ചോക്സിയെ ഇന്ത്യക്ക് വിട്ടുകിട്ടിയേക്കും കേസ് ബുധനാഴ്ച പരിഗണിക്കും

Monday 31 May 2021 12:00 AM IST

സെന്റ് ജോണ്‍സ്: ഇന്ത്യയിൽ വായ്പാത്തട്ടിപ്പു നടത്തി നാടുവിട്ട വജ്രവ്യാപാരി മെഹുൽ ചോക്സിയെ നാടുകടത്തുന്നത് സംബന്ധിച്ച ഉത്തരവ് കോടതി ബുധനാഴ്ച വരെ നീട്ടി. കരീബിയൻ രാജ്യമായ ആന്റിഗ്വയിൽ കഴിയുന്നതിനിടെ മുങ്ങി ക്യൂബയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ചോക്സിയെ ഡൊമിനിക്കയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനിടെ ഡൊമിനിക്കയിലെ ജയിലില്‍നിന്നുള്ള മെഹുൽ ചോക്സിയുടെ ദൃശ്യങ്ങള്‍ ആന്‍റിഗ്വയിലെ മാദ്ധ്യമങ്ങൾ പുറത്തു വിട്ടു. ദൃശ്യങ്ങളിൽ ചോക്സിയുടെ കണ്ണിനും കൈകൾക്കും പരിക്കേറ്റിട്ടുണ്ട്. ചോക്സിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെന്നും കൊവിഡ് ഫലം നെഗറ്റീവ് ആണെന്നും റിപ്പോർട്ടുണ്ട്.

ചോക്സിയെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്ത് തടങ്കലിൽ വച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ അഭിഭാഷകൻ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്കിയിട്ടുണ്ട്. ഇത് കോടതി ബുധനാഴ്ച പരിഗണിക്കും. വിധി വരുന്നതുവരെ ചോക്സിയെ രാജ്യത്തിനു പുറത്തേക്കു വിടുന്നതു ഡൊമിനിക്കന്‍ സുപ്രീം കോടതി വിലക്കിയിട്ടുണ്ട്.

ചോക്സിയെ വിട്ടുകിട്ടാൻ ശ്രമങ്ങൾ ഊർജ്ജിതമാക്കി ഇന്ത്യ

വായ്പത്തട്ടിപ്പു നടത്തി ഇന്ത്യയിൽനിന്നു മുങ്ങിയ മെഹുൽ ചോക്സിയെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി ഇന്ത്യ. ഇതിനായി ഇന്ത്യയിൽനിന്നുള്ള ചാർട്ടേഡ് വിമാനം ഡൊമിനിക്കയിൽ എത്തിയതായി റിപ്പോർട്ടുകളുണ്ട്. ശനിയാഴ്ച രാവിലെയാണ് ഡൽഹിയിൽനിന്നുള്ള ബിസിനസ് ജെറ്റ് ഡൊമിനികയിൽ ലാൻഡ് ചെയ്തതെന്നാണ് വിവരം. കൂടാതെ ചോക്സിയെ നാടുകടത്താൻ ആവശ്യമായ രേഖകൾ ഇന്ത്യ ഡൊമനിക്കയിലേക്ക് അയച്ചിട്ടുണ്ട്. ചോക്സി കുറ്റക്കാരനാണെന്ന് സൂചിപ്പിക്കുന്ന കേസ് ഫയലുകളാണ് ഡൊമിനക്കയിലേക്ക് അയച്ചതെന്ന് സി.ബി.ഐ, ഇ.ഡി വൃത്തങ്ങൾ അറിയിച്ചു. ചോക്സി ഇന്ത്യയിൽ നിന്ന് ഒളിച്ചോടിയ

ആളാണെന്ന് സ്ഥിരീകരിക്കാൻ ഇന്ത്യൻ സർക്കാർ ചില രേഖകൾ അയച്ചിട്ടുണ്ടെന്നും അടുത്ത കോടതി ഹിയറിംഗിൽ ഈ രേഖകൾ ഉപയോഗപ്പെടുത്താൻ കഴിയുമെന്നും ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ പ്രതികരിച്ചു

Advertisement
Advertisement