വാക്‌സിൻ തീർന്നു; വാക്‌സിൻ കേന്ദ്രത്തിൽ പ്രതിഷേധം

Friday 28 May 2021 1:24 AM IST

തിരുവനന്തപുരം: 45 വയസ് കഴിഞ്ഞവർക്കുള്ള രണ്ടാം ഡോസ് വാക്‌സിനെടുക്കാൻ സ്പോട്ട് രജിസ്‌ട്രേഷൻ നടത്തി കാത്തിരുന്നവരെ മരുന്നില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയത് പ്രതിഷേധത്തിനിടയാക്കി. തിരുവനന്തപുരം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിലെ വാക്സിനേഷൻ കേന്ദ്രത്തിലാണ് ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ മുന്നൂറോളം പേർ പ്രതിഷേധിച്ചത്. വാക്സിൻ തീർന്നതിനെ തുടർന്ന് ടോക്കൺ എടുത്തു കാത്തിരുന്നവർക്ക് വാക്സിൻ ലഭിക്കാത്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

കൊവാക്സിനാണ് ഇവിടെ വിതരണം ചെയ്തിരുന്നത്. സെക്കൻഡ് ഡോസിനായി രാവിലെ അഞ്ചു മണിമുതൽ കാത്തുനിന്നവരാണ് പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം ഓൺലൈൻ വഴി രജിസ്‌ട്രേഷൻ നടത്തിയ 600 പേർക്ക് ടോക്കൺ ലഭിച്ചിരുന്നു. എന്നാൽ ഇന്നലെ രാവിലെ എത്തിയ മുന്നൂറ് പേർക്ക് കൂടി സ്പോട്ട് രജിസ്‌ട്രേഷനിലൂടെ ടോക്കൻ നൽകി. ആകെ 900 പേർക്ക് വാക്സിൻ നൽകാനാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഉച്ചയായിട്ടും 600 പേർക്കുള്ള വാക്‌സിൻ മാത്രമേ ലഭിച്ചുള്ളൂ. തുടർന്ന് സ്പോട്ട് രജിസ്‌ട്രേഷൻ നടത്തിയവരോട് മരുന്നെത്തിയിട്ടില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചതോടെയാണ് പ്രതിഷേധം തുടങ്ങിയത്. പുലർച്ചെ മുതൽ കാത്തിരുന്ന തങ്ങളോട് ക്രൂരത കാട്ടിയെന്നാരോപിച്ച് വൃദ്ധർ സഹിതം രംഗത്തിറങ്ങിയതോടെ പ്രതിഷേധം കനത്തു. തുടർന്ന് പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.

45 വയസിന് മുകളിലുള്ളവർക്ക് രണ്ടാം ഡോസ് നൽകുന്ന മറ്റൊരു കേന്ദ്രത്തിൽ നിന്നും അടുത്ത ദിവസം വാക്‌സിൻ സ്വീകരിക്കാൻ അധികൃതർ നിർദ്ദേശം നൽകുകയിരുന്നു. ഉച്ചയ്ക്ക് ശേഷം കൂടുതൽ വാക്സിൻ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അത് എത്താത്തതാണ് ടോക്കൺ നൽകിയവരെ മടക്കിയയ്ക്കാൻ കാരണമായതെന്നുമാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വിശദീകരണം.

Advertisement
Advertisement