ബസുകൾ 'കട്ടപ്പുറം' റൂട്ടിൽ, ഉടമകളുടെ കാര്യം കട്ടപ്പുക!

Saturday 29 May 2021 12:52 AM IST

സ്വകാര്യബസുകൾ ഓടിയിട്ട് 21 ദിവസം

ആലപ്പുഴ: കൊവിഡിന്റെ രണ്ടാം വരവിലും ആദ്യംതന്നെ കുരുക്കു വീണ സ്വകാര്യ ബസുകൾക്കു നട്ടെല്ലൊന്നു നിവർത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും ദിവസങ്ങളോളം. കഴിഞ്ഞ വർഷത്തെ അടച്ചിടൽ വല്ലാത്ത പ്രതിസന്ധിയാണ് സ്വകാര്യബസ് മേഖലയിൽ ഉണ്ടാക്കിയത്. ഹർത്താലോ മോട്ടോർ വാഹന പണിമുടക്കോ വരുമ്പോൾ മാത്രം വർഷം നാലോ അഞ്ചോ ദിവസം റോഡിൽ നിന്നു വിട്ടുനിന്നിരുന്ന സ്വകാര്യബസുകൾ ഈ മാസം ഇന്നലെ വരെ പൂർത്തിയായപ്പോൾ തുടർച്ചയായ 21-ാം ദിവസമാണ് മുതലാളിമാരുടെ ഷെഡ്ഡിലും പറമ്പിലുമൊക്കെയായി തളർന്നു കിടക്കുന്നത്.

വരുന്ന 31ന് ലോക്ക് ഡൗൺ പൂർണ്ണമായി പിൻവലിച്ചാലും ബസ് യാത്രയ്ക്ക് കർശന നിയന്ത്രണങ്ങളുണ്ടാവും. കഴിഞ്ഞ തവണ ലോക്ക്ഡൗൺ പിൻവലിച്ചപ്പോൾ സ്വകാര്യബസുകളിലും കെ.എസ്.ആർ.ടി.സിയിലും ആദ്യം 50 ശതമാനം സീറ്റുകളിലാണ് യാത്ര അനുവദിച്ചത്. പിന്നീടിത്, യാത്രക്കാരെ നിറുത്തിക്കൊണ്ട് പോകരുത് എന്ന നിബന്ധനയായി. ഈ ഘട്ടങ്ങളൊക്കെ പിന്നിട്ട് ബസുകളിലെ യാത്ര പഴയപടി ആയപ്പോഴാണ് ആകെ ഉലയ്ക്കുംവിധം അതിതീവ്ര കൊവിഡിന്റെ വ്യാപനമുണ്ടായതും ബസുകൾ ഓട്ടം നിറുത്തിയതും.

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുണ്ടായാലും പൊതു ഗതാഗത സംവിധാനങ്ങളെ ഉടൻ ആശ്രയിക്കുന്നവരുടെ എണ്ണം കുറവായിരിക്കുമെന്ന് ഉടമകൾ പറയുന്നു. രോഗഭീതി വിട്ടുമാറുന്നതു വരെ യാത്രക്കാരുടെ എണ്ണം കുറഞ്ഞു നിൽക്കും. ബസുകൾ നിരത്തിലിറക്കുകയും യാത്രക്കാർ കുറഞ്ഞു നിൽക്കുകയും ചെയ്യുമ്പോഴുള്ള അനുപാത വ്യത്യാസം മൂലം വൻ നഷ്ടത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് ഉടമകൾ. ബസുകൾ ഓട്ടം നിറുത്തിയ മേയ് എട്ടിനു ശേഷം ഒരു ലിറ്റർ ഡീസലിന് ഒന്നര രൂപയോളം വർദ്ധിച്ചിട്ടുണ്ട്. ഇക്കാരണത്താൽ ടിക്കറ്റ് നിരക്ക് വർദ്ധനവെന്ന ആവശ്യം സ്വകാര്യബസ് മേഖലയിൽ നിന്നുയരാനും സാദ്ധ്യതയുണ്ട്.

വിറ്റുപോയത് 10 ബസുകൾ

ജില്ലയിൽ 450 സ്വകാര്യ ബസുകളാണ് സർവ്വീസ് നടത്തുന്നത്. ലോക്ക്ഡൗൺ ആരംഭിക്കുന്നതിനു മുമ്പുതന്നെ വരുമാനക്കുറവും ചെലവും 'മത്സരം' തുടങ്ങിയതോടെ പല മുതലാളിമാരും ബസുകൾ തത്കാലം ഓടിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ജില്ലയിലെ പത്തോളം സ്വകാര്യ ബസുകൾ വിറ്റുപോയി. നികുതിയിൽ നിന്നുള്ള താത്കാലിക ഒഴിവിനായി വാങ്ങിയ ജി ഫോമിന്റെ ബലത്തിലാണിപ്പോൾ ഉടമകൾ.

ഭീഷണിയായി തുരുമ്പ്

ഓട്ടം നിലച്ച ബസുകൾ പലതും തുരുമ്പടിച്ചു തുടങ്ങിയിട്ടുണ്ട്. ഇനി അറ്റകുറ്റപ്പണി നടത്തിയ ശേഷമേ ഒട്ടുമിക്കവയും പുറത്തിറക്കാനാവൂ. 15 വർഷം കഴിഞ്ഞ ബസുകൾ സർവീസ് നടത്താൻ പാടില്ലെന്ന നിയമം വന്നതോടെ പലരും 30-50 ലക്ഷം ചെലവഴിച്ച് പുതിയ ബസ് വാങ്ങിയിരുന്നു. ലോണെടുത്ത് ബസ് വാങ്ങിയവർക്ക് ശരാശരി 60,000 രൂപ തിരിച്ചടവുണ്ടാകും.

സ്വകാര്യ ബസിലെ തൊഴിൽ നിറുത്തുകയാണ്. ഇതുമായി മുന്നോട്ട് പോകാനാവില്ല. മറ്റെന്തെങ്കിലും ജോലിക്കുള്ള പരിശ്രമത്തിലാണ്

(ഷെമീർ, സ്വകാര്യ ബസ് ജീവനക്കാരൻ)

സ്വകാര്യ ബസ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ബാങ്ക് ലോൺ ഉൾപ്പെടെ അടയ്ക്കാനാവാതെ ബസ് ഉടമകൾ നട്ടം തിരിയുകയാണ്. ഇനി എത്ര പേർ ഈ മേഖലയിലേക്ക് തിരിച്ചുവരുമെന്ന് അറിയില്ല. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തെ പോലെ നികുതി ഒഴിവാക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം

(പി.ജെ.കുര്യൻ ,ബസ് ട്രാൻസ്പോർട്ട് അസോ.ജില്ലാ പ്രസിഡന്റ്)

Advertisement
Advertisement