പാലായിൽ ഇനി തേനും പാലും ഒഴുകും

Monday 31 May 2021 12:00 AM IST

പാലായിൽ ഇടതു മുന്നണി സർക്കാർ എന്തു വികസന പദ്ധതികൾ പ്രഖ്യാപിച്ചാലും അതിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാൻ കാപ്പനും ജോസും മത്സരിച്ച് കളത്തിലിറങ്ങുന്ന കാഴ്ചയാണിപ്പോൾ.

കേരളകോൺഗ്രസ് - എം ചെയർമാൻ ജോസ് കെ. മാണി നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പാലായിൽ പൊതു പ്രവർത്തനത്തിൽ സജീവമാണ് . കൊവിഡ് വ്യാപനപ്രശ്നത്തിലും മഴക്കെടുതിയിലുമെല്ലാം ഒരു ജനപ്രതിനിധിയെപ്പോലെ ഇടപെടുന്നു . ഇടതു മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷിയുടെ നേതാവായ ജോസ് പാലാ വികസനത്തിന് ആകുന്നതൊക്കെ ചെയ്യാനുള്ള ശ്രമത്തിലാണെന്നും എന്നാൽ അതിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള മറു തന്ത്രങ്ങളുമായി എം.എൽ.എ മാണി സി. കാപ്പൻ രംഗത്തെത്തുന്നുവെന്നുമാണ് പരാതി.

എല്ലാം താൻ കൊണ്ടുവന്നതാണെന്ന് അവകാശപ്പെടാൻ വിവിധ പദ്ധതികൾ ആവശ്യപ്പെട്ട് മന്ത്രിമാർക്ക് കത്തയച്ച്‌ കോപ്പിയെടുത്ത് വയ്ക്കാനാണ് കാപ്പന്റെ നീക്കമെന്നാണ് ജോസിന്റെ ആരോപണം . രണ്ടു പേരും പാലായുടെ വികസനത്തിന് മത്സരിച്ച് ഇറങ്ങിയതോടെ പാലാ ഇനി തേനും പാലും ഒഴുകുന്ന കാനാൻ ദേശമാകുമോ എന്നാണ് നാട്ടുകാരുടെ സംശയം. ജോസിന്റെ മന്ത്രി റോഷി അഗസ്റ്റിന് ജലസേചന വകുപ്പ് ലഭിച്ചതോടെ ഈ വകുപ്പുമായി ബന്ധപ്പെട്ട വികസന പദ്ധതികൾ പാലായിലെത്തിക്കാനുള്ള ആലോചന ജോസ് വിഭാഗം തുടങ്ങിയിട്ടുണ്ട്. ചില പ്രഖ്യാപനങ്ങൾ മന്ത്രി നടത്തിയതോടെ അത് നമ്മൾ നേരത്തേ പ്രഖ്യാപിച്ചതാണെന്ന് പ്രസ്താവന ഇറക്കി കാപ്പനും കളത്തിലിറങ്ങി.

പാലായ്ക്ക് സമഗ്ര ജലസേചന പദ്ധതി അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് കാപ്പൻ നേരത്തേ കത്ത് നൽകിയിരുന്നു . അതാണ് മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിക്കാനൊരുങ്ങുന്നതെന്നാണ് കാപ്പൻ പറയുന്നത്. 'സമഗ്ര റോഡ് വികസനം, സമഗ്ര ആരോഗ്യ വികസനം' എന്നിങ്ങനെ വിവിധ വകുപ്പുകളിലേയ്ക്ക് കാപ്പൻ കത്ത് നൽകിയിട്ടുണ്ട്. ജോസിന്റെ പാർട്ടി പാലായിൽ ഓരോ വികസന പദ്ധതി പ്രഖ്യാപിക്കുമ്പോഴും അതേക്കുറിച്ചുള്ള മുൻകൂർ കത്തിന്റെ കോപ്പി പുറത്തിറക്കിയുള്ള കളി തുടരുമെന്ന് പ്രതീക്ഷിക്കാം.

ഒന്നേകാൽ വർഷം ഇടതു എം.എൽ.എ ആയിരുന്ന കാലത്ത് 400 കോടിയുടെ വികസനം പാലായിൽ താൻ കൊണ്ടുവന്നെന്നു യു.ഡി.എഫ് പ്രവേശന പ്രഖ്യാപന വേദിയിൽ കാപ്പൻ പറഞ്ഞിരുന്നു. ഇടതു മുന്നണി കേരളത്തിന്റെ വികസനം ഇല്ലാതാക്കിയെന്ന് പ്രതിപക്ഷനേതാവ് ഐശ്വര്യ കേരളയാത്രയിൽ പ്രസംഗിച്ച വേദിയിലായിരുന്നു ഈ പ്രഖ്യാപനം. 15000 വോട്ടിന് ജയിക്കുമെന്ന് പ്രചാരണത്തിന്റെ തുടക്കം മുതൽ കാപ്പൻ പറഞ്ഞതും പാലാക്കാർ വിശ്വസിച്ചു. ജോസാകട്ടെ ജയിക്കുമെന്നല്ലാതെ ഭൂരിപക്ഷത്തെക്കുറിച്ചൊന്നും മിണ്ടിയില്ല. പറഞ്ഞതു പോലെ പതിനയ്യായിരത്തിന്റെ ലീഡും പാലാക്കാർ കാപ്പനു നൽകി. ജോസിന്റെ കാലും വാരി.

ആലിൻകാ പഴുക്കുമ്പോൾ കാക്കയ്ക്ക് വായ് പുണ്ണെന്നു പറഞ്ഞതു പോലായി ഇപ്പം കാര്യങ്ങൾ . ജോസ് ജയിച്ചിരുന്നെങ്കിൽ നല്ല വകുപ്പു കിട്ടുന്ന മന്ത്രിയായേനെ. കാപ്പൻ ഇടതു മുന്നണിയിൽ നിന്നു ജയിച്ചിരുന്നെങ്കിലും പാലാക്ക് ഒരു മന്ത്രിയെ കിട്ടിയേനേ. ഇടതു മുന്നണി അധികാരത്തിൽ വന്നപ്പോൾ ജോസ് തോറ്റു. കാപ്പൻ ജയിച്ചപ്പോൾ യു.ഡി.എഫ് തോറ്റു. പവനായി ശവമായെന്നു പറഞ്ഞതു പോലെ കടിച്ചതും പിടിച്ചതും ഇല്ലെന്ന് പറഞ്ഞതു പോലായി ....

.

.

.

Advertisement
Advertisement