ഭക്തരെ കണ്ണീരിലാഴ്‌ത്തി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ദർശിനി ചരിഞ്ഞു

Sunday 30 May 2021 1:58 AM IST

തിരുവനന്തപുരം: ഭക്തരെ കണ്ണീരിലാഴ്‌ത്തി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പിടിയാന ദർശിനി ചരിഞ്ഞു. ആറാട്ടിനും ഉത്സവ ശീവേലിക്കും വർഷങ്ങളായി അകമ്പടി സേവിച്ച ആന രോഗബാധിതയായി ചികിത്സയിലായിരുന്നു

ഇന്നലെ രാത്രി പത്തോടെയാണ് ചരിഞ്ഞത്. മൂത്രസംബന്ധമായ അണുബാധ പ്രശ്‌നങ്ങൾ അട്ടിയിരുന്ന ദർശിനിക്ക് കഴിഞ്ഞ ദിവസമാണ് രോഗം മൂർച്ഛിച്ചത്. മരുന്നുകൾ ഫലം കണ്ടു തുടങ്ങിയെങ്കിലും രോഗം പൂർണമാകാൻ അഞ്ചുദിവസത്തെ കാലാവധി ഡോക്ടർമാർ നിശ്ചയിച്ചിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത വിടവാങ്ങൽ.

അസുഖത്തെ തുടർന്ന് ഭജനപ്പുര കൊട്ടാരം വളപ്പിലായിരുന്നു ദർശിനിയെ പാർപ്പിച്ചിരുന്നത്. ഇന്ന് രാവിലെ ആനയെ മറവ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കും. നാട്ടാന പരിപാലന നിയമപ്രകാരം വനംവകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തേണ്ടതുണ്ട്. ഇതിനുശേഷം ക്ഷേത്രം അധികൃതർ തീരുമാനിക്കുന്ന സ്ഥലത്ത് മൃതദേഹം മറവുചെയ്യും. ഏകദേശം 45 വർഷം മുമ്പ് ശ്രീചിത്തിര തിരുനാൾ ബാലവർമ്മ മഹാരാജാവാണ് ക്ഷേത്രത്തിലേക്ക് ദർശിനിയെ വാങ്ങിയത്. പ്രശസ്‌ത ആനരോഗ ചികിത്സകനായ ഡോ. ഈശ്വരനായിരുന്നു ദർശിനിയെ ചികിത്സിച്ചിരുന്നത്. ഖരപദാർത്ഥങ്ങൾ കഴിക്കാൻ പറ്റുന്ന അവസ്ഥയിലല്ലാത്തതിരുന്നതിനാൽ ആന്റി ബയോട്ടിക്‌സിനൊപ്പം ദ്രവരൂപത്തിലുള്ള ആഹാരമാണ് നൽകിയിരുന്നത്. 1966ൽ വനത്തിൽ നിന്നാണ് ദർശിനിയെ ലഭിച്ചത്. കൂടെ രണ്ട് പിടിയാനക്കുട്ടികൾ കൂടിയുണ്ടായിരുന്നു.

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി ചുമതലയേറ്റ സമയമായതിനാൽ ഇന്ദിര, പ്രിയ, ദർശിനി എന്നിങ്ങനെ മൂന്ന് ആനകൾക്കും പേരിട്ടു. ദർശിനിയെക്കണ്ട് ഇഷ്ടപ്പെട്ട ചിത്തിര തിരുനാൾ ക്ഷേത്രത്തിലേക്ക് ദർശിനിയെ വാങ്ങുകയായിരുന്നു.

Advertisement
Advertisement