സിനിമാത്തൊഴിലാളികൾക്ക് തുണയേകാൻ സിനിമാ ചലഞ്ച്

Monday 31 May 2021 12:07 AM IST

കൊച്ചി: കൊവിഡ് പ്രതിസന്ധിയിൽ വരുമാനം നിലച്ച് ദുരിതത്തിലായ സിനിമയിലെ അടിസ്ഥാന തൊഴിലാളികളെ സഹായിക്കാൻ സിനിമാ ചലഞ്ചുമായി നിർമ്മാതാവ്. പ്രതിഫലം വാങ്ങാതെ മുൻനിര അഭിനേതാക്കളും സാങ്കേതികപ്രവർത്തകരും കൈകോർത്താൽ ഒരു മാസം കൊണ്ട് സിനിമ പൂർത്തിയാക്കി ഒ.ടി.ടി പ്‌ളാറ്റ്‌ഫോമിൽ പ്രദർശിപ്പിച്ച് ലഭിക്കുന്ന വരുമാനം വിഷമത്തിലായ തൊഴിലാളികളെ രക്ഷിക്കാൻ വിനിയോഗിക്കാമെന്നാണ് നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ഷിബു ജി. സുശീലന്റെ നിർദേശം. സാമ്പത്തികമായി തകർന്ന ഡബിംഗ് ആർട്ടിസ്റ്റ് റൂബി ബാബു ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിൽ, സേവ് സിനിമാ വർക്കേഴ്‌സ് എന്ന ടാഗിലെ ചലഞ്ച് ചർച്ചയ്ക്ക് ചൂടുപിടിച്ചു..

ചലഞ്ച് ഇങ്ങനെ

നല്ല കഥകൾ തിരഞ്ഞെടുപ്പ് ഏഴ് ചെറുസിനിമകൾ കോർത്തിണക്കി ഒരു സിനിമ നിർമ്മിക്കുക. ഏഴു വീതം സംവിധായകർ, ഛായാഗ്രാഹകർ, എഡിറ്റർമാർ, സംഗീതസംവിധായകർ അണിനിരക്കുക. ഏഴു യൂണിറ്റുകളെ ഉപയോഗിച്ച് ഒരേസമയം ചിത്രീകരിച്ചാൽ ഏഴു ദിവസത്തിനകം പൂർത്തിയാകും. പ്രതിഫലമില്ലാതെ അഭിനയിക്കാൻ മുൻനിരതാരങ്ങൾ തയ്യാറാകണം. ചിത്രീകരണത്തിന് മുമ്പും ശേഷവുമുള്ള ജോലികൾ പ്രതിഫലം കൂടാതെ ചെയ്യണം. മുൻനിരതാരങ്ങൾ അണിനിരക്കുന്ന സിനിമ വാങ്ങാൻ ഒ.ടി.ടി കമ്പനികൾ തയ്യാറാകും. പത്തു കോടി രൂപ വരെ സിനിമയ്ക്ക് ലഭിക്കാം. നിർമാണച്ചെലവ് കഴിഞ്ഞുള്ള തുക പ്രതിസന്ധി നേരിടുന്ന സാധാരണ തൊഴിലാളികൾക്കും ചെറിയ വേഷങ്ങളിൽ അഭിനയിക്കുന്നവർക്കും നൽകുന്നത് വലിയ ആശ്വാസമാകും.

ആശയം മാത്രമല്ല ഷിബു മുന്നോട്ടുവയ്ക്കുന്നത്. പ്രാഥമികച്ചെലവുകൾക്ക് പത്തു ലക്ഷം രൂപ നൽകാനും തയ്യാർ. പിന്നീട് തിരികെ നൽകിയാൽ മതി. ചലച്ചിത്ര സാങ്കേതികപ്രവർത്തകരുടെ സംഘടനയായ ഫെഫ്കയോ മറ്റു സംഘടനകളോ മുൻകൈയെടുക്കണം.

'ജീവിക്കാൻ ബുദ്ധിമുട്ടുന്ന നിരവധി പേരെ നേരിട്ടറിയാം. മരുന്നിന് മുതൽ കുട്ടികളെ പഠിപ്പിക്കാൻ വരെ ക്‌ളേശിക്കുന്നവരുണ്ട്. വിശദമായി ചർച്ച ചെയ്ത് മുന്നോട്ടുപോയാൽ സിനിമ നിർമ്മിച്ച് വിറ്റഴിക്കാൻ കഴിയും. താരങ്ങളും സാങ്കേതിക പ്രവർത്തകരുമാണ് മുൻകൈ എടുക്കേണ്ടത്.'.

- ഷിബു ജി. സുശീലൻ

നിർമ്മാതാവ്

Advertisement
Advertisement