ബ്ലാക്ക് ഫംഗസ് പ്രതിരോധം; നോഡൽ കേന്ദ്രമായി മെഡിക്കൽ കോളേജ് ആശുപത്രി

Sunday 30 May 2021 1:21 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രോഗമുള്ളവർ, രോഗം ഭേദമായവർ എന്നിവരിൽ ചിലർക്ക് മ്യൂക്കോമൈക്കോസിസ് (ബ്ലാക്ക് ഫംഗസ്) കണ്ടെത്തിയ സാഹചര്യത്തിൽ രോഗബാധയെ പ്രതിരോധിക്കാൻ സുസജ്ജമായി ജില്ലാ ഭരണകൂടം. കൊവിഡ്, കൊവിഡാനന്തര രോഗികളിലെ ബ്ലാക്ക് ഫംഗസ് ബാധ ചികിത്സിക്കുന്നതിന് തിരുവനന്തപുരം മെഡിക്കൽ കോളേജിനെ നോഡൽ സെന്ററായി പ്രവർത്തിപ്പിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ചികിത്സയിലുള്ള കൊവിഡ് രോഗികളിൽ മ്യൂക്കോമൈക്കോസിസ് ബാധിച്ചവർക്കായി 10 കിടക്കകളും കൊവിഡ് രോഗം ഭേദമായവരിൽ മ്യൂക്കോമൈക്കോസിസ് ബാധിച്ചവർക്കായി 30 കിടക്കകളും ഇവിടെ സജ്ജമാക്കും. പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലാ മെഡിക്കൽ ഓഫീസുമായി ചേർന്ന് പ്രവർത്തിക്കാൻ ഒരു നോഡൽ ഓഫീസറെ നിയമിക്കും. മെഡിക്കൽ കോളേജിലെ വിവിധ ആരോഗ്യ വിഭാഗങ്ങളിലെ ഡോക്ടർമാർ അടങ്ങുന്ന ഒരു വിദഗ്ദ്ധസമിതിയെ രൂപീകരിച്ച് രോഗപ്രതിരോധത്തിനുവേണ്ട മരുന്നുകൾ, മറ്റു സൗകര്യങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Advertisement
Advertisement