വീണ്ടും പെരുമഴക്കാലം; ഉറപ്പല്ല കുതിരാൻ

Sunday 30 May 2021 10:46 PM IST

തൃശൂർ: ഇടവപ്പാതി തിമിർത്തു പെയ്യുമെന്ന മുന്നറിയിപ്പ് പുറത്തുവരുമ്പോഴും അനാസ്ഥയിൽ കുടുങ്ങി ഇഴഞ്ഞു നീങ്ങുകയാണ് ദേശീയപാതയുടെയും കുതിരാൻ തുരങ്കത്തിന്റെയും നിർമ്മാണം. ജൂൺ അവസാന ആഴ്ചയിലെങ്കിലും ഒരു തുരങ്കം തുറക്കാനാകുമെന്ന പ്രതീക്ഷ മാത്രമാണ് ബാക്കി. ഉറപ്പുകൾ അനവധി പാഴായിട്ടും അനങ്ങാപ്പാറയായി നിലകൊള്ളുകയാണ് ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും. ഇന്ന് ഒരു തുരങ്കം തുറക്കാമെന്ന ദേശീയപാത അതോറിറ്റി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലവും പാഴായി. ഹൈക്കോടതിയുടെ നിരന്തരമായ ഇടപെടൽ കാരണമാണ് തുരങ്ക നിർമാണം ഇത്രയെങ്കിലും പൂർത്തിയായത്.

2021 ഏപ്രിൽ 30ന് മുൻപ് തുരങ്കം ഉൾപ്പെടെ ദേശീയപാത നിർമാണം പൂർത്തിയാക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. ഇല്ലെങ്കിൽ, കരാർ കമ്പനിക്കെതിരെ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. പിന്നീട് കൊവിഡ് വ്യാപനം കാരണം ഒരു മാസം കൂടി കരാർ കമ്പനി ആവശ്യപ്പെടുകയായിരുന്നു. ആ സമയമാണ് ഇപ്പോൾ അവസാനിച്ചത്. നിർമ്മാണകരാർ ഒപ്പിട്ട് പന്ത്രണ്ടാം വർഷമാണിത്.

വീണ്ടും ആധികളുടെ മഴക്കാലം

കഴിഞ്ഞ മഴക്കാലങ്ങളിൽ വൻ ഗതാഗതക്കുരുക്കും മണ്ണിടിച്ചിലും അപകടങ്ങളുമാണ് കുതിരാനിലും ദേശീയപാതയിലുമുണ്ടായത്. രണ്ട് പ്രളയങ്ങളിലും വൻ ഗതാഗത പ്രതിസന്ധിയാണ് തൃശൂർ - പാലക്കാട് ദേശീയപാതയിലുണ്ടായത്. പൊലീസിനും ഭരണകൂടത്തിനും നിസംഗതയോടെ നോക്കിനിൽക്കേണ്ടി വന്നു. കഴിഞ്ഞ ആഴ്ചകളിൽ പെട്ടെന്ന് നിർമ്മാണം നടന്നിരുന്നെങ്കിലും തുടർച്ചയായ മഴ തടസമായി. ഈ സാഹചര്യത്തിൽ ജൂൺ മാസത്തിലെ പെരുമഴയിൽ എങ്ങനെ നിർമ്മാണം തുടരാനാകുമെന്ന ചോദ്യമാണ് ഉയരുന്നത്.

പ്രതിസന്ധികൾ

പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കം 95 ശതമാനവും പൂർത്തിയായെങ്കിലും വാഹനങ്ങൾ കടത്തി വിടാനാകുന്നില്ല.
സുരക്ഷാ പരിശോധന നടക്കാത്തതിനാൽ ദേശീയപാതയിൽ കുതിരാനിലും പട്ടിക്കാടും മാത്രം ആറുവരിയില്ല
കിഴക്കേ തുരങ്കത്തിൽ 50 മീ. ഉയരത്തിലെ മണ്ണ് നീക്കം ചെയ്‌തെങ്കിലും കോൺക്രീറ്റിംഗ് പൂർത്തിയായിട്ടില്ല
തുരങ്കത്തിനുള്ളിലെ അഗ്‌നി സുരക്ഷാ ജോലികളും പരിശോധനകളും മുഴുവനായും പൂർത്തിയായിട്ടില്ല.

പ്രതീക്ഷകൾ

ദേശീയപാത അതോറിറ്റിയുടെ ഉദ്യോഗസ്ഥരും അഗ്‌നിസുരക്ഷാ ഉദ്യോഗസ്ഥരും രണ്ടാഴ്ചയ്ക്കുള്ളിൽ പരിശോധനയ്‌ക്കെത്തും.
മഴയും മണ്ണിടിച്ചിലും തടസം സൃഷ്ടിച്ചില്ലെങ്കിൽ ജൂണിൽ പരിശോധന പൂർത്തിയാക്കി ഒരു തുരങ്കം തുറക്കാനായേക്കും.
ഒരു തുരങ്കം തുറന്നാൽ കുതിരാൻ മേഖല കടക്കാൻ മൂന്ന് മിനിറ്റ് മതിയാകും


ലക്ഷ്യങ്ങൾ പാതിവഴിയിൽ

മണ്ണുത്തി വടക്കഞ്ചേരി ദൂരം: 28.5 കി. മീ.
തുരങ്കവും ദേശീയപാത ആറു വരിക്കും കരാർ ഒപ്പിട്ടത്: 2009 ആഗസ്റ്റ് 24ന്.
കുതിരാൻ തുരങ്കപാതയുടെ നീളം: 945 മീറ്റർ.

Advertisement
Advertisement