ഇന്ത്യ-പാക് വെടിനിറുത്തൽ: അതിർത്തിയിൽ സമാധാനം കൈവരിച്ചുവെന്ന് കരസേനാ മേധാവി

Sunday 30 May 2021 12:11 AM IST

ന്യൂഡൽഹി : നിയന്ത്രണരേഖയിൽ ഇന്ത്യയും പാകിസ്ഥാനും വെടിനിറുത്തൽ തുടരുന്നത് മേഖലയിൽ സമാധാനാവസ്ഥ കൈവരുന്നതിന് കാരണമായെന്ന് കരസേനാ മേധാവി എം.എം. നരവനെ. മൂന്നു മാസമായി വെടിനിറുത്തൽ തുടരുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ ഗതിയിലാകാനുള്ള നീണ്ട പാതയിലെ ആദ്യ ചുവടുവയ്പാണിതെന്നും ഒരു അഭിമുഖത്തിൽ കരസേനാ മേധാവി പറഞ്ഞു.


തീവ്രവാദത്തിനെതിരായ പോരാട്ടം ഇന്ത്യ അവസാനിപ്പിച്ചുവെന്നല്ല വെടിനിറുത്തലിലൂടെ വ്യക്തമാക്കുന്നത്. നിയന്ത്രണരേഖയിലെ തീവ്രവാദ കേന്ദ്രങ്ങളെല്ലാം പാക് സൈന്യം നശിപ്പിച്ചുവെന്ന് കരുതാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ജമ്മു-കാശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമങ്ങളിലും ഭീകരാക്രമണങ്ങളിലുമുണ്ടായ കുറവ് നല്ല അയൽക്കാരനെ സൃഷ്ടിക്കാനുള്ള പാകിസ്ഥാന്റെ ഉദ്ദേശ്യത്തെയാണ് കാണിക്കുന്നത്.


ഭീകരകേന്ദ്രങ്ങൾ തകർക്കുന്നതിൽ പാകിസ്ഥാന് ശേഷിക്കുറവോ താത്പര്യക്കുറവോ ഉണ്ടെന്നിരിക്കിലും അവ ആശങ്ക ഉയർത്തുന്നതാണ്. വിശേഷിച്ചും അഫ്ഗാനിസ്ഥാനിൽ നിന്ന് യു.എസ് സൈന്യത്തെ തിരിച്ചുവിളിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ തീരുമാനിച്ച സാഹചര്യത്തിൽ- നരവനെ പറഞ്ഞു.


ഫെബ്രുവരി 25നാണ് ഇരുരാജ്യങ്ങളും നിയന്ത്രണരേഖയിൽ വെടിനിറുത്തലിന് ധാരണയായത്. അതിന് ശേഷം ഇരുഭാഗത്തുനിന്നും അതിർത്തികടന്നുള്ള വെടിവയ്പുണ്ടായിട്ടില്ല. വെടിനിറുത്തൽ തുടരാൻ ഇന്ത്യ ഒരുക്കമാണെന്നും അത് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ മുന്നോട്ടുനയിക്കുമെന്നും കരസേനാ മേധാവി ചൂണ്ടിക്കാട്ടി.

Advertisement
Advertisement