'ബെൽ' മുഴങ്ങാൻ രണ്ട് ദിനങ്ങൾ

Saturday 29 May 2021 12:00 AM IST

ഓൺലൈൻ ക്ളാസിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

ആലപ്പുഴ: പുതിയ അദ്ധ്യയനവ‌‌ർഷത്തിന് ജൂൺ ഒന്നിന് തുടക്കമാകാനിരിക്കെ, ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി മുൻ വർഷം സംപ്രേഷണം ചെയ്ത ക്ലാസുകൾ ആവശ്യമായ ഭേദഗതി വരുത്തി കൂടുതൽ ആകർഷകമായിട്ടാവും കുട്ടികളിലെത്തിക്കുക. ആദ്യ ആഴ്ച്യിൽ കുട്ടികളിലെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനുള്ള ഇടപെടലുകളാവും ഉണ്ടാവുക. കഴിഞ്ഞ വ‌ർഷത്തെ പഠനത്തെ പുതിയ ക്ലാസുമായി ബന്ധിപ്പിക്കുന്ന ബ്രിഡ്ജ് ക്ലാസുകളൊരുക്കും.

ഡിജിറ്റൽ ക്ലാസ് ലഭ്യമല്ലാത്ത വിദ്യാർത്ഥികൾക്ക് വിവിധ സർക്കാർ പൊതുമേഖല ഏജൻസികൾ, സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവരുടെ ഇടപെടലുകളിലൂടെ ക്ലാസ് ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് തുടങ്ങി. കഴിഞ്ഞ അദ്ധ്യയന വർഷം ഭൂരിഭാഗം ക്ലാസുകളും ചാനൽ അധിഷ്ഠിതമായിരുന്നു. എന്നാൽ ഇത്തവണ സ്കൂൾ തലത്തിലെ അദ്ധ്യാപകർ തന്നെ ഓൺലൈൻ ക്ലാസ് കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കുന്നുണ്ട്. ഇത് ഘട്ടംഘട്ടമായി ക്ലാസ് തലത്തിൽ നടപ്പാക്കും.

പ്രവേശനോത്സവം

വെർച്വൽ

കഴിഞ്ഞ വർഷം അദ്ധ്യയനം ഡിജിറ്റൽ ക്ലാസിലേക്ക് ചേക്കേറിയപ്പോൾ പ്രവേശനോത്സവം നടത്താൻ കഴിഞ്ഞിരുന്നില്ല. ഈ വർഷം കൊവിഡ് പ്രോട്ടോകോൾ പാലിച്ച് സ്കൂൾ തലത്തിലും വിദ്യാർത്ഥികളുടെ ഭവനങ്ങൾ കേന്ദ്രീകരിച്ചും വെർച്വലായി പ്രവേശനോത്സവം നടത്തും. സ്കൂളുകളെ സഹായിക്കുന്നതിന് സമഗ്ര ശിക്ഷ കേരളയുടെയും, കൈറ്റ്, ഡയറ്റ് എന്നീ വിദ്യാഭ്യാസ ഏജൻസികളുടെയും പൂർണ പിന്തുണ ഉറപ്പാക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടർ വി.ആർ ഷൈലയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.

ജൂൺ 1 രാവിലെ 10ന് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ പരിപാടി ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. തുടർന്നു കുട്ടികളുടെ പരിപാടികൾ ഉണ്ടാവും.11 മണിക്ക് ജില്ലയിലെ മുഴുവൻ സ്കൂളുകളിലും പ്രവേശനോത്സവച്ചടങ്ങുകൾ വെർച്ച്വലായി നടക്കും. ജനപ്രതിനിധികൾ, പ്രധാനാദ്ധ്യാപകർ, വിദ്യാഭ്യാസ ഓഫീസർമാർ എന്നിവർ ആശംസകൾ നേരും. കുട്ടികൾ സകുടുംബം പരിപാടികളുടെ ഭാഗഭാക്കാകും. യോഗത്തിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ എ.കെ.പ്രസന്നൻ, ഡയറ്റ് പ്രിൻസിപ്പൽ മിനി ബഞ്ചമിൻ, എസ്.എസ്.കെ ഡി.പി.സി ചാർജ് വഹിക്കുന്ന എ.രജനീഷ്, കെറ്റ് ജില്ലാ കോ-ഓർഡിനേറ്റർ ഋഷിനടരാജൻ, ഡയറ്റ് ഫാക്കൽറ്റികൾ,ഡി.ഇ.ഒ, എ.ഇ.ഒ, ബി.പി.സിമാർ തുടങ്ങിയവ‌ർ പങ്കെടുത്തു.

പാഠപുസ്തക വിതരണം

പുതിയ അദ്ധ്യയന വ‌ർഷത്തിലെ ആദ്യ വാല്യം പാഠപുസ്തകങ്ങളടെ വിതരണം ജില്ലയിൽ അവസാനഘട്ടത്തിലാണ്. 261 സൊസൈറ്റികളിലാണ് പുസ്തകവിതരണം നടക്കുന്നത്. ഇതിനോടകം 916425 പുസ്തകങ്ങൾ വിതരണം ചെയ്തു. പാഠ പുസ്തകത്തിന്റെ അച്ചടിയും വിതരണവും കെ.ബി.പി.എസിനെയാണ് ഏല്പിച്ചിട്ടുള്ളത്

 സംസ്ഥാനത്തെ വിവിധ ഹബ്ബുകളിലും ഹബ്ബുകളായി പ്രവർത്തിക്കുന്ന സ്കൂളുകളിലും കെ.ബി.പി.എസ് പാഠപുസ്തകങ്ങൾ എത്തിക്കുകയും അവിടെ നിന്ന് ചുമതലപ്പെടുത്തിയ കുടുംബശ്രീ യൂണിറ്റുകൾ മുഖേന വിവിധ സ്കൂൾ സൊസൈറ്റികളിൽ പുസ്തകങ്ങൾ എത്തിച്ചു നൽകുകയും ചെയ്യും

പാഠപുസ്തകങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു ഘട്ടംഘട്ടമായി പ്രഥമാദ്ധ്യാപകർ രക്ഷിതാക്കളെ വിളിച്ചുവരുത്തി വിതരണം ചെയ്യും

9,16,425 : ഇ​തി​നോ​ട​കം​ 9,16,425​ ​പു​സ്ത​ക​ങ്ങ​ളാണ്​ ​വി​ത​ര​ണം​ ​ചെയ്തത്​

261 : ജി​ല്ലയി​ൽ 261​
​സൊ​സൈ​റ്റി​ക​ളി​ലാ​ണ് ​
പു​സ്ത​ക​വി​ത​ര​ണം​ ​
ന​ട​ക്കു​ന്ന​ത്

Advertisement
Advertisement