'കാരുണ്യ'യ്ക്കായി കാത്ത് തലാസീമിയ രോഗികൾ

Saturday 29 May 2021 12:15 AM IST

കണ്ണൂർ: തലാസീമിയ, സിക്കിൾ സെൽ അനീമിയ രോഗികളെ കാരുണ്യ ബെനവലന്റ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി രോഗികളും ബന്ധുക്കളും ശക്തമായി രംഗത്ത്. ഹീമോഫീലിയ രോഗികളെ മാത്രം ഉൾപ്പെടുത്തി തലാസീമിയ, സിക്കിൾസെൽ അനീമിയ രോഗികളെ പദ്ധതിയിൽനിന്ന് മാറ്റിനിർത്തുകയായിരുന്നു ഇതുവരെ. രണ്ടാം പിണറായി സർക്കാരിൽ ആരോഗ്യമന്ത്രിയായി അധികാരമേറ്റ വീണാ ജോർജ്ജിൽ പ്രതീക്ഷയർപ്പിച്ചിരിക്കുയാണ് ഇത്തരം രോഗികൾ.

അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന കെ.എം. മാണി തലാസീമിയ, സിക്കിൾസെൽ അനീമിയ രോഗികളെ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് പലവട്ടം പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പിലായിരുന്നില്ല. അതിനുശേഷം അധികാരമേറ്റ ഒന്നാം പിണറായി സർക്കാരിന് ഇതു സംബന്ധിച്ച് നിരവധി നിവേദനങ്ങൾ ലഭിച്ചിരുന്നു. നിരവധി രോഗികളാണ് ജീവൻ രക്ഷാമരുന്നുകൾ ലഭിക്കാതെ ഇക്കാലയളവുകളിൽ മരിച്ചത്.

18 വയസ്സിനു താഴെ പ്രായമുള്ള രോഗികൾക്ക് കേന്ദ്രസർക്കാർ പദ്ധതി പ്രകാരം സൗജന്യമായി മരുന്നുകൾ ലഭ്യമാവുന്നുണ്ട്. 18 വയസ്സിനു മുകളിൽ പ്രായമുള്ള രോഗികളുടെ സ്ഥിതിയാണ് അതീവ ദയനീയം.

2016-ലെ ഭിന്നശേഷി ആക്ട് പ്രകാരം ഭിന്നശേഷി വിഭാഗത്തിൽ പെടുന്ന ഈ രോഗികൾക്ക് സൗജന്യ ജീവൻ രക്ഷാമരുന്നിനും വിദഗ്ദ്ധചികിത്സയ്ക്കും അർഹതയുണ്ട്. എന്നാൽ ഈ നിയമം കാറ്റിൽ പറത്തിയാണ് രോഗികൾക്ക് ജീവൻരക്ഷാമരുന്നുകൾ നിഷേധിച്ചുകൊണ്ടിരിക്കുന്നത്. ഇതു കാരണം ഒരു വർഷത്തിനകം പത്തോളം തലാസീമിയ രോഗികളാണ് മരുന്നിന് ഗതിയില്ലാതെ മരിച്ചത്. അതിലേറെയും ബി.പി.എൽ വിഭാഗത്തിൽ പെട്ട ഭിന്ന ശേഷിക്കാരാണെന്ന് കൂടി അറിയുമ്പോഴാണ് സർക്കാരിന്റെ നിസ്സംഗതയുടെ ഭീകരത വ്യക്തമാവുന്നത്.

തലാസീമിയ, സിക്കിൾ സെൽ അനീമിയ പോലുള്ള മാരക രക്ത രോഗികളെ കാരുണ്യ ബെനവലന്റ് ഫണ്ട് ചികിത്സാ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് നിവേദനം നൽകിയിട്ടുണ്ട്. ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്

-കരീം കാരശേരി, സംസ്ഥാന ജനറൽ കൺവീനർ. ബ്ലഡ്‌പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ കേരള

Advertisement
Advertisement