ലോക്ക് ഡൗൺ ഇളവുകൾ വന്നു, ജനം കൂടുതലായി നിരത്തിൽ

Sunday 30 May 2021 1:55 AM IST

തിരുവനന്തപുരം: സമ്പൂർണ ലോക്ക് ഡൗണിന്റെ 21ാം ദിവസം ഇളവ് പ്രഖ്യപിച്ചതോടെ ജനങ്ങൾ കൂടുതലായി നഗരത്തിലേക്കിറങ്ങി. ഇലക്ട്രോണിക് സാധനങ്ങൾ വിൽക്കുന്ന കടകൾ, കണ്ണാടിക്കടകൾ,​ മൊബൈൽ കടകൾ എന്നിവ ഇന്നലെ ഇളവുകളുടെ ഭാഗമായി തുറന്നുപ്രവർത്തിച്ചതോടെയാണ് തിരക്ക് കൂടിയത്. മൊബൈൽ ഫോൺ കടകൾക്ക് ഇളവ് പ്രഖ്യാപിച്ചത് വലിയ ആശ്വാസമായെന്നാണ് ജനങ്ങളുടെ പ്രതികരണം. പൊലീസ് പരിശോധനകൾ വേണ്ടത്രയില്ലാത്തതിനാൽ കടകളിലെ സാമൂഹ്യ അകലവും പേരിന് മാത്രമായി. കനത്ത മഴയിലും കാറ്റിലും ഇടിമിന്നലിലും പല വീടുകളിലെയും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും മറ്റും കേടുപാടുണ്ടായി. കടകൾ ഇത്രയും ദിവസത്തിന് ശേഷം തുറന്നതുകൊണ്ട് ഇത് നന്നാക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് പലരും.

പൊതുഗതാഗതമില്ലാത്തതിനാൽ സ്വന്തം വാഹനങ്ങളിൽ കൂട്ടത്തോടെ നഗരത്തിലേക്കിറങ്ങിയത് നഗരത്തിലെ പ്രധാന പ്രദേശങ്ങളിൽ ചെറിയ ഗതാഗതക്കുരുക്കിനും കാരണമായി. ഇന്നലെ തിരക്ക് വർദ്ധിച്ചതോടെ പല സ്ഥലങ്ങളിലും ട്രാഫിക് സിഗ്നലുകളുടെ പ്രവർത്തനം പുനരാരംഭിച്ചു. തിരക്ക് കൂടിയതിനെ തുടർന്ന് വരും ദിവസങ്ങളിൽ കടകളിലും റോഡുകളിലും കർശന പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Advertisement
Advertisement