ഡൽഹി​യി​ൽ തി​ങ്കളാഴ്ച മുതൽ അൺ​ലോക്കിംഗ്

Saturday 29 May 2021 1:02 AM IST

ന്യൂഡൽഹി​: കൊവി​ഡ് നി​യന്ത്രണവി​ധേയമായ ഡൽഹി​യി​ൽ തിങ്കളാഴ്ച മുതൽ ഘട്ടംഘട്ടമായി അൺലോക്കിംഗ് നടപടികൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പ്രഖ്യാപിച്ചു. ഏപ്രിൽ 19 മുതൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്ന് കൊവിഡ് നിയന്ത്രണ വിധേയമാണിവിടെ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.5ശതമാനമായി കുറഞ്ഞു.

രോഗം നിയന്ത്രണവിധേയമായ സാഹചര്യത്തിൽ ഘട്ടം ഘട്ടമായി ഇളവുകൾ അനുവദിക്കാൻ ഡിസാസ്റ്റർ മാനേജ്മെന്റ് യോഗത്തിൽ തീരുമാനിച്ചതായി കേജ്‌രിവാൾ പറഞ്ഞു. ഇനി ഇളവുകൾ നൽകിയില്ലങ്കിൽ ആളുകൾ പട്ടിണി കിടന്ന് മരിക്കുന്ന സ്ഥിതിയുണ്ടാകും. അതേസമയം ലോക്ക്ഡൗണിലൂടെ ലഭിച്ച നേട്ടങ്ങൾ ഇല്ലാതാകരുത്. അതിനാൽ ഇളവുകൾ ഘട്ടം ഘട്ടമായിട്ടാകും അനുവദിക്കുകയെന്നും കേജ്‌രിവാൾ അറിയിച്ചു. ദിവസക്കൂലിക്കാർ, തൊഴിലാളികൾ, അന്യസംസ്ഥാന തൊഴിലാളികൾ തുടങ്ങിയവർക്കാണ് ആദ്യഘട്ടത്തിൽ ഇളവുകൾ നൽകുക. ഇവർ ജോലി ചെയ്യുന്ന ഫാക്ടറികൾ, നിർമ്മാണ മേഖല, ഉത്പാദന മേഖല എന്നിവയ്‌ക്ക് ഇളവ് അനുവദിക്കും.

വരും ആഴ്ചകളിൽ ജനങ്ങളിൽ നിന്നുള്ള അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ മേഖലകൾ തുറക്കുമെന്നും അതേസമയം കേസുകൾ കൂടിയാൽ വീണ്ടും നിയന്ത്രണം വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യു.പിയും ഇളവ് നൽകിയേക്കും

മേയ് 31വരെ നീളുന്ന ലോക്ക്ഡൗൺ കഴിയുമ്പോൾ ഘട്ടഘട്ടമായി ഇളവുകൾ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ഉത്തർപ്രദേശും. കണ്ടെയ്ൻമെന്റ് സോണുകളിലൊഴികെ പഴം, പച്ചക്കറി, പലവ്യഞ്ജനങ്ങൾ തുടങ്ങിയ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ, പകുതി ആളുകളുമായി ഹോട്ടലുകൾ തുടങ്ങിയവ പ്രവർത്തിക്കാൻ അനുവദിച്ചേക്കും. മാളുകൾക്കും മറ്റും നിയന്ത്രണം തുടരും. രാത്രി കർഫ്യൂ തുടർന്നേക്കും.

Advertisement
Advertisement