ട്രിപ്പിൾ ലോക്കിൽ പോസിറ്റിവിറ്റി താഴേക്ക്

Friday 28 May 2021 10:39 PM IST

തൃശൂർ: ട്രിപ്പിൾ ലോക്കിട്ട് ജില്ലയെ പൂട്ടിയതോടെ കൊവിഡ് വ്യാപനത്തിന്റെ വേഗം കുറയുന്നു. സംസ്ഥാനത്ത് ഒട്ടാകെ പ്രഖ്യാപിച്ച ലോക് ഡൗണിലും പിടിച്ചു നിറുത്താനാകാതെ വന്നതോടെയാണ് ജില്ലയെ ട്രിപ്പിൾ ലോക്കിട്ട് പൂട്ടിയത്. ഒരവസരത്തിൽ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 34 ശതമാനത്തോളമെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കർശന നിയന്ത്രണം.
നിയന്ത്രണം ഒരു മാസം പൂർത്തിയാക്കാനിരിക്കെ ടി.പി.ആർ നിരക്ക് കുറഞ്ഞു തുടങ്ങിയത് ആശ്വാസം നൽകുന്നു. ബുധനാഴ്ച 20.06 എന്ന പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 18.26ൽ എത്തി. ഇന്നലെ ഒറ്റ പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും ടി.പി.ആർ നിരക്ക് അമ്പത് ശതമാനത്തിന് മുകളിലെത്തിയില്ല. ഒരവസരത്തിൽ പല പഞ്ചായത്തുകളിലും 80 ന് മുകളിൽ വരെ പോസിറ്റിവിറ്റി ഉയർന്നിരുന്നു. ഇന്നലെ കൂടുതൽ പോസിറ്റിവിറ്റി രേഖപ്പെടുത്തിയത് തോളൂരിലാണ് ( 43.08 ശതമാനം ). 1.82 ശതമാനം രേഖപ്പെടുത്തിയ താന്ന്യം പഞ്ചായത്തിലാണ് ഏറ്റവും കുറവ്. ഇവിടെ 55 പേരെ പരിശോധിച്ചതിൽ ഒരാൾക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. തോളൂരിൽ 130 പേരെ പരിശോധിച്ചതിൽ 56 പേർക്കാണ് പോസിറ്റീവായത്.
86 പഞ്ചായത്തുകൾ, കോർപറേഷൻ, മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിൽ നടത്തിയ കൊവിഡ് പരിശോധനയിൽ 10 ഇടങ്ങളിൽ മാത്രമാണ് 30 ശതമാനത്തിൽ മുകളിൽ ടി. പി. ആർ നിരക്കെത്തിയത്. കോർപറേഷൻ പരിധിയിൽ 1010 പേരെ പരിശോധിച്ചതിൽ 163 പേർക്കാണ് രോഗം സ്ഥീരീകരിച്ചത്. ട്രിപ്പിൾ ലോക്കിന്റെ ഫലം പുറത്ത് വരാനുള്ള കാലയളവായതിനാൽ വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം കുറഞ്ഞേക്കുമെന്ന കണക്ക് കൂട്ടലിലാണ് ആരോഗ്യ വകുപ്പ്.
ദിനം പ്രതി പതിനായിരത്തോളം പേരെയെങ്കിലും പരിശോധിക്കണമെന്ന നിർദ്ദേശമാണുള്ളത്. എന്നാൽ 12,000 ഓളം പേരെയെങ്കിലും ഇപ്പോൾ പരിശോധിക്കുന്നുണ്ട്. ഈ മാസം ആദ്യം നാലായിരത്തിന് മുകളിൽ രോഗികളെത്തിയത് ഇപ്പോൾ രണ്ടായിരത്തിൽ താഴെയായി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ട്രിപ്പിൾ ലോക്ക് ഡൗൺ മാറ്റിയത്. സമാനമായ നിയന്ത്രണമാണ് ഭൂരിഭാഗം പഞ്ചായത്തുകളിലും നിലവിലുള്ളത്. പലചരക്ക്, പച്ചക്കറി കടകൾ വരെ ഒന്നിടവിട്ട ദിവസങ്ങളിലാണ് തുറക്കുന്നത്. അതേസമയം, മരണം കൂടുന്നത് ആശങ്ക ഉയർത്തുന്നു. മേയ് മാസത്തിൽ മാത്രം ജില്ലയിൽ ആയിരത്തോളം പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. എന്നാൽ 350 പേരുടെ കണക്ക് മാത്രമാണ് രേഖപ്പെടുത്തിയത്.

മൂന്ന് ദിവസത്തെ പോസിറ്റിവിറ്റി നിരക്ക്

ബുധൻ : 20.26
വ്യാഴം : 18.87
വെള്ളി : 18.26

ഇന്നലെ

  • കൂടുതൽ തോളൂർ... 43.08
  • കുറവ് താന്ന്യം ... 1.82
Advertisement
Advertisement