്നതിനെതിരായ പൊലീസ് നടപടികളും ഐ ടി നിയമത്തിലെ ചില വസ്തുതകളും സംബന്ധിച്ച് ആശങ്കയുണ്ട്.

ചട്ടമനുസരിച്ച് ഇന്ത്യയിൽ പരാതി പരിഹാരത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാൻ ഗൂഗിളും ഫേസ്ബുക്കും സന്നദ്ധത അറിയിച്ചു. ചട്ടങ്ങൾക്കെതിരെ നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സാപ്പ് ഇന്നലെ ഡൽഹി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. പുതിയ ചട്ടം സന്ദേശങ്ങൾ സുരക്ഷിതമാക്കുന്ന എൻഡ് ടു എൻഡ് എൻക്രിപ്ഷന്റെ പ്രസക്തി ഇല്ലാതാക്കുമെന്നും സന്ദേശങ്ങൾ സ്ഥിരമായി സർക്കാർ ഏജൻസികളുടെ നിരീക്ഷണത്തിലാകുമെന്നുമാണ് വാട്ട്സാപ്പിന്റെ ആശങ്ക.

Advertisement
Advertisement