സുരേഷ് ​ഗോപിയിൽ മാനവികത തിളങ്ങി നിൽക്കുന്നു, അദ്ദേഹം അധികകാലം വിഷമയമായ അന്തരീക്ഷത്തിൽ തുടരുമെന്ന് കരുതുന്നില്ലെന്ന് എൻ എസ് മാധവൻ

Saturday 29 May 2021 2:12 PM IST

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ സെെബർ ആക്രമണം നേരിടുന്ന പൃഥ്വിരാജിനെ പിന്തുണച്ച സുരേഷ് ​ഗോപിയെ അഭിനന്ദിച്ച് എഴുത്തുകാരൻ എൻ.എസ്. മാധവൻ. സുരേഷ് ​ഗോപിയല്ലാതെ മറ്റൊരു സൂപ്പർ താരവും പൃഥ്വിരാജിനെ പിന്തുണച്ചിട്ടില്ല. അദ്ദേഹം അധികകാലം വിഷമയമായ അന്തരീക്ഷത്തിൽ തുടരുമെന്ന് താൻ കരുതുന്നില്ലെന്നും മാധവൻ ട്വീറ്റ് ചെയ്തു.

സുരേഷ് ​ഗോപിക്ക് രാഷ്ട്രീയം ഉണ്ടെങ്കിലും അദ്ദേഹത്തെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയമൊഴികെ മറ്റെല്ലാം മികച്ചതാണ്. അദ്ദേഹത്തിൽ മാനവികത തിളങ്ങി നിൽക്കുന്നു. മറ്റൊരു സൂപ്പർതാരവും പൃഥ്വിരാജിനെ പിന്തുണച്ചില്ല. അതും സ്വന്തം പാർട്ടിയായ ബി.ജെ.പി തന്നെ സെെബർ ആക്രമണം നടത്തുമ്പോൾ. സുരേഷ് ​ഗോപി അധികകാലം ആ വിഷമയമായ അന്തരീക്ഷത്തിൽ തുടരുമെന്ന് താൻ കരുതുന്നില്ല എന്നും മാധവൻ ട്വിറ്ററിൽ കുറിച്ചു.

പൃഥ്വിരാജിനെതിരെ സെെബർ ആക്രമണം ഉണ്ടായതിനു പിന്നാലെ പരോക്ഷ പ്രതികരണവുമായി സുരേഷ് ​ഗോപി രംഗത്തെത്തിയിരുന്നു. ഓരോ വ്യക്തിക്കും അഭിപ്രായമുണ്ടാവും. അതിന് വിമര്‍ശനങ്ങളുമുണ്ടാവും. എന്നാല്‍ അതിലേക്ക് അച്ഛന്‍, അമ്മ പോലുള്ള വ്യക്തിബന്ധങ്ങളെ വലിച്ചിഴക്കരുത്. അത് മാന്യതയല്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പൃഥ്വിരാജിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.