ആശങ്കയിൽ ഹയർസെക്കൻഡറി അദ്ധ്യാപകർ : മൂല്യനിർണയം, പ്രോട്ടോകോളിൽ തെറ്റുമോ ?

Saturday 29 May 2021 10:34 PM IST

മാള: ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയ ക്യാമ്പ് ജൂൺ 1ന് ആരംഭിക്കാനിരിക്കേ, ക്യാമ്പുകളുടെ എണ്ണം വർദ്ധിപ്പിക്കാത്തതിനാൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കാനാകുമോയെന്ന ആശങ്കയിൽ അദ്ധ്യാപകർ. കൊവിഡ് പ്രോട്ടോകോൾ നിലനിൽക്കുമ്പോഴും ഒരു ക്ലാസ് മുറിയിൽ ശരാശരി 18 അദ്ധ്യാപകർ ഒരേസമയം ഇരുന്ന് മൂല്യ നിർണയം നടത്തേണ്ടി വരുന്നതാണ് ആശങ്കയുണ്ടാക്കുന്നത്. വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായാണ് ക്യാമ്പുകൾ വർദ്ധിപ്പിക്കാറ്. പക്ഷേ ഇപ്രാവശ്യവും പഴയത് പോലെ 26,​447 അദ്ധ്യാപകരെയാണ് 79 ക്യാമ്പുകളിൽ മൂല്യ നിർണയത്തിന് നിയോഗിച്ചിട്ടുള്ളത്. ഇത് പ്രകാരം ഒരു വിദ്യാലയ ക്യാമ്പിൽ ശരാശരി 334 അദ്ധ്യാപകരുണ്ടാകും. ഒരു ക്ലാസ് മുറിയിലത് ശരാശരി 18 പേര് വരും. മൂല്യനിർണയം നടത്തുന്ന അഞ്ച് അദ്ധ്യാപകർക്ക് ഒരു സൂക്ഷ്മ പരിശോധനാ ചീഫ് ഉണ്ടാകും. അത്തരത്തിൽ ഒരു ക്ലാസിൽ മൂന്ന് ടീമാകും ഉണ്ടാകുക. ഒരു അദ്ധ്യാപകൻ ദിവസവും 26 ഉത്തര കടലാസുകൾ മൂല്യ നിർണയം നടത്തണം.

15 അദ്ധ്യാപകർ ചേർന്ന് ഒരു മുറിയിൽ ഇരുന്ന് മൂല്യ നിർണയം നടത്തുന്ന 390 ഉത്തരക്കടലാസിൽ നിന്ന് 20 ശതമാനം ചീഫ് പുനഃപരിശോധന നടത്തണമെന്നാണ് ചട്ടം. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിനും സ്വയം സുരക്ഷ ഉറപ്പാക്കുന്നതിനും ഇന്നത്തെ രീതിയിൽ നിശ്ചയിച്ചിട്ടുള്ള മൂല്യ നിർണയ ക്യാമ്പുകൾക്ക് കഴിയാത്ത അവസ്ഥയാണെന്നാണ് അദ്ധ്യാപകരുടെ വാദം. ജൂൺ 19 വരെയാണ് മൂല്യനിർണയം നടക്കുന്നത്.

അദ്ധ്യാപകരുടെ ആവശ്യം

ക്യാമ്പുകളുടെ എണ്ണം വർദ്ധിപ്പിക്കണം.

ഒരു ക്ലാസ് മുറിയിലെ അദ്ധ്യാപകരുടെ എണ്ണം പരമാവധി 12 ആക്കണം

കൂടുതൽ സബ് സെന്ററുകൾ അനുവദിക്കണം.

വി.എച്ച്.സിയിൽ 3031 അദ്ധ്യാപകർ

വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ എട്ട് മൂല്യ നിർണയ ക്യാമ്പുകളിലേക്ക് 3031 അദ്ധ്യാപകരെയാണ് നിയോഗിച്ചിട്ടുള്ളത്. ശരാശരി ഒരു വിദ്യാലയ ക്യാമ്പിൽ 378 ൽ അധികം അദ്ധ്യാപകരുണ്ടാകും.

Advertisement
Advertisement